| Friday, 8th July 2022, 11:18 am

'വ്യോമയാന ഡയറക്റ്ററേറ്റിന് ട്രാന്‍സ്‌ഫോബിയ'; ആദം ഹാരിക്ക് പൈലറ്റ് ലൈസന്‍സ് നിഷേധിച്ചതില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് കത്ത് നല്‍കി എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ട്രാന്‍സ്മാന്‍ ആദം ഹാരിക്ക് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വ്യോമയാന മന്ത്രി ജ്യോദിരാദിത്യ സിന്ധ്യക്ക് എ.എ. റഹീം എം.പി കത്തയച്ചു.

കേരളത്തില്‍ നിന്നുള്ള ട്രാന്‍സ്മാനായ ആദമിന് നേരത്തെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് പൈലറ്റ് പ്രൈവറ്റ് ലൈസന്‍സ് ലഭിച്ചിരുന്നു. കൊമേഴ്ഷ്യല്‍ പൈലറ്റാകാനുള്ള പരിശീലനത്തിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ ചേരാന്‍ കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പും നല്‍കിയിരുന്നു.

എന്നാലിപ്പോള്‍ ആദം ഹാരിക്ക് വ്യോമയാന ഡയറക്ടറേറ്റ് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍- ഡി.ജി.സി.എ) സ്റ്റുഡന്റ് പൈലറ്റാവാനുള്ള ലൈസന്‍സ് നിഷേധിച്ചിരിക്കുകയാണ്. മെഡിക്കല്‍ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആദമിന് ലൈസന്‍സ് നിഷേധിച്ചിരിക്കുന്നത് എന്നാണ് ഡി.ജി.സി.എയുടെ വാദം.

ഈ വിഷയത്തിലാണ് എ.എ. റഹീം കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. പ്രസ്തുത വിഷയത്തില്‍ വ്യോമയാന മന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും ആദം ഹാരിക്ക് ഉടന്‍ തന്നെ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നല്‍കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.

ഇത്തരം അവകാശ നിഷേധങ്ങള്‍ നടക്കാതിരിക്കാന്‍ വ്യോമയാന മന്ത്രാലയവും ഡയറക്റ്ററേറ്റും കാലോചിതമായ നയമാറ്റങ്ങള്‍ വരുത്തണമെന്നും എം.പി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

കത്ത് നല്‍കിയ വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെയും എ.എ. റഹീം പുറത്തുവിട്ടിട്ടുണ്ട്.

”ആദം ഹാരിക്കെതിരായ ഡി.ജി.സി.എയുടെ ട്രാന്‍സ്‌ഫോബിക് ട്രീറ്റ്‌മെന്റിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്ത് നല്‍കി. മന്ത്രി ഇതില്‍ ഒരു തിരുത്ത് വരുത്തുമെന്നും ട്രാന്‍സ് വ്യക്തികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഡി.ജി.സി.എയുടെ പോളിസികളില്‍ മാറ്റം വരുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്,” എ.എ. റഹിം ട്വീറ്റ് ചെയ്തു.

കത്തിന്റെ പകര്‍പ്പും ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് അനുകൂലമായി സുപ്രീംകോടതി പ്രസ്താവിച്ചിട്ടുള്ള വിധികള്‍ക്കും, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കും വിരുദ്ധമാണ് വ്യോമയാന ഡയറക്ടറേറ്റിന്റെ നടപടിയെന്നും അത് തീര്‍ത്തും അശാസ്ത്രീയമാണെന്നും നേരത്തെ തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

വ്യോമയാന ഡയറക്ടറേറ്റിന്റെ ട്രാന്‍സ്‌ഫോബിക് കാഴ്ചപ്പാടാണ് ഇത് വെളിവാക്കുന്നതെന്നും പ്രതികരണങ്ങളുണ്ടായിരുന്നു.

Content Highlight: AA Rahim MP wrote letter to central aviation minister Jyotiraditya Scindia regarding transphobic attitude towards transman Adam Harry

We use cookies to give you the best possible experience. Learn more