ഒ. ബേബിയില്‍ കാണിക്കുന്നത് ഫെയ്‌സ്ബുക്ക് യൗവ്വനതെയല്ല, ഇന്‍സ്റ്റാഗ്രാം തലമുറയെയാണ്; സമീപകാലത്ത് കണ്ട മികച്ച ചിത്രമെന്ന് എ.എ. റഹീം
Film News
ഒ. ബേബിയില്‍ കാണിക്കുന്നത് ഫെയ്‌സ്ബുക്ക് യൗവ്വനതെയല്ല, ഇന്‍സ്റ്റാഗ്രാം തലമുറയെയാണ്; സമീപകാലത്ത് കണ്ട മികച്ച ചിത്രമെന്ന് എ.എ. റഹീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th June 2023, 1:47 pm

രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബിയെ പ്രശംസിച്ച് എ.എ. റഹീം എം.പി. സമീപ കാലത്ത് കണ്ട മികച്ച ചലച്ചിത്രങ്ങളില്‍ ഒന്നാണ് ഒ. ബേബിയെന്നും പുതിയ തലമുറയെ ശരിക്കും പഠിച്ചാണ് സംവിധായകന്‍ ചിത്രമെടുത്തിരിക്കുന്നതെന്നും റഹീം പറഞ്ഞു. ആണ്‍ പെണ്‍ ബന്ധങ്ങളുടെ ഊഷ്മളത പ്രണയവും കാമവും മാത്രമല്ലെന്ന ന്യൂ ജെന്‍ സവിശേഷതകള്‍ രഞ്ജന്‍ പ്രമോദ് നന്നായി നിരീക്ഷിക്കുകയും തന്റെ ഈ സിനിമയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നും റഹീം പറഞ്ഞു. രഞ്ജന്‍ പ്രമോദ് ഒ. ബേബിയില്‍ കാണിക്കുന്നത് ഫേസ്ബുക്ക് യൗവ്വനതെയല്ലെന്നും പുരോഗമനകരമായ സാമൂഹ്യ ചിന്തകളുള്ള ഇന്‍സ്റ്റാഗ്രാം തലമുറയെയാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ റഹീം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രഞ്ജന്‍ പ്രമോദിന്റെ ഒ. ബേബി സമീപകാലത്തു കണ്ട മികച്ച ചലച്ചിത്രങ്ങളില്‍ ഒന്നാണ്. ദിലീഷ് പോത്തന്‍ നായകനായ ചിത്രത്തില്‍ ഏതാണ്ട് എല്ലാ കഥാപാത്രങ്ങളും ഒരുപോലെ ഗംഭീര പ്രകടനം നടത്തിയിരിക്കുന്നു. ഒ. ബേബി മുതല്‍ അയാളുടെ നായ വരെ ചിത്രത്തിലെ സകല കഥാപാത്രങ്ങളും അസ്സലായിട്ടുണ്ട്. മനോഹരമായ മേക്കിങ്. നല്ല എഡിറ്റിങ്. അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥപറച്ചില്‍.

കാടിന്റെ വന്യതയിലും, എസ്റ്റേറ്റ് മുതലാളിയോടുള്ള അഗാധമായ വിധേയത്വത്തിലുമാണ് ബേബി ജീവിക്കുന്നത്. ബേബി കറുത്തവനാണ്, ജാതിയില്‍ താണവനാണ്, നല്ല വിധേയനുമാണ്, പക്ഷേ നിഷ്‌കളങ്കമായ ആ വിധേയത്വം ജാതിയെന്ന പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. പാതി തളര്‍ന്നുപോയ വലിയ മുതലാളിയില്‍ മാത്രമല്ല, തളരാത്ത അയാളുടെ മക്കളിലും ജാതി എന്ന അശ്ലീല ബോധം, വീല്‍ചെയറില്‍ ഇരിക്കുന്ന വലിയ മുതലാളിയുടെ കോടിയ ചുണ്ടുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന സ്രവം പോലെ നുരഞ്ഞു കവിയുന്നുണ്ട്.

പക്ഷേ ആ അപ്പാപ്പന്റെ പേരക്കുട്ടികള്‍, ഇന്‍സ്റ്റാഗ്രാം തലമുറ, അവര്‍ പൊളിയാണ്. സ്‌നേഹത്തിന്റെയും കരുതലിന്റെയും ചിരിയാണ് അവരുടെ ചുണ്ടുകളില്‍. ബേബി മകനോട് ചോദിക്കുന്നുണ്ട്, നിനക്ക് മിനിയോട് പ്രേമമാണോ? ബേസില്‍ അച്ഛനോട് പറയുന്ന മറുപടി,’അച്ഛാ ഞങ്ങള്‍ കട്ട ഫ്രണ്ട്‌സാണ്’ ആണ്‍ പെണ്‍ ബന്ധങ്ങളുടെ ഊഷ്മളത പ്രണയവും കാമവും മാത്രമല്ല. ന്യൂ ജെന്‍ അക്കാര്യത്തില്‍ തെളിച്ചമുള്ള നിലപാടുള്ളവരാണ്. പുതിയ തലമുറയുടെ ഇത്തരം സവിശേഷതകള്‍ രഞ്ജന്‍ പ്രമോദ് നന്നായി നിരീക്ഷിക്കുകയും തന്റെ ഈ സിനിമയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഡി.വൈ.എസ്.പിയുടെ മുന്നില്‍ ബേസിലും മിനിയും സ്‌ട്രെയ്റ്റായി നിലപാട് പറയുന്നുണ്ട്.

ഏത് എസ്റ്റാബ്ലിഷ്മെന്റിന്റെയും മുന്‍പില്‍ തല ഉയര്‍ത്തി നില്ക്കാന്‍ പ്രാപ്തിയുള്ള കൗമാരത്തെയാണ് ഒ. ബേബിയില്‍ കാണാന്‍ കഴിയുന്നത്. സൗഹൃദവും സംരംഭവും ഒക്കെയുള്ള നല്ല ബന്ധങ്ങള്‍ അവര്‍ക്കിടയില്‍ ഇന്നുണ്ട്. ഒരുമിച്ചു യാത്രപോകും, ഒരുമിച്ചു ഭാവി പ്ലാന്‍ ചെയ്യും, ചിലപ്പോള്‍ ഒരുമിച്ചു ജീവിക്കും. ആരോഗ്യകരവും ഊഷ്മളവുമായ ആണ്‍ പെണ്‍ സൗഹൃദങ്ങളുടെ ന്യൂ ജെന്‍ പതിപ്പിനെ തന്റെ സിനിമയില്‍ സംവിധായകന്‍ പകര്‍ത്തിയിട്ടുണ്ട്.

രഞ്ജന്‍ പ്രമോദ് ഒ. ബേബിയില്‍ കാണിക്കുന്നത് ഫേസ്ബുക്ക് യൗവ്വനതെയല്ല, ഇന്‍സ്റ്റാഗ്രാം തലമുറയെയാണ്. കൂടുതല്‍ പുരോഗമനകരമായ സാമൂഹ്യ ചിന്തകള്‍ അവരിലുണ്ട്. മിനിയ്ക്ക് കറുമ്പനായ ബേസിലിനോട് കൂട്ടുകൂടാന്‍ അവന്റെ നിറവും ജാതിയും തടസമാകുന്നില്ല. ബേസില്‍ ബേബിയെ പോലെ വിധേയനാകുന്നുമില്ല, അപകര്‍ഷതാബോധത്തില്‍ നിന്നും അവന്റെ തലമുറ പുറത്തുവന്നിരിക്കുന്നു. തലയുയര്‍ത്തി നില്‍ക്കുന്ന ബേസില്‍, ബേബിയില്‍ പരിവര്‍ത്തനത്തിന്റെ വെളിച്ചം പകരുന്നു.

ജാതിബോധം ഒരു വലതുപക്ഷ മാലിന്യമാണ്. വലതുപക്ഷ പിന്തിരിപ്പന്‍ ആശയമാണത്. അത് ജാതിയില്‍ മാത്രം ഒതുങ്ങുന്നില്ല. ആര്‍ത്തി, എല്ലാം സ്വന്തമാക്കാനുള്ള ദുരമൂത്ത മനസിലാണ് ജാതിബോധവും ജനിച്ചു ജീവിക്കുന്നത്. രക്തബന്ധങ്ങള്‍ക്കുമപ്പുറം ആര്‍ത്തിയെന്ന വികാരവും അവരുടെ മനസുകളില്‍ ജീവിക്കുന്നു. മണ്ണിനും സ്വത്തിനും വേണ്ടിയുള്ള യാത്രയില്‍ ഉറ്റവരാല്‍ കൊല്ലപ്പെട്ട നാളിതുവരെയുള്ള എല്ലാ മനുഷ്യരുടെയും ശവമഞ്ചങ്ങള്‍ക്ക് അരികിലാണ് ഒ. ബേബി അവസാനിക്കുന്നത്. പക്ഷേ അന്ത്യകൂദാശയ്ക്കിടയിലും ന്യൂ ജെന്‍ ശബ്ദം മുഴങ്ങുന്നുണ്ട്. അപ്പാപ്പാ, ആ കല്യാണം നടക്കില്ല. അവനെ എനിക്കിഷ്ടമല്ല. നമ്മുടെ കൗമാരകക്കാര്‍ പൊളിയാണ്, നിലപാടുള്ളവരാണ്.

Content Highlight: AA Rahim MP Praises O Baby movie