| Wednesday, 7th December 2022, 10:22 pm

'വിറ്റഴിക്കേണ്ട, ഞങ്ങള്‍ നോക്കിനടത്തിക്കോളാം'; എച്ച്.എല്‍.എല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് എ.എ.റഹീം പാര്‍ലമെന്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ്(എച്ച്.എല്‍.എല്‍) വിറ്റഴിക്കാതെ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് എ.എ. റഹീം എം.പി. പാര്‍ലമെന്റില്‍.

എച്ച്.എല്‍.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും സ്വത്തുക്കളും കേരളത്തിന് തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ സംസ്ഥാനത്തെ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം പര്‍ലമെന്റില്‍ ഉന്നയിച്ചു.

‘രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് വിറ്റഴിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യരുത്. പൊതുമേഖലയുടെ പുരോഗതി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് കേരളത്തിലെ എച്ച്.എല്‍.എല്‍ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

ആ സാഹചര്യം കണക്കിലെടുത്ത്, കേന്ദ്രത്തിന്റെ കൈവശം വെക്കാത്ത സംസ്ഥാനത്തിന്റെ പൊതുമേഖലാ യൂണിറ്റായി (പി.എസ്.യു) എച്ച്.എല്‍.എല്‍ നിലനിര്‍ത്താന്‍ കേരളത്തിന് അവകാശമുണ്ട്,’ എ.എ. റഹീം എം.പി പറഞ്ഞു.

എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍

രാജ്യത്ത് ലൈഫ്‌കെയര്‍ ഉത്പന്നങ്ങളുടെ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നതാണ് എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ എന്ന പൊതുമേഖലാ സ്ഥാപനം. തിരുവനന്തപുരത്താണ് ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ ആസ്ഥാനം.
കേന്ദ്രസര്‍ക്കാരിന് 51 ശതമാനം ഓഹരിയാണ് ഇവിടെയുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5375 കോടി രൂപയായിരുന്നു കമ്പനിയുടെ ടേണ്‍ ഓവര്‍. 145 കോടിയായിരുന്നു ലാഭം.

എച്ച്.എല്‍.എല്ലിന്റെ ആസ്ഥാനത്തിന് പുറമെ നാല് ഫാക്ടറികളും സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്. 1969 ലാണ് കമ്പനി ആരംഭിച്ചത്. സ്ഥാപനത്തിന് പൊതുതാത്പര്യം കണക്കിലെടുത്ത് വെറും ഒരു രൂപ വാങ്ങിയാണ് 19 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയത്.

Content Highlight:  AA Rahim M.P. In Parliament, should not sell the Public Sector Undertaking Hindustan Latex Limited (HLL) to the state government

We use cookies to give you the best possible experience. Learn more