കോഴിക്കോട്: ബി.ബി.സി ഓഫീസുകളില്‍ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡില്‍ വിമര്‍ശനവുമായി എ.എ. റഹീം എം.പി. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ വന്ന അദാനിയുടെ കമ്പനിയില്‍ റെയ്ഡുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ നിയന്ത്രിക്കേണ്ട ഇ.ഡിയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ആ പണി ചെയ്യാതെ നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ കയ്യിലെ വാടക ഗുണ്ടകളെ പോലെ പ്രവര്‍ത്തിക്കുന്നത് ശരിയാണോയെന്നും മീഡിയ വണ്‍ ചര്‍ച്ചയില്‍ അദ്ദേഹം ചോദിച്ചു.
‘ബി.ബി.സി വളരെ പ്രബലമായ മാധ്യമമാണ്. അവര്‍ക്ക് പോലും വിമര്‍ശിക്കാനുള്ള അവകാശമില്ല. അവരുടെ സ്ഥിതി ഇതാണെങ്കില്‍ നിങ്ങളുടെ സ്ഥിതി എന്താകുമെന്ന് രാജ്യത്തെ മാധ്യമങ്ങളോട് ഒരു ഏകാധിപതി ചോദിക്കുകയാണ്. ഇതാണ് പ്രശ്‌നം. ഇത് അസാധാരണവും അപകടകരവുമായ അന്തരീക്ഷമാണ്.
എന്തിനാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ്. അതാണ് ഗൗരവ സ്വഭാവത്തില്‍ ആലോചിക്കേണ്ടത്. രാജ്യത്ത് മോദി അധികാരത്തില്‍ വന്നപ്പോള്‍ കള്ളപ്പണക്കാര്‍ക്ക് എതിരായ സമരം പ്രഖ്യാപിച്ചുകൊണ്ടാണ് അധികാരത്തില്‍ വരുന്നതെന്നാണ് എല്ലാവരും പറഞ്ഞത്.