നൂഹ്: ഹരിയാനയിലെ കലാപം ആസൂത്രിതമാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹിം. എം.പി. സംഘര്‍ഷം എന്ന് ലഘൂകരിച്ച് പറയാന്‍ സാധിക്കാത്ത കാഴ്ചകളും അനുഭവങ്ങളുമാണ് അവിടെയുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഹരിയാനയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ സകലതും നഷ്ടപ്പെട്ട മനുഷ്യര്‍ തങ്ങളുടെ മുന്നില്‍ പൊട്ടിക്കരഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
‘കരള്‍ പിളര്‍ക്കുന്ന കാഴ്ചകളാണ് ഹരിയാനയിലെ നൂഹ് ജില്ലയില്‍. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം എന്ന് ലഘൂകരിച്ച് പറയാന്‍ കഴിയാത്ത കാഴ്ചകള്‍, അനുഭവങ്ങള്‍. വളരെക്കാലമായി, കലാപം ലക്ഷ്യം വെച്ചുള്ള വിദ്വേഷപ്രചരണം സംഘപരിവാര്‍ അഴിച്ചുവിട്ടിരുന്നു. ആസൂത്രിതമായിരുന്നു ഈ കലാപം.
കലാപത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ജില്ലാഭരണകൂടം ബുള്‍ഡോസറുകളുമായി എത്തി, നിരപരാധികളായ മുസ്‌ലിങ്ങളുടെ സ്വത്തുവകകള്‍ ഇടിച്ചുനിരത്തി. സകലതും നഷ്ടപ്പെട്ട മനുഷ്യര്‍ ഞങ്ങളുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു.
ഹരിയാനയിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ആദ്യത്തെ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധി സംഘമാണ് ഞങ്ങളുടേത്. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം
നീലോത്പല്‍ ബസു, വി. ശിവദാസന്‍ എം.പിയും ഞാനും അടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.
സന്ദര്‍ശനം തുടരുന്നു,’ റഹിം ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ നൂഹ്, ഗുരുഗ്രാം എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.ഐ നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് തടഞ്ഞു നിര്‍ത്തിയതെന്നായിരുന്നു പൊലീസിന്റെ വാദം. സി.പി.ഐ രാജ്യസഭ എം.പി ബിനോയ് വിശ്വം, ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, സന്തോഷ് കുമാര്‍ എം.പി, ദരിയ സിങ് കശ്യപ് എന്നീ നേതാക്കളെയാണ് അന്ന് തടഞ്ഞു നിര്‍ത്തിയത്.
എന്നാല്‍ ഗുണ്ടകള്‍ക്കും അക്രമികള്‍ക്കും യഥേഷ്ടം പോകാമെന്നും ജനാധിപത്യ വിശ്വാസികളെ തടഞ്ഞു നിര്‍ത്തുകയാണെന്നും സംഭവത്തിന് പിന്നാലെ ബിനോയ് വിശ്വം പ്രതികരിക്കുകയും ചെയ്തിരുന്നു.
കലാപം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ നൂഹില്‍ നിരവധി വീടുകളും കെട്ടിടങ്ങളുമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ച് നൂഹിലെ സഹറ റസ്റ്റോറന്റ് ഞായറാഴ്ച പൊളിച്ച് നീക്കിയിരുന്നു.
കലാപം നടന്ന നൂഹില്‍ നിന്നും 20 കി.മി അകലെയുള്ള തൗരുവിലെ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന കുടിലുകളും നേരത്തെ പൊളിച്ച് നീക്കിയിരുന്നു. ഹരിയാനയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ചാണ് 250 കുടിലുകള്‍ പൊളിച്ചുനീക്കിയത്.
നൂഹില്‍ ബജ്റംഗ്ദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രക്ക് പിന്നാലെയാണ് ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ ഇതുവരെ ഒരു പുരോഹിതനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്.
content highlights: AA RAHIM AND CPIM LEADERS VISIT HARIYANA