| Thursday, 20th August 2020, 2:16 pm

വിവാദങ്ങള്‍ക്ക് പിറകെ പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ട ചിലതുണ്ട്, പി.എസ്.സി വിവാദത്തില്‍ എ.എ റഹീം സംസാരിക്കുന്നു

രോഷ്‌നി രാജന്‍.എ

പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദങ്ങളാണ് നിലനില്‍ക്കുന്നത്. തസ്തികകളിലേക്കുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും ക്രമം തെറ്റിയുള്ള നിയമനങ്ങള്‍ നടത്തുകയും താല്‍ക്കാലിക നിയമനങ്ങള്‍ നടത്തി സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്നാണ് പി.എസ്.സിക്ക് നേരെ ഉയരുന്ന പ്രധാന ആരോപണങ്ങള്‍. പി.എസ്.സി സംബന്ധമായ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുകയാണ് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം.

അഭിമുഖം: രോഷ്‌നി രാജന്‍-എ.എ റഹീം

പി.എസ്.സിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങളോട് എങ്ങിനെ പ്രതികരിക്കുന്നു?

പി.എസ്.സിയില്‍ കൃത്യമായ നിയമനങ്ങള്‍ നടക്കുന്നുണ്ട്. റാങ്ക് ലിസ്റ്റുകള്‍ വരുന്നുണ്ട്, പരീക്ഷ നടക്കുന്നുണ്ട്, പുതിയ റാങ്ക്ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്, നിയമനങ്ങളും ഇടതടവില്ലാതെ നടക്കുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പോലും പതിനായിരത്തോളം നിയമനങ്ങള്‍ നടന്നിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് ഒഴിവിന് ആനുപാതികമായിട്ടല്ല. ഒഴിവുകള്‍ നികത്തുന്നതിന് ആവശ്യമായ ആളുകളേക്കാള്‍ കൂടിയ എണ്ണം റാങ്കുകളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. മുന്‍പെല്ലാം റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ തന്നെ മറ്റ് കാരണങ്ങളാല്‍ പുറത്തുപോവുമായിരുന്നു. അതുവഴി ലിസ്റ്റില്‍ പുറകിലുള്ളവര്‍ക്ക് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ പുറത്തുപോവുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്.

യു.ഡി.എഫാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് വെറുതെ വിചാരിക്കുക, ഒരു ഉദാഹരണം പറയുകയാണെങ്കില്‍, എല്‍.പി, യു.പി തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കൊന്നും ജോലി ലഭിക്കുമായിരുന്നില്ല. സ്‌കൂളുകളില്‍ പുതിയ തസ്തികകള്‍
ഉണ്ടാവുമായിരുന്നില്ല. നിലവിലുള്ള അധ്യാപകര്‍ക്കുപോലും ജോലി നഷ്ടപ്പെടുന്ന സാഹചര്യമായിരിക്കും ഉണ്ടാകുക.

പി.എസ്.സി വഴി നിരവധി പേര്‍ക്ക് ജോലി കൊടുക്കാന്‍ കഴിഞ്ഞു എന്നത് എല്‍.ഡി.എഫ് വന്നതുകൊണ്ടു മാത്രം ഉണ്ടായ മാറ്റമാണ്. സബ് ഇന്‍സ്പെക്ടര്‍ തസ്തികകളില്‍ നാല്‍പതിലധികം തസ്തിക റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഈ തസ്തികയിലേക്ക് നിരവധി പേര്‍ക്കാണ് ഇതിനോടകം നിയമനവും നടന്നു കഴിഞ്ഞിട്ടുണ്ട്.

പി.എസ്.സി വിവാദങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ടല്ലോ. പി.എസ്.സി വിഷയം സംബന്ധിച്ച് എം.ബി രാജേഷ് ഓണ്‍ലൈനില്‍ നടത്തിയ പ്രതികരണത്തിന് താഴെ ഡിസ്ലൈക്ക് ക്യാമ്പയിനും നടന്നിരുന്നു. ഇതിനെ എങ്ങിനെയാണ് കാണുന്നത്?

ഒരു മുഖ്യധാരാ മാധ്യമത്തില്‍ പി.എസ്.സിയുമായി ബന്ധപ്പെട്ടുള്ള പരമ്പരയില്‍ പല ഉദ്യോഗാര്‍ത്ഥികളും വിഷമം പറയുന്നതായി കണ്ടു. എന്നാല്‍ ആ കേസുകള്‍ എടുത്തുനോക്കിയാല്‍ നിയമനവുമായി ബന്ധപ്പെട്ട വസ്തുതകളെ മറച്ചുവെക്കുന്നു എന്നാണ് മനസ്സിലാവുക.

ഉദാഹരണത്തിന് നാല് റാങ്ക് ലിസ്റ്റുകളില്‍ വരെ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിച്ചില്ലെന്നാണ് ഒരാള്‍ പരാതിപ്പെടുന്നത്. എന്നാല്‍ ആ ഉദ്യോഗാര്‍ത്ഥി സപ്ലിമെന്ററി റാങ്ക്ലിസ്റ്റിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ രോഷപ്രകടനം നടത്തിയേക്കാം. എന്നാല്‍ അതെല്ലാം യാഥാര്‍ത്ഥ്യമാവണമെന്നില്ല. എം.ബി രാജേഷിന്റെ പോസ്റ്റിന് താഴെ നിരവധി ഡിസ്ലൈക്കുകള്‍ ഉണ്ടായി എന്നുള്ളത് ശരിയാണ്. എന്നാല്‍ അതിന് പിന്നില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സംഘടിതമായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.

ഉദ്യോഗാര്‍ത്ഥികളില്‍ പലരും ഇത്തരം പാര്‍ട്ടിക്കാര്‍ ഷെയര്‍ ചെയ്ത് വിടുന്ന വ്യാജവാര്‍ത്തകള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ കാണുന്നവരാണ്. ഈ വാര്‍ത്തകള്‍ അവരെ സ്വാധീനിക്കും. ജോലി ലഭിക്കുമെന്ന് കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒഴിവുകള്‍ക്ക് ആനുപാതികമായിട്ടല്ല കേരളത്തില്‍ റാങ്ക് ലിസ്റ്റുകള്‍ ഇടുന്നത് എന്നാണ് ഇവര്‍ മനസ്സിലാക്കേണ്ടത്.

യു.പി.എസ്.സിയും മജിസ്ട്രേറ്റ് ടെസ്റ്റുമെല്ലാം ഒഴിവുകള്‍ക്കനുസരിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നവരാണ്. 50 ഒഴിവുകള്‍ ഉണ്ടെങ്കില്‍ 50 പേരെ ലിസ്റ്റില്‍ കാണുകയുള്ളൂ. എന്നാല്‍ പി.എസ്.സിയില്‍ അത്് സാധ്യമല്ല. സംവരണവുമായി ബന്ധപ്പെട്ട നിയമനങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി പി.എസ്.സിക്കുള്ളത് ഒരു വലിയ ലിസ്റ്റ് ആയിരിക്കും. എല്ലാവര്‍ക്കും ജോലി ലഭിക്കണമെന്നില്ല. ചില തസ്തികകളിലേക്ക് മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ. പി.എസ്.സിയില്‍ നിയമനങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയണമെങ്കില്‍ അതിനുള്ള അളവുകോല്‍ ഒഴിവുകള്‍ എത്ര ബാക്കിയുണ്ട് എന്ന് അന്വേഷിക്കുക എന്നതാണ്.

ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകണ്ട പത്തനംതിട്ടയില്‍ നിന്നുള്ള നിയമനം കാത്തുനില്‍ക്കുന്നതായി പറഞ്ഞ എല്‍.ഡി ക്ലാര്‍ക്ക് ഉദ്യോഗാര്‍ത്ഥി 500 റാങ്കുകള്‍ക്ക് പുറകില്‍ നില്‍ക്കുന്ന ആളായിരുന്നു. പത്തനംതിട്ടയില്‍ നിന്നുള്ള മുന്‍കാലങ്ങളിലെ നിയമനങ്ങള്‍ പരിശോധിക്കട്ടെ അപ്പോള്‍ മനസ്സിലാവും ഏത് സര്‍ക്കാറിന്റെ കാലത്തും ഇത്രയും നിയമനം നടന്നിട്ടില്ല എന്നത്. ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ജനങ്ങളെ സ്വാധീനിക്കുമല്ലോ.

തൊഴിലില്ലായ്മ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്താണ് പി.എസ്.സി നിയമനങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്ന ആരോപണവും ഉണ്ടാവുന്നത്. ഇത് കേരളത്തിലെ യുവാക്കളെ വലിയ രീതിയില്‍ ബാധിക്കില്ലേ?

തൊഴിലില്ലായ്മ ഒരു പ്രശ്നമാണ്. അത് രാജ്യത്തെ സംബന്ധിച്ചുള്ള വലിയ പ്രതിസന്ധി തന്നെയാണ്. ഈ കൊവിഡിന്റെ പശ്ചാത്തലത്തിലും കൂടുതല്‍ പേര്‍ തൊഴില്‍രഹിതരായി മാറി എന്നത് വാസ്തവമാണ്. തൊഴില്‍ ലഭിക്കാത്തതില്‍ യുവാക്കള്‍ നിരാശപ്പെടുന്നു എന്നതിലും കാര്യമുണ്ടായിരിക്കാം. എന്നാല്‍ അതിനെ രാഷ്ട്രീയമായി എങ്ങനെ ഉപയോഗിക്കാം എന്നതാണ്് കോണ്‍ഗ്രസും മറ്റും, പി.എസ്.സി വിഷയത്തിലൂടെ ചെയ്യുന്നത്. പക്ഷേ വസ്തുതകള്‍ ആരും പരിശോധിക്കുന്നില്ല എന്നതാണ് ഗുരുതരമായ പ്രശ്നം.

കേരളത്തിലെ ഒരു ഉദ്യോഗാര്‍ത്ഥിയെ സംബന്ധിച്ച് യു.പി.എസ്.സി വഴി ഒരു നിയമനവും നടക്കുന്നില്ല, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വഴിയും ഒരു സാധ്യതയുമില്ല, ഞാനൊന്നു ചോദിക്കട്ടെ, ബി.എസ്.എന്‍.എല്ലില്‍ ഇനി ആര്‍ക്കെങ്കിലും ജോലി ലഭിക്കുമോ, റെയില്‍വേയില്‍ ജോലി കിട്ടുമോ. ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച് ആകെയുള്ളൊരു വാതില്‍ നിലവില്‍ പി.എസ്.സി മാത്രമാണ്. മുമ്പെല്ലാം ഉദ്യോഗാര്‍ത്ഥികള്‍ യു.പി.എസ്.സിയും സ്റ്റാഫ്സെലക്ഷനുമെല്ലാം ജോലി കിട്ടി പി.എസ്.സി റാങ്ക്ലിസ്റ്റില്‍ നിന്ന് പോവുമ്പോള്‍ ലിസ്റ്റില്‍ പുറകിലുള്ളവരെ പരിഗണിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്ന് അതല്ലല്ലോ സ്ഥിതി.

പി.എസ്.സി എഴുതുന്നവരുടെ എണ്ണം കൂടി എന്നുള്ള കാര്യവും വിമര്‍ശിക്കുമ്പോള്‍ പരിഗണിക്കേണ്ടതാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളത്. ബി.എസ്.എന്‍.എല്ലില്‍ കൂട്ടപിരിച്ചുവിടല്‍ നടക്കുമ്പോഴും, തിരുവന്തപുരം വിമാനത്താവളം വില്‍ക്കുമ്പോഴുമൊന്നും തൊഴില്‍ നഷ്ടപ്പെടുന്നവരുടെ കാര്യത്തില്‍ ഇല്ലാത്ത വേവലാതിയാണ് പലര്‍ക്കും ഈ വിഷയത്തിലുള്ളത്. ഈ വാതിലുകളെല്ലാം അടയുന്നവര്‍ പി.എസ്.സിയെയാണ് ആശ്രയിക്കുന്നത്. രാജ്യത്ത് ഒരു പൊതുമേഖലാ സ്ഥാപനം പൂട്ടുമ്പോള്‍ അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴിലില്ലാതാവുന്നതിന് കാരണം പി.എസ്.സി മാത്രമല്ല.

തസ്തികളിലേക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികളും പ്രതിപക്ഷവും ഒരേരീതിയില്‍ ഉന്നയിക്കുന്നത്. താല്‍ക്കാലികനിയമനങ്ങളുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ നിലനില്‍ക്കുന്നു. യുവരാഷ്ട്രീയ പ്രതിനിധി എന്ന നിലയില്‍ ഇത്തരം ആരോപണങ്ങളെ എങ്ങനെ മറികടക്കാനാകുമെന്നാണ് താങ്കള്‍ കരുതുന്നത്?

ചില ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രശ്നം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം വരുന്നുണ്ട് എന്നതാണ്. അതില്‍ ചില ശരികളുണ്ടാവാം. എന്നാല്‍ അത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടല്ല. മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറയുന്ന സര്‍ക്കാറാണിത്. ഏതെങ്കിലും തസ്തികകളില്‍ പെന്‍ഷന്‍ നടക്കാനിരിക്കുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി തന്നെ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. അതെല്ലാം കൃത്യമായി നടക്കുന്നുമുണ്ട്.

അംഗീകൃത സ്ഥിരം പോസ്റ്റുകളിലേക്ക് ഒരാള്‍ക്കും താല്‍ക്കാലിക നിയമനം വഴി കയറാന്‍ കഴിയില്ല. അത് അടിസ്ഥാനപരമായ കാര്യമാണ്. അതിനാല്‍ നിയമനങ്ങള്‍ താല്‍ക്കാലികമായി നടക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പറയാന്‍ ഉള്ളത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സൃഷ്ടിക്കപ്പെട്ട തസ്തികകളും താല്‍ക്കാലിക തസ്തികകളും ഉണ്ടായിരിക്കും. ഇതില്‍ അതാത് വിഭാഗങ്ങളിലേക്ക് കൃത്യമായിത്തന്നെയാണ് നിയമനം നടക്കുന്നത്. താല്‍ക്കാലിക നിയമനം നടക്കേണ്ട തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ എടുക്കുന്നത് റാങ്ക്‌ലിസ്റ്റിനെ ബാധിക്കുന്ന കാര്യമല്ല. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാത്തതല്ല, ആരോപണങ്ങള്‍കൊണ്ട് പുകമറ സൃഷ്ടിക്കുകയെന്നതാണ് പലരുടെയും ലക്ഷ്യം.

നിയമനങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാറിനെയും ഈ സര്‍ക്കാറിനെയും താരതമ്യം ചെയ്തുകൊണ്ട് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. അത്തരം നിയമനങ്ങളുമായി ബന്ധപ്പെട്ട താരതമ്യത്തിന്റെയും കണക്കുകളുടെയും സത്യാവസ്ഥയെന്താണ്?

ഈ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഒരു കാര്യം കണക്കിലെടുക്കേണ്ടതുണ്ട്. മുന്‍പുള്ള സര്‍ക്കാര്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വലിയ പ്രതിസന്ധികള്‍ ഇപ്പോള്‍ നേരിടുന്നുണ്ട്. കാലങ്ങളായി യു.ഡി.എഫ് നടത്തികൊണ്ടിരിക്കുന്നത് തസ്തികകള്‍ വെട്ടിക്കുറക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുക എന്നിവയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 32000 ത്തോളം തസ്തികകളാണ് ഇത്തരത്തില്‍ വെട്ടിക്കുറച്ചിട്ടുള്ളത്. എന്നാല്‍ ഈ സര്‍ക്കാര്‍ 20000ത്തിലധികം തസ്തികകള്‍ പുതിയതായി സൃഷ്ടിക്കുകയാണുണ്ടായത്.

പതിനായിരത്തിലധികം ഒഴിവുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏതെങ്കിലും വകുപ്പുകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള അന്വേഷണനടപടികളിലേക്കും ഈ സര്‍ക്കാര്‍ കടന്നിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കേസുകള്‍ വന്നാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമെടുത്തിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ പുതിയതായി ആരംഭിക്കാനും ഈ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിപ്പോരുകയാണ്. കൂടുതല്‍ വകുപ്പുകള്‍ നിയമനത്തിനായി പി.എസ്.സിക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഉദാഹരണമായി വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടുകൊടുത്തത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. 50ല്‍ കൂടുതല്‍ നിയമനങ്ങള്‍ പി.എസ്.സിയെ ഏല്‍പ്പിച്ചിട്ടുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ ചെയ്യേണ്ടത് വിവാദങ്ങള്‍ക്ക് പിറകെ പോകാതെ വസ്തുതകള്‍ അന്വേഷിക്കുക എന്നുള്ളതാണ്. പി.എസ്.സിയുമായി ബന്ധപ്പെട്ട നിയമനവിവരങ്ങളെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തന്നെ അറിയില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. അധ്യാപക തസ്തികകളുടെ കാര്യമെടുത്താലും കഴിഞ്ഞ സര്‍ക്കാറിനേക്കാള്‍ കൂടുതല്‍ ഈ സര്‍ക്കാറാണ് നിയമനം നടത്തിയിട്ടുള്ളത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതിനോട് ഡി.വൈ.എഫ്.ഐ എപ്പോഴും എതിരാണ്. സമയത്തിനുള്ളില്‍ തന്നെ നിയമനം നടത്തുക, പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുക, അതാണ് ഞങ്ങളുടെ നയം. യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നത് നിയമനങ്ങള്‍ നടത്താതെ തന്നെ റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടുക എന്നതാണ്. ആരോഗ്യമേഖലകളിലെല്ലാം പുതിയ തസ്തികകള്‍ കൊണ്ടുവന്നത് ഇക്കാലത്താണ്. ഇത്തരം വസ്തുതകളെ മനസ്സിലാക്കാത്ത വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.

Latest Stories

We use cookies to give you the best possible experience. Learn more