| Thursday, 6th April 2023, 4:50 pm

'അനില്‍ ആന്റണി പരാജയം'; വര്‍ഗീയതയുമായുള്ള കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിന്റെ ദുരന്തമാണിത്: എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖമായ എ.കെ. ആന്റണിയുടെ മകന് ബി.ജെ.പിയില്‍ ചേരാമെങ്കില്‍ കേരളത്തിലെ ഏതൊരു കോണ്‍ഗ്രസ് നേതാവും ബി.ജെ.പിയില്‍ ചേരുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് സി.പി.ഐ.എം എം.പി എ.എ. റഹീം. അനില്‍ ആന്റണിയെക്കൊണ്ട് ബി.ജെ.പിക്ക് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ഇടപെട്ട എല്ലായിടത്തും സ്വയം പരാജയം അടയാളപ്പെടുത്തിയ ഒരാളാണ് അനില്‍ കെ. ആന്റണിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു എ.എ. റഹീമിന്റെ പ്രതികരണം.

‘അംഗത്വം സ്വീകരിച്ചതിന് ശേഷം അനില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലും ആത്മവിശ്വാസമില്ലാത്ത ഒരാളെ മാത്രമേ കാണാനാകൂ. പക്ഷേ കോണ്‍ഗ്രസിന് മറുപടിപറയാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും.
കോണ്‍ഗ്രസ്, അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുന്നില്ല. വര്‍ഗീയതയുമായി പലപ്പോഴും കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് നടത്തിയതിന്റെ ദുരന്തമാണ് അവര്‍ ഈ അനുഭവിക്കുന്നത്.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യക്ക് വേണ്ടി കൈകോര്‍ക്കുമ്പോള്‍ ബി.ജെ.പിക്ക് ഊര്‍ജം നല്‍കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം മത്സരിക്കുകയാണ്,’ എ.എ. റഹീം പറഞ്ഞു.

ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നാളത്തെ ബി.ജെ.പിയാണെന്നും ആര്‍.എസ്.എസിന്റെ ശാഖക്ക് കാവല്‍ നില്‍ക്കാന്‍ കോണ്‍ഗ്രസുകാരെ വിട്ടതില്‍ അങ്ങേയറ്റം അഭിമാനിക്കുന്ന ആളാണ് ഇന്നത്തെ കെ.പി.സി.സി അധ്യക്ഷനെന്നും അദ്ദേഹം പരിഹസിച്ചു.

‘എനിക്ക് തോന്നിയാല്‍ ഞാന്‍ ബി.ജെ.പിയില്‍ പോകും എന്നുപറഞ്ഞ നേതാവ് ഇന്ന് കെ.പി.സി.സി അധ്യക്ഷനാണ് എന്നോര്‍ക്കണം. അദ്ദേഹം ആര്‍.എസ്.എസിന്റെ ശാഖക്ക് കാവല്‍ നില്‍ക്കാന്‍ കോണ്‍ഗ്രസുകാരെ വിട്ടതില്‍ അങ്ങേയറ്റം അഭിമാനിക്കുന്ന ആളാണ്. ബി.ജെ.പിയില്‍ ചേരാന്‍ ഇങ്ങനെ പ്രേരണയും ആത്മവിശ്വാസവും നല്‍കുന്നത് കെ.പി.സി.സി അധ്യക്ഷന്‍ തന്നെയാണെന്നോര്‍ക്കണം.

സുധാകരന്റെ ആര്‍.എസ്.എസ്, ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ തിരുത്താന്‍ ഈ നിമിഷം വരെ ഒരു ഹൈക്കമാന്റും തയ്യാറായിട്ടില്ല എന്നോര്‍ക്കണം. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നാളത്തെ ബി.ജെ.പിയാണ്. ഇത് ഏറെക്കാലമായി നാടിന് മനസിലായ കാര്യമാണ്. കേരളത്തിലെ ഏത് കോണ്‍ഗ്രസ് നേതാവും,അവരുടെ മക്കളും ഏത് നിമിഷവും ബി.ജെ.പിയില്‍ പോയേക്കും എന്ന സന്ദേശമാണ് അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനം കൂടുതല്‍ വ്യക്തമാക്കുന്നത്,’ എ.എ. റഹീം പറഞ്ഞു.

Content Highlight: AA Raheem MP says Anil K Antony  is sending a message that any Congress leader in Kerala will join the BJP

Latest Stories

We use cookies to give you the best possible experience. Learn more