| Monday, 24th April 2023, 4:48 pm

മോദിക്കും, ബി.ജെ.പിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരുകള്‍ക്കും കേരള മാതൃക കണ്ട് പഠിക്കാം: എ.എ. റഹീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എം.പിയുമായ എ.എ. റഹീം.

ഇന്ത്യയിലെ അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും ദീര്‍ഘകാലം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടും മോദിക്കതിന് സാധിച്ചിട്ടില്ലെന്നും റഹീം കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരുകള്‍ കേരളത്തിന്റെ പദ്ധതികള്‍ കണ്ട് പഠിക്കണമെന്നും റഹീം പരിഹസിച്ചു. അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ച് കൊണ്ടാണ് റഹീമിന്റെ പരാമര്‍ശം.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ അതിദരിദ്രരായ ആളുകളുടെ കണക്കെടുപ്പ് നടത്തുമെന്നും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സര്‍വേ നടത്തി പരമ ദരിദ്രരായ 64,006 കുടുംബങ്ങളെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

പ്രധാനമന്ത്രിയ്ക്ക് അതി ദാരിദ്ര്യം ഇല്ലതാകുന്ന, രാജ്യത്തെ ആദ്യ സംസ്ഥാനത്തേക്ക് സ്വാഗതം.
കൂട്ടത്തില്‍ ഒരു ചോദ്യം കൂടി, അങ്ങ് ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലും ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന ‘ഡബിള്‍ എഞ്ചിന്‍’സര്‍ക്കാരുകള്‍ക്കും എന്തു കൊണ്ടാണ് അതിദാരിദ്ര്യം
ഇല്ലാതാക്കാന്‍ കഴിയാത്തത്?

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റിന്റെ ആദ്യ തീരുമാനം അതിദാരിദ്ര്യം സംസ്ഥാനത്ത് ഇല്ലാതാക്കാനായിരുന്നു. അതിവേഗം സര്‍വ്വേ പൂര്‍ത്തിയായി. 64,006 പരമ ദരിദ്രാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങളെ കണ്ടെത്തി. അവരെ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാനത്ത് ഇപ്പോള്‍ തുടക്കമാവുകയാണ്. ചരിത്രപരമായ ഈ ഇടപെടല്‍ പൂര്‍ത്തിയാകുന്നതോടെ അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം.

മുഖ്യമന്ത്രിയുടെ വാക്കുകള്‍,

‘അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രര്‍ക്ക്, ലൈഫ് പട്ടികയില്‍ മുന്‍ഗണന നല്‍കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

11,340 പേര്‍ക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുക. ‘അവകാശം അതിവേഗം യജ്ഞത്തിലൂടെ’ അടിസ്ഥാന അവകാശ രേഖകള്‍ നല്‍കും. അടിസ്ഥാന സൗകര്യം, പഠന സൗകര്യം, ചികിത്സാ സൗകര്യം, ഭക്ഷണം ഉറപ്പാക്കല്‍, പുനരധിവാസം എന്നിങ്ങനെ എല്ലാതലത്തിലും സര്‍ക്കാര്‍ കൈത്താങ്ങുറപ്പാക്കുന്നതാണ് പദ്ധതി.

അതിജീവനത്തിനായി കഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുന്നതുവഴി ഏവര്‍ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുങ്ങും. എവിടെയും പുഞ്ചിരി വിടരും,’-പിണറായി വിജയന്‍

അങ്ങനെ കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്കും ബിജെപിക്കും കണ്ടു പഠിക്കാന്‍ പുതിയ മാതൃക കൂടി.

Content Highlight: AA raheem facebook post on narendra modi

We use cookies to give you the best possible experience. Learn more