| Monday, 9th January 2023, 8:17 pm

നഷ്ടപ്പെട്ട തന്റെ വിശ്വാസ്യത കുഴിമന്തി വീണ്ടെടുത്തു, മാധ്യമങ്ങളുടെ കാര്യമോ? എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ചെമ്മനാട് പെരുമ്പള വേനൂര്‍ അരീച്ചം വീട്ടിലെ കെ. അഞ്ജുശ്രീ(19) മരണം കുഴിമന്തിയില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പെണ്‍കുട്ടിയുടെ മരണം ജില്ലാ പൊലീസ് മേധാവി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

ഇതിനിടയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണോയെന്ന സംശയം ബലപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ വിഷയത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സി.പി.ഐ.എം എം.പി എ.എ. റഹീം. സംഭവത്തില്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ മാധ്യമങ്ങള്‍ക്കുണ്ടായില്ലേയെന്ന് റഹീം ചോദിച്ചു.

‘കുഴിമന്തിയും വാര്‍ത്താ ചാനലുകളും’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലയിരുന്നു റഹീമിന്റെ പ്രതികരണം. കുഴിമന്തിയും മലയാള മാധ്യമപ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം കൂടി ചരിത്രത്തിന്റെ ഭാഗമായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.

സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ആത്മഹത്യാപരമായ റിപ്പോര്‍ട്ടിങ് രീതിയാണ് ഇവിടുത്തെ വാര്‍ത്താചാനലുകളുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എ.എ. റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസങ്ങളില്‍ കുഴിമന്തിയായിരുന്നു വില്ലന്‍. ബ്രെയ്ക്കിങ് ന്യൂസ്, രാത്രി ചര്‍ച്ച, ചില അവതാരകരുടെ ധാര്‍മികരോഷം കേട്ട് ഭയന്ന് വിറച്ച പാവം കുഴിമന്തികള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ മുതിര്‍ന്നു.
ഒരിക്കലെങ്കിലും കുഴിമന്തി കഴിച്ചവര്‍ വാര്‍ത്താ അവതാരകരുടെയും, റിപ്പോര്‍ട്ടര്‍മാരുടെയും പരവേശം കണ്ട് ഓക്കാനിക്കാന്‍ ഓടി
കുഴിമന്തി കടകള്‍ക്ക് മുന്നില്‍ ശ്മശാനമൂകത പടര്‍ന്നു.

‘കോഴിക്കാലും മാധ്യമപ്രവര്‍ത്തനവും ‘തമ്മിലുള്ള ബന്ധത്തെ കുറിച്ചു പണ്ട്
ശ്രീ നമ്പിനാരായണന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇനിയിപ്പോള്‍, കുഴിമന്തിയും മലയാള മാധ്യമപ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം കൂടി ചരിത്രത്തിന്റെ ഭാഗമായി മാറി.

അല്‍പനേരം നഷ്ടപ്പെട്ട തന്റെ വിശ്വാസ്യത കുഴിമന്തി വീണ്ടെടുത്തു.
പക്ഷേ മാധ്യമ വിശ്വാസ്യത. വാട്‌സാപ്പില്‍ വരുന്നത് ഒരു ക്രോസ്ചെക്കിങ്ങുമില്ലാതെ ബ്രെക്കിങ് ന്യൂസാക്കുകയാണ് മലയാള ദൃശ്യമാധ്യമങ്ങള്‍.

ഈ കുഴിമന്തി വാര്‍ത്ത സംബന്ധിച്ചു ഓരോ ചാനലും നല്‍കിയ സ്‌തോഭജനകമായ വാര്‍ത്തകള്‍, വിവരണങ്ങള്‍, സ്‌ഫോടനാത്മകമായ ബ്രെയ്ക്കിങ്ങുകള്‍. എത്രമാത്രം അപഹാസ്യമായിരുന്നു എന്നോര്‍ത്തുനോക്കുക. ഭക്ഷ്യ വിഷബാധയെന്ന സംശയമൊന്നുമല്ല, അവര്‍ പ്രകടിപ്പിച്ചത്, ഉറപ്പിച്ച് മലയാളിയെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ
കാത്തിരിക്കാനുള്ള ക്ഷമ അവര്‍ക്കുണ്ടായിരുന്നില്ല.

സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ആത്മഹത്യാപരമായ റിപ്പോര്‍ട്ടിങ് രീതിയാണ് ഇവിടുത്തെ വാര്‍ത്താചാനലുകളുടേത്.
കുഴിമന്തിയെ വിശ്വസിക്കാം, ഒന്നാമതെത്താന്‍ പരസ്പരം അനാരോഗ്യകരമായ കിടമത്സരം നടത്തുന്ന മലയാള ദൃശ്യമാധ്യമങ്ങളെ എങ്ങനെ വിശ്വസിക്കും?
ഉപജീവനത്തിനായി കുഴിമന്തി വിളമ്പുന്ന സാധാരണ മനുഷ്യരും ഹോട്ടല്‍ പാചക തൊഴിലാളിയുമല്ല, വിഷം വിളമ്പുന്നത്. പരസ്പരം മത്സരിക്കുന്ന ഈ ചാനലുകളാണ് വിഷം വിളമ്പുന്നത്.

 Content Highlight:  AA Raheem criticize media report About kasaragod Anjushree died

We use cookies to give you the best possible experience. Learn more