കാസര്‍ഗോഡ്: ചെമ്മനാട് പെരുമ്പള വേനൂര്‍ അരീച്ചം വീട്ടിലെ കെ. അഞ്ജുശ്രീ(19) മരണം കുഴിമന്തിയില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പെണ്‍കുട്ടിയുടെ മരണം ജില്ലാ പൊലീസ് മേധാവി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
ഇതിനിടയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണോയെന്ന സംശയം ബലപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ വിഷയത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സി.പി.ഐ.എം എം.പി എ.എ. റഹീം. സംഭവത്തില്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ മാധ്യമങ്ങള്‍ക്കുണ്ടായില്ലേയെന്ന് റഹീം ചോദിച്ചു.
‘കുഴിമന്തിയും വാര്‍ത്താ ചാനലുകളും’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലയിരുന്നു റഹീമിന്റെ പ്രതികരണം. കുഴിമന്തിയും മലയാള മാധ്യമപ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം കൂടി ചരിത്രത്തിന്റെ ഭാഗമായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.
സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ആത്മഹത്യാപരമായ റിപ്പോര്‍ട്ടിങ് രീതിയാണ് ഇവിടുത്തെ വാര്‍ത്താചാനലുകളുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എ.എ. റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസങ്ങളില്‍ കുഴിമന്തിയായിരുന്നു വില്ലന്‍. ബ്രെയ്ക്കിങ് ന്യൂസ്, രാത്രി ചര്‍ച്ച, ചില അവതാരകരുടെ ധാര്‍മികരോഷം കേട്ട് ഭയന്ന് വിറച്ച പാവം കുഴിമന്തികള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ മുതിര്‍ന്നു.
ഒരിക്കലെങ്കിലും കുഴിമന്തി കഴിച്ചവര്‍ വാര്‍ത്താ അവതാരകരുടെയും, റിപ്പോര്‍ട്ടര്‍മാരുടെയും പരവേശം കണ്ട് ഓക്കാനിക്കാന്‍ ഓടി
കുഴിമന്തി കടകള്‍ക്ക് മുന്നില്‍ ശ്മശാനമൂകത പടര്‍ന്നു.