| Tuesday, 24th May 2016, 6:15 pm

തോല്‍വിക്ക് പിന്നാലെ മുന്നണിയെ വിമര്‍ശിച്ച് ആര്‍.എസ്.പി; യു.ഡി.എഫിന് ബൂര്‍ഷ്വാ സെറ്റപ്പെന്ന് അസീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരെഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ യു.ഡി.എഫ് മുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്.

യു.ഡി.എഫിലേക്ക് വരേണ്ടതില്ലായിരുന്നുവെന്നും യു.ഡി.എഫിന് ബൂര്‍ഷ്വാ സെറ്റപ്പാണെന്നും അസീസ് പറഞ്ഞു. ഇരു മുന്നണികളുടെയും പ്രവര്‍ത്തന ശൈലി വിഭിന്നമാണ്. ഞങ്ങളുടേത് ഇടതുപക്ഷ ലൈനാണ്. അത് കൊണ്ട് തന്നെ യു.ഡി.എഫിന്റെ പ്രവര്‍ത്തന ശൈലിയോട് പൊരുത്തപ്പെടാനാകുന്നില്ല. രാഷ്ടീയ മാന്യത ഓര്‍ത്ത് മുന്നണിയില്‍ തുടരുമെന്നും അസീസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.പാര്‍ട്ടി പ്ലീനമുണ്ടാകുമ്പോള്‍ ഒരു പുനര്‍ചിന്ത വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ആര്‍.എസ്. പി സെക്രട്ടറിയേറ്റില്‍ അസീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സെക്രട്ടറിയുടെ താന്‍ എന്ന ഭാവമാണ് തോല്‍വിക്ക് കാരണമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ പകരം ചുമതല നല്‍കാന് പോലും സെക്രട്ടറി തയ്യാറായില്ലെന്നുമാണ് വിമര്‍ശനം.

ഇരവിപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മത്സരിച്ച അസീസ് ഉള്‍പ്പെടെ ആര്‍.എസ്.പിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അസീസ് തന്നെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് എത്തിയത്.

We use cookies to give you the best possible experience. Learn more