|

അദ്ദേഹമാണ് എന്നെ 'ദൂസര' പഠിപ്പിച്ചത്: മുത്തയ്യ മുരളീധരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ റെക്കോഡ് താരത്തിന്റെ പേരിലാണ്. 2011ലാണ് മുത്തയ്യ മുരളീധരന്‍ തന്റെ ഐതിഹാസികമായ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. സ്പിന്‍ ബൗളിങ്ങില്‍ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ മുന്‍ താരം അടുത്തിടെ എസ്.ബി കോളേജിലെ ഒരു ഇന്ററാക്ഷന്‍ സെശനില്‍ തന്റെ ക്രിക്കറ്റ് കരിയറിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു.

സെശനില്‍ സംസാരിക്കുന്നതിനിടയില്‍ പന്തെറിയാന്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ള ബാറ്റര്‍ വിരേന്ദര്‍ സേവാഗാണെന്ന് മുത്തയ്യ പറയുകയുണ്ടായി. വെസ്റ്റ് ഇന്‍ഡീസ് ഐക്കണ്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനോടുള്ള തന്റെ ആരാധനയും അദ്ദേഹം പ്രകടിപ്പിച്ചു. ദൂസര ബൗള്‍ ചെയ്യാനുള്ള വിദ്യ തന്നെ പഠിപ്പിച്ചതിന് പാകിസ്ഥാന്‍ ഓഫ് സ്പിന്നര്‍ ഇതിഹാസം സാഖ്‌ലെയ്ന്‍ മുഷ്തഖിനെ മുത്തയ്യ എടുത്തുപറഞ്ഞു.

‘ദൂസര ബൗള്‍ ചെയ്യുന്നതിന്റെ അടിസ്ഥാന കാര്യങ്ങള്‍ ഞാന്‍ പഠിച്ചത് സാഖ്‌ലെയ്ന്‍ മുഷ്താഖില്‍ നിന്നാണ്. അത് പഠിക്കുന്നത് അത്ര എളുപ്പമല്ല. കൃത്യമായി അത് എറിയാന്‍ എനിക്ക് മൂന്ന് വര്‍ഷത്തിലേറെ സമയം എടുത്തിരുന്നു,’മുത്തയ്യ മുരളീധരന്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ കൊച്ചി ടസ്‌കേഴ്‌സിന് വേണ്ടി കളിച്ചതിന്റെ മികച്ച അനുഭവം താരം പങ്കു വെച്ചിരുന്നു. എസ്. ശ്രീശാന്തിനെയും സഞ്ജു സാംസണെയും പോലുള്ള ക്രിക്കറ്റ് താരങ്ങളെ കേരളം വളര്‍ത്തിയെടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

1996ലെ ഏകദിന ലോകകപ്പ് നേടിയ ശ്രീലങ്കയുടെ നിര്‍ണായക താരമായിരുന്നു മുത്തയ്യ. നിലവില്‍ മുന്‍ ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്പിന്‍ ബൗളിങ് കോച്ചായി സേവനമനുഷ്ഠിക്കുകയാണ് മുത്തയ്യ മുരളീധരന്‍.

Content Highlight: Saqlain Mushtaq taught Dussehra Bowl to Muttiah Muralitharan