നിലമ്പൂര്‍: പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ചാണ് മോദി രാജ്യസ്‌നേഹം പഠിപ്പിക്കുന്നതെന്നും തെരഞ്ഞെടുപ്പ് വരുമ്പോള്‍ യോഗം വിളിച്ച് പാക്കിസ്ഥാനെ കുറിച്ച് പറയുകയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
നിലമ്പൂരില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് മോദിക്ക് അറിയേണ്ട. അവര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് മോദിക്ക് കേള്‍ക്കേണ്ടെന്നും പ്രിയങ്ക പറഞ്ഞു.
മോദി ശക്തനും ദേശീയവാദിയുമാണെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ ജനങ്ങളെ കേള്‍ക്കാന്‍ കഴിയാത്ത ദുര്‍ബലനായ പ്രധാനമന്ത്രിയാണ് മോദിയെന്നും പ്രിയങ്ക പറഞ്ഞു.
നേരത്തെ വയനാട് മാനന്തവാടിയിലും പ്രിയങ്ക സംസാരിച്ചിരുന്നു. കേരളമെന്നും തമിഴ്നാടെന്നും ഉത്തര്‍പ്രദേശെന്നും പറഞ്ഞ് മോദി സര്‍ക്കാര്‍ ജനങ്ങളെ തമ്മിലടിപ്പിച്ചുവെന്നും അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ വിഭജിച്ച് ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു.
പിറന്ന ദിവസം മുതല്‍ തനിക്ക് അറിയാവുന്ന മനുഷ്യനുവേണ്ടിയാണ് താന്‍ ഇവിടെ വന്നതെന്നും, കഴിഞ്ഞ 10 വര്‍ഷമായി തന്റെ എതിരാളികളില്‍നിന്നും വ്യക്തിപരമായ നിരവധി ആക്രമണങ്ങള്‍ നേരിട്ട അദ്ദേഹം ഈ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ സ്ഥാനാര്‍ഥിയാണെന്നും പറഞ്ഞ പ്രിയങ്ക അദ്ദേഹത്തെക്കുറിച്ച് എതിരാളികള്‍ ചിത്രീകരിക്കുന്നത് സത്യത്തില്‍നിന്നും വളരെ അകലെയുള്ള കാര്യങ്ങളാണെന്നും പറഞ്ഞു.
സമത്വത്തിനും തുല്യതക്കും വലിയ പ്രാധാന്യം നല്‍കി കൊണ്ടാണ് തന്റെ സഹോദരന്റെ പ്രവര്‍ത്തനമെന്നും അക്രമവും അസമത്വവും രാഹുല്‍ ഇഷ്ടപ്പെടുന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
കര്‍ഷകരേയും ആദിവാസികളേയും സാധാരണക്കാരേയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു. നോട്ട് നിരോധനം നടത്തി സമ്പദ്ഘടനയെ തകര്‍ത്തു. അഞ്ചുവര്‍ഷം മുമ്പ് വന്‍ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി ജയിച്ച് അധികാരത്തിലെത്തിയത്. രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരില്‍ നിന്നും ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ അധികാരത്തില്‍ വന്നതുമുതല്‍ ജനങ്ങളുടെ വിശ്വാസത്തെ അവര്‍ വഞ്ചിക്കാന്‍ തുടങ്ങി. അധികാരം ജനങ്ങളുടേതല്ല തങ്ങളുടേതാണെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
ജനങ്ങളെ ശാക്തീകരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ജനകീയ പദ്ധതികള്‍ ബിജെപി ഇല്ലാതാക്കി. രാഹുല്‍ ഗാന്ധിയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. രാഹുലിന്റെ അമ്മയേയും അച്ഛനേയും മുത്തശ്ശിയേയും അപമാനിച്ച് കൊണ്ടേയിരിക്കുന്നു. അതിലൊന്നും അവന്‍ തളരുമെന്ന് ആരും കരുതേണ്ട. എല്ലാ മതങ്ങളേയും രാഹുല്‍ ആഴത്തില്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വത്തിന്റെ കാവല്‍ക്കാരെന്ന് പറഞ്ഞ് നടക്കുന്നവരേക്കാള്‍ ഹിന്ദുത്വത്തിന്റെ ധര്‍മ്മത്തെ കുറിച്ച് രാഹുലിനറിയാമെന്നും പ്രിയങ്ക പറഞ്ഞു.
DoolNews Video