അച്ഛന്മാര്‍ക്കില്ലാത്ത എന്ത് ചൂടും ചൂരുമാണ് അമ്മമാര്‍ക്ക്
അനുപമ മോഹന്‍

പ്രപഞ്ചത്തില്‍ അമ്മയെക്കാള്‍ വലിയ പോരാളി മറ്റാരുമില്ല എന്ന ഹൈലി സെലിബ്രേറ്റഡ് ഡയലോഗിനെ വരെ പിന്തള്ളാന്‍ പറ്റുന്ന, അമ്മ മാഹാത്മ്യം വാരി വിതറുന്ന പുതിയ കുറച്ചു ഐറ്റംസ് അല്‍ഫോണ്‍സ് പുത്രന്‍ ഇറക്കിയിട്ടുണ്ട്.

രാജ്യത്തെ സഹായിക്കാന്‍, കുട്ടികളെ സഹായിക്കാന്‍, അമ്മമാരെ സഹായിക്കൂ. ഒരു കുഞ്ഞിന് വേണ്ട ചൂരും ചൂടും അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും നല്‍കാനാവില്ല. കുട്ടികളെ നോക്കാന്‍ അവര്‍ക്ക് ആറ് വര്‍ഷം അവധി കൊടുക്കൂ

ഒറ്റനോട്ടത്തില്‍ അടിപൊളി എന്നൊക്കെ തോന്നുന്ന നല്ല സ്ത്രീവിരുദ്ധ സ്റ്റേറ്റ്‌മെന്റുകളാണിത്. ഇതില്‍ എന്താണിത്ര സ്ത്രീ വിരുദ്ധത എന്ന് ചിന്തിക്കുന്നവര്‍ ഒരൊറ്റകാര്യം നോക്കിയാല്‍ മതി. ഇതിലെവിടെയും അച്ഛന്‍ എന്നൊരാളെ സൂചിപ്പിച്ചിട്ടുകൂടിയില്ല. അതെന്താ അച്ഛന്റെ കയ്യില്‍ കുഞ്ഞിന് കൊടുക്കാന്‍ ചൂടും ചൂരുമില്ലേ…എന്തുകൊണ്ട് പേരന്റിംഗ് അമ്മമാരുടെ മാത്രം കടമയാകുന്നു?

സുപ്രീം കോടതിയോട് ഒരു അഭ്യര്‍ത്ഥനയുമായാണ് അല്‍ഫോണ്‍സ് പുത്രന്‍ രംഗത്തെത്തിയിരിക്കുന്നത്. അമ്മയാവുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രസവശേഷം കുഞ്ഞിനെ പരിപാലിക്കാന്‍ ആറ് വര്‍ഷത്തേക്ക് നിര്‍ബന്ധിത അവധി നല്‍കണമെന്നാണ് ആ അഭ്യര്‍ത്ഥന. ഈ കുറിപ്പ് കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ പിന്‍വലിച്ചിട്ടുണ്ട്.

ഒന്നും രണ്ടും മാസമല്ല ആറു വര്‍ഷമാണ് മറ്റേര്‍ണിറ്റി ലീവായി നല്‍കേണ്ടത് പോലും. അതും സ്ത്രീകള്‍ക്ക് മാത്രം. അച്ഛന്‍മാരുടെ കാര്യമോ അവര്‍ കുട്ടികളെ ശ്രദ്ധിക്കേണ്ടതിനെ കുറിച്ചോ അല്‍ഫോണ്‍സ് ഒരക്ഷരം പോലും മിണ്ടുന്നില്ല. അല്‍ഫോണ്‍സ് പുത്രന്റെ സംസാരം കേള്‍ക്കുമ്പോള്‍ പാരന്റിങ് അമ്മയുടെ മാത്രം കടമയാണെന്ന് തോന്നിപോകും. സത്യത്തില്‍ പാരന്റിങ്ങില്‍ അച്ഛനും അമ്മയ്ക്കും തുല്യ പങ്കാളിത്തമാണ്. അമ്മ ബ്രസ്റ്റ് ഫീഡ് ചെയ്യുന്നുണ്ടെന്ന് കരുതിയോ സ്ത്രീയാണെന്ന് കരുതിയോ ആ തുല്യ പങ്കാളിത്തത്തില്‍ വലിയ മാറ്റമൊന്നും വരില്ല.

വൈഫ് എന്ത് ചെയ്യുന്നു എന്ന് ചോദിക്കുമ്പോള്‍ അവള്‍ കുട്ടിയെ നോക്കുന്നു കുടുംബം നോക്കുന്നു എന്ന് പറയുന്നവരുള്ള നാടാണല്ലോ നമ്മുടേത്. പാരന്റിങ് എന്നത് പല സ്ത്രീകളുടെയും ജോലി തന്നെയായി മാറാറുണ്ട്. അവര്‍ക്ക് പലപ്പോഴും സ്വന്തം പ്രൊഫഷന്‍ തന്നെ ഉപേക്ഷിക്കേണ്ടി വരാറുണ്ട്. അവിടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ ആറു വര്‍ഷത്തിന്റെ നിര്‍ബന്ധിത അവധിക്കായി സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിക്കുന്നത്.

അമ്മ എന്ന റോളിനെ ഓവറായി മഹത്വവല്‍ക്കരിക്കാനുള്ള ഒരു ത്വര നമ്മുടെ സൊസൈറ്റിക്കുണ്ട്. കുട്ടികളെ നോക്കാന്‍ സ്വന്തം വിദ്യാഭ്യാസം നിര്‍ത്തുന്നത്, ജോലി ഉപേക്ഷിക്കുന്നത്… അങ്ങനെ ഇഷ്ടപെട്ട പല കാര്യങ്ങളും ചെയ്യാതെ മാറ്റി വെക്കേണ്ടി വരുന്ന ഗതികേടിനെ അമ്മയുടെ മഹത്വം, അമ്മമാരുടെ നന്മ, പെറ്റമ്മയുടെ കരുതല്‍ എന്നൊക്കെ കാറ്റഗറി തിരിച്ച് ‘നല്ല അമ്മ’ പട്ടവും കൊടുക്കാറുണ്ട്.

ആറു വര്‍ഷം എന്നൊക്കെ പറയുന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ വലിയൊരു കാലയളവാണ്. അഡല്‍ട്ടായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, കരിയറിലും വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള, അതിനുള്ള അവസരങ്ങളുള്ള ആ നീണ്ട ആറു വര്‍ഷമാണ് ലീവ് ഒക്കെ എടുത്ത് സ്ത്രീകളോട് വീട്ടിലിരിക്കാന്‍ പറയുന്നത്.

എന്തുകൊണ്ട് ഇത് ആണുങ്ങളോട് പറയുന്നില്ല? അച്ഛന്‍മാരോട് പറയുന്നില്ല?

അവിടെയാണ് പ്രശ്‌നമിരിക്കുന്നത്. ഗര്‍ഭധാരണവും പാരന്റിങുമെല്ലാം പെണ്ണുങ്ങള്‍ക്കുള്ളതാണെന്ന് വിശ്വസിക്കുന്ന നല്ല അറുബോറന്‍ പാട്രിയാര്‍ക്കല്‍ ബോധമാണ് ഇങ്ങനെ ആറു വര്‍ഷത്തെ ലീവ് കൊടുക്കാനൊക്കെ പറയിപ്പിക്കുന്നത്.

ഇതില്‍ എന്താണിത്ര പുരുഷാധിപത്യ ചിന്ത എന്ന് സംശയം തോന്നുന്നുണ്ടെങ്കില്‍ നമുക്ക് അദ്ദേഹത്തിന്റെ വിലപ്പെട്ട കുറിപ്പിന്റെ ബാക്കി ഭാഗം കൂടെ നോക്കാം. ‘ആറ് വര്‍ഷത്തെ ലീവ് ഏതൊരു രാജ്യത്തിന്റെയും ഭാവിയായ തന്റെ കുഞ്ഞിനെ നോക്കാനുള്ളതാണ്. കാരണം ഒരു കുഞ്ഞിന് വേണ്ട ചൂരും ചൂടും അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും നല്‍കാനാവില്ല.’

അമ്മക്ക് മാത്രം നല്‍കാന്‍ പറ്റുന്ന ചൂടും ചൂരും അത് ഫ്രഷ് ആയിട്ടുള്ള ഒരു പ്രയോഗമാണ്. അച്ഛന് കൊടുക്കാന്‍ പറ്റാത്ത എന്നാല്‍ അമ്മക്ക് മാത്രം കൊടുക്കാന്‍ പറ്റുന്ന മേല്‍ പറഞ്ഞ ഈ ചൂടും ചൂരും പെണ്ണുങ്ങളോട് അമ്മയായില്ലേ കൊച്ചിനേം നോക്കി വീട്ടിലിരിക്കൂ എന്ന് പറയുന്ന പാട്രിയാര്‍ക്കല്‍ സിഗ്‌നല്‍ തന്നെയാണ്. ആണുങ്ങള്‍ പുറത്ത് പോയി അദ്ധ്വാനിച്ചു അമ്മയെയും കൊച്ചിനെയും നോക്കാനുള്ള പണം സമ്പാദിക്കാം, സ്ത്രീകള്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഒന്നും ഇല്ലാതെ വീട്ടിലിരുന്ന് മക്കളെ നോക്കിക്കോണം എന്നതാണ് ഇതിന്റെ ആകെ തുക.

അല്‍ഫോണ്‍സിന്റെ ഈ അഭ്യര്‍ത്ഥന ഇവിടുത്തെ പല ആണുങ്ങളും പാട്രിയാര്‍ക്കല്‍ ബോധത്തിനടിമപെട്ടവരും കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. അത് ചിലപ്പോള്‍ അധികാരത്തിന്റെ ഭാഷയിലും ഭീഷണിയുടെ ഭാഷയിലുമായിരിക്കുമെന്ന് മാത്രം. പിന്നെ ഇതൊക്കെ ഒരു നാട്ടു നടപ്പ് എന്ന പോലെ പലരും ശീലിച്ചും വരുന്നുണ്ട്. പക്ഷെ പുതിയ കാലത്തേ സിനിമാക്കാരൻ എന്ന നിലയിൽ അല്‍ഫോണ്‍സിനു വലിയ സ്വീകാര്യത ഇവിടെയുണ്ട്. അത്രക്കും പ്രോഗ്രസ്സിവ് സ്പേസിലിരുന്നു ഇത്തരം കാര്യങ്ങൾ സംസാരിക്കുമ്പോൾ അത് പലരെയും തെറ്റായ രീതിയിൽ സ്വാധീനിക്കും.

മാത്രവുമല്ല ഒറ്റ നോട്ടത്തില്‍ പ്രോഗ്രസീവ് ആണെന്ന് തോന്നുന്ന, സ്ത്രീകള്‍ക്ക് പേയ്ഡായ മറ്റേണിറ്റി ലീവ് നീണ്ട വര്‍ഷത്തേക്ക് നല്‍കണമെന്ന് ആവശ്യപ്പെടുന്ന അങ്ങനെ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നതാണെന്ന് തോന്നുന്ന സ്‌റ്റേറ്റ്‌മെന്റ്. പക്ഷെ ഞാന്‍ നേരത്തെ, പറഞ്ഞ കുട്ടിയെ നോക്കേണ്ടവളാണ് സ്ത്രീകള്‍, സ്ത്രീകള്‍ കുട്ടിയെ നോക്കിയാലേ കുട്ടികള്‍ നന്നായി വളരൂ എന്ന തേന്‍പുരട്ടിയ ട്രാപ്പ് മാത്രമാണിത്. അതിനൊപ്പം അമ്മ എന്നതിന്റെ പുറത്ത് സ്ത്രീകള്‍ക്ക് മേല്‍ സമൂഹം കെട്ടിവെക്കുന്ന എല്ലാത്തരം ജെന്‍ഡര്‍ റോളുകളെയും നോര്‍മലൈസ് ചെയ്യുകയാണ് അല്‍ഫോണ്‍സ് പുത്രന്‍.

‘ഓരോ സമൂഹവും കെട്ടിപ്പടുക്കുന്നത് ഒരു കുടുംബമാണ്, ശരിയായ അമ്മയുണ്ടെങ്കില്‍ ഓരോ കുടുംബവും സ്മൈല്‍ ചെയ്യും. ചുരുക്കത്തില്‍ രാജ്യത്തെ സഹായിക്കാന്‍, കുട്ടികളെ സഹായിക്കാന്‍, അമ്മമാരെ സഹായിക്കൂ.’

ഒരു സ്ത്രീ തന്റെ 6 കൊല്ലം ഇൻവെസ്റ്റ് ചെയ്ത് കുട്ടിയെ നോക്കിയില്ലെങ്കിൽ അതിന്റെ നഷ്ടം വന്നു ഭവിക്കാൻ പോകുന്നത് കുടുംബത്തിനായിരിക്കും. അത് വഴി ഒരു സമൂഹവും രാജ്യവും വരെ നശിച്ചുപോകുന്നു. അല്‍ഫോണ്‍സ് പറഞ്ഞ ഈ കാര്യത്തിൽ രാജ്യത്തെയും ലോകത്തേയുമൊക്കെ സംരക്ഷിക്കാൻ സ്ത്രീയേക്കാൾ അല്പം സാക്രിഫൈസ് ചെയ്താലും സാരമില്ലെന്നതാണ്. ത്യാഗവും സഹനവും സ്ത്രീകളുടെ ഒത്ത ലക്ഷണമായല്ലേ പലരും കണക്കുന്നത്.

അമ്മമാരെ സഹായിക്കുന്ന ഈ പരിപാടി അമ്മമാര്‍ക്ക് ദ്രോഹമേ ചെയ്യുകയുള്ളൂ കാരണം പാരന്റിങ് അമ്മമാരുടെ തലയില്‍ മാത്രം കയറ്റി വെച്ച് പുരുഷന്മാരെ വെറുതെയിരുത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല. കുഞ്ഞിന്റെ കാര്യത്തില്‍ അച്ഛനും അമ്മക്കും തുല്യ റോള്‍ ആണ്. കുട്ടികള്‍ രണ്ടാളുടെയും തുല്യ ഉത്തരവാദിത്തമാണ്.

Content Highlight: Alphons puthren’s comment on maternity leave