അഭിമാന ബോധവും പാരമ്പര്യങ്ങളുമായുള്ള ബന്ധവും വളര്‍ത്തിയെടുക്കാന്‍ വേണ്ടി, ഗുജറാത്തില്‍ ഇനി മുതല്‍ 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സ്‌കൂള്‍ സിലബസിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഭഗവത്ഗീത. വിദ്യാഭ്യാസ വകുപ്പിനുള്ള ബജറ്റ് വിഹിതത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രി ജിതു വഗാനി നിയമസഭയില്‍ ഈ പ്രഖ്യാപനം നടത്തിയത്.
ശ്രീമത് ഭഗവത് ഗീതയുടെ മൂല്യങ്ങളും തത്വങ്ങളും പ്രാധാന്യവും എല്ലാ മതങ്ങളിലുമുള്ള ആളുകളും അംഗീകരിക്കുന്നുണ്ട്, അതുകൊണ്ട് അത് കുട്ടികളെ പഠിപ്പിച്ച് നമ്മുടെ പാരമ്പര്യത്തില്‍ താല്‍പര്യം വര്‍ധിപ്പിക്കും എന്നാണ് വഗാനി പറയുന്നത്.
എന്തായാലും ഭഗവത്ഗീതയുടെ പ്രാധാന്യം പറഞ്ഞ് കൊടുക്കുന്നത് ശ്ലോകങ്ങള്‍, ശ്ലോക ഗാനങ്ങള്‍, ഉപന്യാസങ്ങള്‍, സംവാദങ്ങള്‍, നാടകങ്ങള്‍, ക്വിസ് അങ്ങനെയുള്ള വെറൈറ്റി പരിപാടികള്‍ വഴി ആയിരിക്കും. മാത്രമല്ല ഈ നീക്കത്തിന് അവിടുത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും കട്ട സപ്പോര്‍ട്ടുമുണ്ട്.
എന്തായാലും 51 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുള്ള ഗുജറാത്തില്‍ 32000-ലധികം സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളുണ്ട്. അത്രേയധികം കുട്ടികള്‍ മോദിജിയുടെ നേതൃത്വത്തില്‍ ശരിയായ പാരമ്പര്യം പഠിക്കുന്നതോടെ നമ്മുടെ നാട് രക്ഷപ്പെടും.
പക്ഷെ വിരോധാഭാസത്തിന് വരെ ഒരു വെല്ലുവിളി ആയി മാറിയിരിക്കുന്ന ദ റിയല്‍ വിരോധാഭാസം ഇവിടെയാണ് സംഭവിക്കുന്നത്. കുട്ടികള്‍ ഹിജാബ് ധരിക്കാന്‍ പാടില്ല, അത് മതചിഹ്നമാണ്, യൂണിഫോം മതി, മതം വേണ്ടാ എന്നൊക്കെ വാദിച്ച്, ഹിജാബ് ധരിക്കുന്ന കുട്ടികളൊക്കെ തീവ്രവാദികളാണ്… ദേശവിരുദ്ധരാണ്…..ജിഹാദികളാണ് എന്നൊക്കെ ആരോപിച്ച് അവരുടെ വിദ്യാഭ്യാസം തടഞ്ഞുവെച്ച അതേ രാജ്യത്ത് തന്നെയാണ് ഭഗവത്ഗീതയെ കുറിച്ച് ക്വിസ്സ് നടത്തുന്നത്.
ഇന്ത്യന്‍ നിയമവും ഭരണഘടനയും ഉറപ്പുനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റേയും, വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും തലങ്ങള്‍ പരിശോധിക്കാതെ, ഖുര്‍ആനും രാമായണവും ഉദ്ധരിച്ച് വിധി പുറപ്പടുവിക്കലാണല്ലോ മതേതര ഇന്ത്യയിലെ ബഹുമാനപ്പെട്ട കോടതികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഹിജാബ് ബുര്‍ഖയാണ്, നിഖാബ് ആണ് എന്ന് വാദിച്ച്, അതില്‍ ഐഡന്റിറ്റിയുടേയും സുരക്ഷയുടേയും പ്രശ്നങ്ങള്‍ വ്യാഖ്യാനിച്ച്, മുഖം വെളിവാക്കിക്കൊണ്ട് ഹിജാബ് ഇടാനുള്ള കുട്ടികളുടെ അവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. അത് സംഘപരിവാറിന് അറിയാന്‍ വഴിയില്ല. കാരണം ഭഗവത്ഗീതയില്‍ അത് പറയുന്നില്ല. പക്ഷെ ഇന്ത്യന്‍ ഭരണഘടനയില്‍ ആ അവകാശത്തെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്.
എന്തായാലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ വെറൈറ്റി വിദ്യാഭ്യാസ പരിഷ്‌കാരങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം കൂടെ ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ ഒരു സ്‌കൂളില്‍ ‘ഗോഡ്സെ എന്റെ റോള്‍ മോഡല്‍’ എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചത് വിവാദമായിരുന്നു.
ബി.ജെ.പി ഭരിക്കുന്നിടത്ത്, ഗോഡ്‌സേ എന്റെ റോള്‍ മോഡല്‍, ന്യൂനപക്ഷങ്ങള്‍ എന്റെ ശത്രുക്കള്‍, മോദിജി എന്റെ ദൈവം, അമ്പലങ്ങള്‍ എന്റെ പള്ളിക്കൂടം, ഭഗവത്ഗീത പുതിയ ഭരണഘടന… അങ്ങനെ ടോപ്പിക്കുകള്‍ ഒരുപാടുണ്ടല്ലോ പ്രസംഗങ്ങള്‍ നടത്താന്‍.
Content Highlight: Gujarat Govt Makes ‘Bhagavad Gita’ Part of School Syllabus for Classes 6 to 12