| Thursday, 6th April 2023, 7:27 pm

ഇത് വ്യവസ്ഥിതിയോടുള്ള വെട്രിമാരന്റെ പോരാട്ടം, അവിടെ ജാതിയും കാടും മനുഷ്യനുമുണ്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെട്രിമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രകൃതിക്കുമേല്‍ നടത്തുന്ന ചൂക്ഷണം, ജാതിയത, സര്‍ക്കാര്‍ സംവിധാനത്തിനകത്ത് നിലനില്‍ക്കുന്ന വിവേചനം, ശ്രേണീകരണം തുടങ്ങി ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമാണത്.

വെട്രിമാരന്റെ മുന്‍ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍, എത്രമാത്രം ലൗഡായിട്ട് രാഷ്ട്രീയം പറയുന്ന സംവിധായകനാണ് അദ്ദേഹമെന്ന് വ്യക്തമാകും. അദ്ദേഹം മുമ്പ് പറഞ്ഞുവെച്ച പല കാര്യങ്ങളും ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. വെട്രിമാരന്‍ സിനിമകളുടെ പൊതു സ്വഭാവമെടുത്താല്‍ അതെല്ലാം തന്നെ വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ്. അദ്ദേഹം തന്നെ മുമ്പ് പറഞ്ഞതുപോലെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരം ഉച്ചനീചിത്വങ്ങള്‍ക്കെതിരെയുള്ള തന്റെ അമര്‍ഷമാണ് ഓരോ സിനിമയും.

പൊല്ലാതവന്‍, വിസാരണൈ, വട ചെന്നൈ, അസുരന്‍ തുടങ്ങിയ സിനിമകളിലെല്ലാം തന്നെ വ്യവസ്ഥിതിക്കെതിരെയുള്ള വെട്രിമാരന്റെ പോരാട്ടം വ്യക്തമാണ്. അത് ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. വിസാരണൈ പോലെയുള്ള സിനിമയില്‍ ഈ പോരാട്ടം അത്ര കണ്ട് വ്യക്തമാണ്. വിടുതലൈലേക്ക് വരുമ്പോള്‍ കാട്ടിലെ മനുഷ്യരുടെയും അവരെ ചൂക്ഷണം ചെയ്യാനെത്തുന്ന സര്‍ക്കാര്‍ സംവിധാനത്തെയും വെട്രിമാരന്‍ പകര്‍ത്തുന്നുണ്ട്.

അതിനോടൊപ്പം തന്നെ ഇവര്‍ക്കിടയില്‍ പെട്ടുഴലുന്ന സാധാരണക്കാരായ അധികാരത്തിന്റെ താഴേതട്ടില്‍പ്പെട്ട പൊലീസുകാരുടെ ജീവിതം കൂടി സിനിമ പറയുന്നുണ്ട്. വെട്രിമാരന്റ നായകന്മാരെപ്പോഴും പര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തില്‍പ്പെടുന്നയാളാണ്. വിടുതലൈയില്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന സൂരിയും പ്രതിനിധീകരിക്കുന്നത് അരികുവല്‍ക്കരിക്കപ്പെടുന്ന മനുഷ്യരെ തന്നെയാണ്.

ഏറ്റവും ഒടുവില്‍ തന്നെ തല്ലി ചതച്ച പൊലീസുകാരുടെ മുന്നില്‍ കാലിന്മേല്‍ കാലും കയറ്റിവെച്ചിരിക്കുന്ന വിജയ് സേതുപതിയുടെ പെരുമാള്‍ എന്ന കഥാപാത്രം വെട്രിമാരന്‍ മുമ്പോട്ട് വെക്കുന്ന ശക്തമായ രാഷ്ട്രീയം എന്ന നിലയില്‍ തന്നെ പരിഗണിക്കാവുന്നതാണ്. എന്തിരുന്നാലും വെട്രിമാരന്‍ എന്ന സംവിധായകന്‍ എല്ലായ്‌പ്പോഴും ചേര്‍ന്നുനില്‍ക്കുന്ന പക്ഷം അത് മനുഷ്യ പക്ഷം തന്നെയാണെന്ന് വീണ്ടും വിടുതലൈയിലൂടെ ഊട്ടിയുറപ്പിക്കുന്നുണ്ട്.

content highlight: movies of vetrimaran

We use cookies to give you the best possible experience. Learn more