'വ്യാജ വാര്‍ത്തകളുടെ വിശ്വഗുരു'; ജനം ടി.വിക്കെതിരെ ഫാക്ട് ചെക്ക് സീരിസുമായി യുവാവ്; ആദ്യ ഭാഗം പത്തനംതിട്ടയിലെ നുണബോംബ്
Kerala News
'വ്യാജ വാര്‍ത്തകളുടെ വിശ്വഗുരു'; ജനം ടി.വിക്കെതിരെ ഫാക്ട് ചെക്ക് സീരിസുമായി യുവാവ്; ആദ്യ ഭാഗം പത്തനംതിട്ടയിലെ നുണബോംബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th October 2022, 11:59 pm

കോഴിക്കോട്: സംഘപരിവാര്‍ ചാനലായ ജനം ടി.വിക്കെതിരെ ഫാക്ട് ചെക്ക് സീരിസുമായി യുവാവ്. ബിനോജ് നായര്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് ‘വ്യാജ വാര്‍ത്തകളുടെ വിശ്വഗുരു’ എന്ന ബാനറല്‍ ജനം ടി.വിയില്‍ വന്ന വിദ്വേഷ വര്‍ത്തകള്‍ കണ്ടെത്തി ഫേസ്ബുക്കില്‍ ഫാക്ട് ചെക്ക് സീരിസ് തുടങ്ങുന്ന കാര്യം അറിയിച്ചത്.

ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപനകനായ മുഹമ്മദ് സുബൈറിന്റെ മാതൃകയില്‍ വസ്തുകളെ പുറത്തുകൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിനോജ് പറഞ്ഞു.

‘ഏതായാലും നനഞ്ഞു, ഇനി കുളിച്ചുകയറാം എന്നാണ് തീരുമാനം. ജനം ടി.വിയിലെ വ്യാജ വര്‍ത്തയെപ്പറ്റി പോസ്റ്റിട്ടതിന് കൊല്ലും തല്ലുമെന്നൊക്കെ ഭീഷണിപ്പെടുത്തിയ സംഘപുത്രന്മാരെ പേടിച്ച് മാളത്തിലൊളിക്കാന്‍ വേറെ ആളെ നോക്കണം.

സംഘികളുടെ കണ്ണിലെ കരടായ മുഹമ്മദ് സുബൈറിന്റെ സ്‌റ്റൈലില്‍ ഒരു ഫാക്ട് ചെക്കിങ് സീരീസ് തന്നെ തുടങ്ങാമെന്നാണ് തീരുമാനം. ഒരു കാലത്ത് സമാധാനത്തോടെ ജീവിച്ചിരുന്ന മലയാളിയുടെ തലച്ചോറില്‍ നിരന്തരം ചാണകപ്പുഴുക്കളെ കടത്തി വിടുന്ന ജനം ടി.വിയുടെ കള്ളപ്രചാരണങ്ങള്‍ തുറന്ന് കാട്ടുക തന്നെ ലക്ഷ്യം. സീരീസിന് ഒരു പേരുമിട്ടു. വ്യാജ വാര്‍ത്തകളുടെ വിശ്വഗുരു,’ ബിനോജ് നായര്‍ പറഞ്ഞു.

2021 ഡിസംബര്‍ 21ന് പത്തനംതിട്ടയിലെ മല്ലപ്പിള്ളിയിലെ ചായക്കടയില്‍ ബോംബ് പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ വസ്തുതയാണ് ആദ്യ സീരീസില്‍ ബനോജ് പങ്കുവെച്ചത്.

ഇതുമായി ബന്ധപ്പെട്ട് ബിനോജിന്റെ കുറിപ്പ്.

പത്തനംതിട്ടയിലെ നുണബോംബ്

2021 ഡിസംബര്‍ 21ന് ജനം ടി.വി പുറത്തുവിട്ട വാര്‍ത്ത കേരളത്തെ നടുക്കി- പത്തനംതിട്ടയിലെ മല്ലപ്പിള്ളിയില്‍ ചായക്കടയില്‍ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. വാര്‍ത്ത വായിക്കുന്ന ദേശസ്‌നേഹി അമ്മച്ചി ഈ സംഭവത്തെ മുസ്‌ലിം വിദ്വേഷം എന്ന പോയിന്റിലേയ്ക്ക് എത്തിക്കാനായി പെടുന്ന കഷ്ടപ്പാട് നിങ്ങള്‍ ഒന്ന് കാണേണ്ടതാണ്.

ഡിസംബര്‍ ആദ്യവാരം കുട്ടികളുടെ ഷര്‍ട്ടില്‍ ബാബ്റി ബാഡ്ജ് കുത്തിയ സംഭവം നടന്ന കോട്ടങ്ങല്‍ പഞ്ചായത്തിന്റെ സമീപ പഞ്ചായത്തിലാണത്രെ സ്‌ഫോടനം. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ബഷീറിന്റെ ചായക്കടയില്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിയത്. ബഷീര്‍ ഒളിവിലാണ് എന്ന് കൂടി അമ്മച്ചി മൊഴിയുന്നു.

ഹാവൂ, ആശ്വാസായി, ഒരു വിധത്തില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ച് അമ്മച്ചി മൈക്ക് സംഭവസ്ഥലത്ത് വെയിറ്റ് ചെയ്യുന്ന അനിയന്‍ സംഘിക്ക് കൈമാറുന്നു.

കയ്യില്‍ ചരടൊക്കെ കെട്ടി നല്ല ദേശസ്‌നേഹി ലുക്കുള്ള അനിയന്‍ ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ലക്ഷ്യവെച്ച് മുന്നേറുന്നു. സണ്ണി എന്ന ഒരു പാവത്തിന്റെ നാല് വിരലുകള്‍ അറ്റുപോയി, നില അതീവ ഗുരുതരം. ജിഹാദികളുടെ ആക്രമണത്തിന്റെ ഇരകളായ ക്രിസംഘികളുടെ നേരെയാണ് അനിയന്റെ ഏറ്.

ബഷീര്‍, മുസ്‌ലിം ലീഗ്, ബോംബ് തുടങ്ങി അമ്മച്ചി കൂട്ടിക്കുഴച്ചുവെച്ച ചാണക മിശ്രിതത്തില്‍ അനിയനും മതിമറന്ന് നീന്തിത്തിമിര്‍ക്കുന്നുണ്ട്. കൂടാതെ കുറച്ചു കാലമായി ഹിന്ദുവിന്റെ ക്ഷാത്രവീര്യം നിമിഷ നേരം
കൊണ്ട് വര്‍ധിപ്പിക്കുന്ന എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്ന തുള്ളിമരുന്ന് കൂടി അനിയന്‍ രണ്ടുതുള്ളി കൈയ്യില്‍ നിന്നിടുന്നു. ബാബ്റി ബാഡ്ജ് സംഭവത്തില്‍ പ്രതികളായ പി.എഫ്.ഐക്കാര്‍ ഒളിവില്‍ കഴിയുന്ന പഞ്ചായത്തിലാണ് പോലും സംഭവം – ഒളിച്ച സ്ഥലം കൃത്യമായി അറിയാമെങ്കി നേരെ ചെന്നങ്ങു പിടിച്ചാ പോരെ സംഘി!

………………………………………………

വ്യാജവാര്‍ത്തയുടെ വിശ്വഗുരു പുറത്തു വിട്ട റിപ്പോര്‍ട്ടിന്റെ വിഡിയോ


………………………………………..

വാര്‍ത്ത കേട്ടതോടെ പഴങ്കഞ്ഞി കുടിച്ചുകിടന്നുറങ്ങിയ ദേശസ്‌നേഹികള്‍ സ്വാഭിമാനം വീണ്ടെടുത്ത് യൂട്യൂബിലേക്ക് ഇരച്ചുകയറി കമ്മന്റ് ബോക്‌സുകളില്‍ ചാണകം മെഴുകി- സാമ്പിള്‍ സ്‌ക്രീന്‍ഷോട്ട് കാണൂ.
ഇനി വാര്‍ത്തയുടെ സത്യാവസ്ഥ കൂടി അറിയുക. അന്നേ ദിവസം ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട വാര്‍ത്ത പരിശോധിയ്ക്കൂ – ഇതിന്റെയും സ്‌ക്രീന്‍ഷോട്ട് ഇവിടെയുണ്ട്.

ജനം ടി.വി പാവം ക്രിസ്ത്യന്‍ രക്തസാക്ഷി പരിവേഷം നല്‍കിയ പാറ പൊട്ടിയ്ക്കുന്ന ജോലി ചെയ്യുന്ന സണ്ണി ചാക്കോ വെടിമരുന്നുമായി ഒരു ചായക്കടയില്‍ കയറുന്നു. എന്നിട്ട് ചായ വരാനായി വെയിറ്റ് ചെയ്യവേ കൈയ്യിലിരുന്ന ബീഡിയ്ക്ക് ഒന്ന് തീ കൊളുത്തുന്നു, മേശപ്പുറത്ത് വെച്ച വെടി മരുന്നു പൊതിയ്ക്ക് തീപിടിയ്ക്കുന്നു, പൊട്ടിത്തെറിയ്ക്കുന്നു, അയാളുടെ വിരലുകള്‍ അറ്റുപോകുന്നു.

ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പൊട്ടിയത് ബോംബല്ല വെടിമരുന്നാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പിന്നെ, അതില്‍ ബാബ്റിയില്ല, എസ്.ഡി.പി.ഐകയില്ല, പി.എഫ്.ഐയില്ല, മുസ്‌ലിം ലീഗില്ല, ദുരൂഹതയില്ല, എന്തിന് ചായക്കടക്കാരന്റെ പേര് പോലുമില്ല. അത് മാത്രമല്ല, ബഷീര്‍ ഒളിവില്‍ പോയതും അവര്‍ അറിഞ്ഞിട്ടില്ല. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടിയിരിയ്ക്കുന്നു.

പിന്നെ ഒരു വിവരം കൂടി ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയില്‍ പറയുന്നുണ്ട്. സണ്ണിയുടെ വീട്ടിലും വെടി മരുന്ന് സൂക്ഷിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തി. അനധികൃതമായി വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതിന് അയാളുടെ പേരില്‍ Explosives Act പ്രകാരം കേസുമെടുത്തു. പക്ഷേ അയാള്‍ സുലൈമാനോ സുഡാപ്പിയോ അല്ലാത്തതിനാല്‍ തീവ്രവാദി, ദേശദ്രോഹി, ഐസ്.എസ്.ഐ.എസ് ചാരന്‍ തുടങ്ങിയ ബഹുമതികള്‍ അര്ഹിക്കുന്നില്ലെന്ന് മാത്രം.
ഇനി പറയൂ, ഇങ്ങനെ പച്ചക്കള്ളം വിളിച്ചു പറഞ്ഞു വംശീയവെറി ഉല്‍പ്പാദിപ്പിയ്ക്കുന്ന മാരണങ്ങളെ വേറെ ഏത് രാജ്യത്താണ് ഇങ്ങനെ കയറൂരി വിടുക. ഇങ്ങനെ മുസ്‌ലിങ്ങളെ തിരഞ്ഞു പിടിച്ച് കടിയ്ക്കാന്‍ വേണ്ടി മാത്രം എല്ലിന്‍ കഷണമിട്ട് കൊടുത്ത് ഈ ഭ്രാന്തന്‍ നായയെ വളര്‍ത്തുന്നതും സംരക്ഷിക്കുന്നതും ഒരു രാജ്യം ഭരിയ്ക്കുന്ന സര്‍ക്കാര്‍ തന്നെയാണെന്ന് നാട്ടുകാര്‍ക്ക് അറിയാത്തതല്ലല്ലോ.
സ്വബോധമില്ലെങ്കിലും സ്വാഭിമാനം അണപൊട്ടിയ ദേശീയ ഹിന്ദുക്കളുടെ ചാണകമാമാങ്കത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഒന്ന് വായിച്ചു നോക്കൂ – dog whistling എന്ന ജോലി ജനം ടി.വി എത്ര ഭംഗിയായി നിര്‍വഹിക്കുന്നു എന്ന് നിങ്ങള്‍ക്ക് മനസിലാകും.

CONTENT HIGHLIGHT: A Youth with fact check series against Sangh Parivar channel Janam TV.