കാസര്‍ഗോഡ്: നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യോങ്കോര്‍ കീണാവൂര്‍ സ്വദേശിയായ സന്ദീപ് (38) മരിച്ചത്.
ചൊവ്വാഴ്ചയാണ് വീരര്‍കാവ് ക്ഷേത്രത്തില്‍ അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ വെടിക്കെട്ടുപുരയ്ക്ക് തീപ്പിടിച്ച് 154 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് നടന്ന തെയ്യംകെട്ടലിനിടെയാണ് അപകടം നടന്നത്.
പൊള്ളലേറ്റവരില്‍ പത്ത് പേരുടെ നില ഗുരുതരമായിരുന്നു. ഗുരുതര വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സന്ദീപാണ് ഇപ്പോള്‍ മരിച്ചത്.
വെടിക്കെട്ട് പുരയ്ക്ക് സമീപം നിന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. രാത്രി 12:30 യോടെയാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ തെയ്യത്തിന്റെ വെള്ളാട്ട് നടക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ അതിന്റെ തീപ്പൊരി വെടിക്കെട്ട് പുരയിലേക്ക് വീണ് തീപിടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഉണ്ടയിരുന്നില്ലെന്ന് കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ഇന്‍പരേശന്‍ കാളിമുക്ക് അറിയിച്ചിരുന്നു. വെടിക്കെട്ട് നടത്തുന്നതിനായി അപേക്ഷ നല്‍കിയിരുന്നില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.
പിന്നാലെ ഭാരവാഹികളായ ചന്ദ്രശേഖരന്‍, ബാബു, ഭരതന്‍, തമ്പാന്‍, എ.വി. ഭാസ്‌കരന്‍, രാജേഷ്, ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസ് എടുത്തിരുന്നു.
ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ നിയമപരമായ അനുമതി ഇല്ലാതെയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അശ്രദ്ധമായായി വെടിക്കെട്ട് കൈകാര്യം ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് എഫ്.ഐ.ആര്‍.
അപകടം നടക്കുമ്പോള്‍ ക്ഷേത്രപരിസരത്ത് 1000ത്തിലധികം പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പലര്‍ക്കും മുഖത്തും കൈകളിലുമാണ് പരിക്കേറ്റത്.