തിരുവനന്തപുരം: 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി നേടിയതിന് പിന്നാലെ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ചു. പാങ്ങോട് സ്വദേശി സജീവാ(35)ണ് മരിച്ചത്.
ലോട്ടറി അടിച്ച സന്തോഷത്തിനിടയില്‍ ഇദ്ദേഹം സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി നടത്തിയിരുന്നു. ഇതിനിടെ സുഹൃത്ത് തള്ളിയിട്ടതിന് പിന്നാലെ പരിക്കേറ്റ് സജീവ് ആശുപത്രിലായിരുന്നു. ഇതിന് പിന്നാലെയാണ് മരണം.
കഴിഞ്ഞ മാസമായിരുന്നു സജീവിന് 80 ലക്ഷം ഭാഗ്യക്കുറിയടിച്ചത്. തുക ബാങ്കിലെത്തിയതിന് പിന്നാലെ ശനിയാഴ്ച പാങ്ങോട് ചന്തക്കുന്നില്‍ വാടകക്ക് താമസിക്കുന്ന രാജേന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ പാര്‍ട്ടി നടത്തി. ഇതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെയാണ് സജീവിന് വീണ് പരുക്കേറ്റത്.
വീടിന്റെ മുറ്റത്തുനിന്ന് ഒരു മീറ്റര്‍ താഴ്ചയിലുള്ള റബര്‍ തോട്ടത്തിലേക്ക് വീണ സജീവിന്റെ ശരീരത്തിന് തളര്‍ച്ചയും ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടാണ് അദ്ദേഹം മരിച്ചത്. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.