റായ്പൂര്‍: കോഴിയെ ജീവനോടെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. കുട്ടികളുണ്ടാവാന്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം കോഴിയെ വിഴുങ്ങിയതെന്ന സംശയമാണ് യുവാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രകടിപ്പിക്കുന്നത്.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും കുട്ടിയുണ്ടാവാത്തതിനെ തുടര്‍ന്ന് യുവാവ് മന്ത്രവാദിയെ സമീപിക്കുകയും പിന്നാലെ കോഴിയെ വിഴുങ്ങുകയുമായിരുന്നുവെന്നാണ് വാര്‍ത്ത.
ചത്തീസ്ഗഡിലെ അംബികാപൂരിലാണ് സംഭവം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയിട്ടുണ്ടെന്ന് മനസിലാവുന്നതെന്നും ഇന്ത്യാ ടുഡേ പറയുന്നു.
ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്ന യുവാവ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്.
കുളി കഴിഞ്ഞ് തിരിച്ചെത്തിയ ആനന്ദിന് തലകറക്കവും ബോധക്ഷയവും ഉണ്ടായതായും പിന്നാലെ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു.
വയറിനുള്ളില്‍ കോഴിക്കുഞ്ഞുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ യുവാവ് മന്ത്രവാദികളുമായി ബന്ധമുള്ള ആളായിരുന്നുവെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.
യുവാവ് പ്രാദേശിക മന്ത്രവാദിയുമായി ബന്ധം പുലര്‍ത്തിയിരുന്നതായും ആനന്ദിന്റെ ജീവിതചര്യകളെ അന്ധവിശ്വാസങ്ങള്‍ സ്വാധീനിച്ചിരിക്കാമെന്നും ഗ്രാമവാസികള്‍ പറയുകയായിരുന്നു.
മരണകാരണം അവ്യക്തമായിരുന്നുവെങ്കിലും തൊണ്ടയ്ക്ക് സമീപം മുറിവുണ്ടായതും കോഴിക്കുഞ്ഞ് വയറിനുള്ളില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു.
ഏകദേശം 20 സെന്റീമീറ്റര്‍ നീളമുള്ള കോഴിക്കുഞ്ഞ് ശ്വാസനാളത്തെയും അന്നനാളത്തെയും തടസ്സപ്പെടുത്തുകയും ചെയ്തതോടെ ശ്വാസം മുട്ടിയാണ് യുവാവ് മരിച്ചതെന്നാണ് സ്ഥിരീകരണം.
15000 ത്തിലധികം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു കേസ് ആദ്യമായിട്ടാണെന്നും സംഭവം എല്ലാവരിലും ഞെട്ടലുണ്ടാക്കിയെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സംഭവം ലോക്കല്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: A young man who swallowed a chicken alive to have children has a tragic end; Doubt that it is according to the instructions of the witch doctor