കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരിമുള സ്വദേശി ചിറകോണത്ത് അജയരാജാണ് മരിച്ചത്. മരണം ലോണ്‍ ആപ്പ് ഭീഷണിമൂലമെന്ന് സംശയം. അജയരാജ് ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി സുഹൃത്തുക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
ലോട്ടറി വില്‍പ്പനക്കാരനാണ് അജയരാജ്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് ജോലിക്കായി പോയതായിരുന്നു. ഇതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് പ്രദേശത്തെ ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അജയരാജ് കിഡ്നി രോഗിയാണ്. ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ച നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സന്ദേശം ലഭിച്ച നമ്പറിലേക്ക് അജയരാജ് മരിച്ചെന്ന് പൊലീസ് മെസേജ് അയച്ചപ്പോള്‍ നല്ല തമാശയെന്നായിരുന്നു മറുപടി. പന്ത്രണ്ട് അക്ക ഇന്റര്‍നെറ്റ് നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. അജയരാജിന്റെ ഫോണും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം, ലോണ്‍ ആപ്പ് വഴി പണം എടുത്ത് തിരിച്ചടക്കാനാവാതെയുള്ള മരണം സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. കൊച്ചി കടമക്കുടിയിലെ ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിന് കാരണം ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്തത് കാരണമാണെന്നുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നു.
Content Highlight: A young man was found hanging dead in Wayanad.