പാര്‍ലമെന്റിന് സമീപം യുവാവ് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
national news
പാര്‍ലമെന്റിന് സമീപം യുവാവ് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th December 2024, 5:28 pm

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലെ റോഡില്‍ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് വൈകീട്ട് (ചൊവ്വാഴ്ച്ച) നാല് മണിയോടെയാണ് സംഭവം നടന്നത്. ഏകദേശം 30 വയസോളം പ്രായം തോന്നിക്കുന്ന യുവാവ് പാര്‍ലമെന്റിന് സമീപത്തെ റോഡില്‍വെച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

പെട്രോള്‍ പോലെയുള്ള ഒരു ദ്രാവകമാണ് തീക്കൊളുത്താന്‍ ഉപയോഗിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പൊലീസാണ് തീ ആളി കത്തുന്നത് കണ്ട് തീക്കെടുത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ പേര് വിവിരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസും ഫോറന്‍സിക് സംഘവും മറ്റ് സേനാംഗങ്ങളും സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി വരികയാണ്.

റോഡിന് സമീപം ആത്മഹത്യ കുറിപ്പ് എഴുതി വെച്ചതിന് ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഹിന്ദിയിലാണ് കുറിപ്പ് എഴുതിയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കത്തിലെ വിവരങ്ങല്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

കത്തിക്കരിഞ്ഞ ഷൂ, വസ്ത്രത്തിന്റെ ചില ഭാഗങ്ങള്‍, യുവാവിന്റെ ബാഗ് എന്നിവ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

യുവാവിനെ ആര്‍.എം.എല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതീവ സുരക്ഷയുള്ള ഈ മേഖലയില്‍ ഇത്തരമൊരു സംഭവം നടന്നത് സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

പഴയ പാര്‍ലമെന്റിന് സമീപവും സമാനമായ രീതിയില്‍ 2022ല്‍ ആത്മഹത്യ ശ്രമം നടന്നിരുന്നു. അന്ന് ഐ.പി.എല്‍ വാതുവെപ്പില്‍ വന്‍ നഷ്ടം നേരിട്ടെന്ന് കാരണത്താല്‍ 39 കാരന്‍ പാര്‍ലമെന്റ് സമുച്ചയത്തിന് സമീപമുള്ള മരത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്തിരുന്നു.

Content Highlight: A young man tried to commit suicide by setting himself on fire near Parliament