World News
സ്വയം തീകൊളുത്തി ഇസ്രഈല്‍ കോണ്‍സുലേറ്റിന് മുന്നില്‍ യുവാവിന്റെ പ്രതിഷേധം
അറ്റ്‌ലാന്റ: ജോര്‍ജിയയിലെ ഇസ്രഈല്‍ കോണ്‍സുലേറ്റിന് മുന്നില്‍ സ്വയം തീകൊളുത്തി പ്രതിഷേധിച്ച് യുവാവ്. പ്രതിഷേധം ഇസ്രഈലിനെതിരെയുള്ള യുവാവിന്റെ വെറുപ്പും വിദ്വേഷവും തുറന്നുകാണിക്കുന്നുവെന്ന് ജോര്‍ജിയയിലെ നയതന്ത്ര ദൗത്യത്തിന്റെ തലവന്‍ പറഞ്ഞു.
സംഭവ സ്ഥലത്തിന്റെ സമീപ പ്രദേശത്ത് നിന്ന് ഒരു ഫലസ്തീനിയന്‍ പതാക കണ്ടെത്തിയതായും തീ കൊളുത്തുന്നതിനായി ഗ്യാസോലിന്‍ ഉപയോഗിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം പ്രതിഷേധത്തിന് പിന്നിലെ കൃത്യമായ ഉദ്ദേശം എന്താണെന്നതില്‍ വ്യക്തതയില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
സംഭവം നടന്നത് ഉച്ചക്ക് ശേഷമായതിനാല്‍ തന്നെ പ്രതിഷേധക്കാരന്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നെന്നും, യുവാവിനെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഒരു ക്യൂരിറ്റി ഗാര്‍ഡിനും പരിക്കേറ്റതായി അറ്റ്‌ലാന്റ പോലീസ് ചീഫ് ഡാരിന്‍ ഷിയര്‍ബോം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഈ പ്രതിഷേധം രാഷ്ട്രീയ പ്രതിഷേധത്തിന്റെ അങ്ങേയറ്റത്തെ പ്രവൃത്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. യുവാവിന്റെ പ്രതിഷേധത്തിന് തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ല. കൂടാതെ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ അപകട ഭീഷണി നേരിട്ടിരുന്നുമില്ല’ ജോര്‍ജിയയുടെ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രഈല്‍ ഭരണകൂടത്തിനെതിരെ പൊതുജനങ്ങള്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനാല്‍ അറ്റ്‌ലാന്റയടക്കമുള്ള പ്രദേശങ്ങളില്‍ പൊലീസ് പെട്രോളിങ് വര്‍ധിപ്പിച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ ‘കോണ്‍സുലേറ്റ് ഓഫീസ് കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ യുവാവ് സ്വയം തീകൊളുത്തിയ വിവരം അറിഞ്ഞതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട്. ഇത് ഇസ്രഈലിനെതിരെയുള്ള വെറുപ്പിനെ പ്രകടമാക്കുന്നു. ഈ പ്രവൃത്തി ഭീകരമായ ഒന്നുതന്നെയാണ്,’ഇസ്രഈല്‍ കോണ്‍സല്‍ ജനറല്‍ അനറ്റ് സുല്‍ത്താന്‍ ഡാഡോണ്‍ എക്‌സില്‍ കുറിച്ചു.