ന്യൂദല്‍ഹി: ആഗസ്റ്റ് 14 വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചോദ്യവുമായി ചരിത്രകാരനും മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനുമായ രാജ്മോഹന്‍ ഗാന്ധി.
”വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിങ്ങള്‍ പറഞ്ഞു, നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരി സഹോദരന്മാരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും വിദ്വേഷവും അക്രമവും മൂലം ലക്ഷക്കണക്കിന് സഹോദരീസഹോദരന്മാര്‍ക്ക് ജീവന്‍ നഷ്ടമായെന്നും. എന്റെ ചോദ്യം ഇതാണ്, കുടിയൊഴിപ്പിക്കപ്പെട്ടതോ കൊല്ലപ്പെട്ടതോ ആയ മുസ്ലിങ്ങളെ നമ്മുടെ സഹോദരിമാരിലും സഹോദരങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുണ്ടോ?” അദ്ദേഹം ചോദിച്ചു. ഈ ചോദ്യത്തിന് മിസ്റ്റര്‍ മോദി ‘ഉണ്ട്’ എന്ന് വ്യക്തമായ ഉത്തരം നല്‍കിയാല്‍ അത് ഒരു പുതിയ ദിവസമായിരിക്കുമെന്നും രാജ്മോഹന്‍ പറഞ്ഞു.
തന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ മോദി ഒരു പത്രസമ്മേളനം വിളിക്കേണ്ട ആവശ്യമില്ലെന്നും, മനസ്സാക്ഷിയില്ലാത്ത വിദ്വേഷവും അക്രമവും കാരണം മുസ്ലിങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് അദ്ദേഹത്തിന് ഒരു ലളിതമായ പ്രസ്താവന നല്‍കാം, അല്ലെങ്കില്‍ മറ്റൊരു ഹ്രസ്വമായ ട്വീറ്റ് ചെയ്യാം,” അദ്ദേഹം പറഞ്ഞു.