അമൃത്സര്‍: പൊലീസിനെ വട്ടം ചുറ്റിച്ച് കോണ്‍ഗ്രസ് എം.എല്‍.എ നവ്‌ജോത് സിംഗ് സിദ്ദു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ സിദ്ദുവിനെതിരെ ബീഹാര്‍ പൊലീസ് കഴിഞ്ഞവര്‍ഷം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ സംഭവം നടന്നിട്ട് ഒരുവര്‍ഷം ആയിട്ടും സിദ്ദുവിനെ ഒന്ന് കാണാന്‍പോലും സാധിക്കാത്ത അവസ്ഥയിലാണ് പൊലീസ്. സിദ്ദുവിനെ തേടി പലതവണ പൊലീസ് എത്തിയെങ്കിലും ഒരുതവണ പോലും കാണാന്‍ സാധിച്ചിട്ടില്ല. ബുധനാഴ്ച പൊലീസ് അമൃത്സറിലെത്തിയെങ്കിലും സിദ്ദുവിനെ കാണാന്‍ സാധിച്ചില്ല.
”ജാമ്യ ബോണ്ട് പേപ്പറുകളില്‍ ഒപ്പ് ലഭിക്കാന്‍ ഞങ്ങള്‍ ഇവിടെ സന്ദര്‍ശിക്കുമ്പോഴെല്ലാം അദ്ദേഹം ഇവിടെ കാണില്ല. ഇപ്പോഴും സ്ഥിതി അങ്ങനെതന്നെ. അദ്ദേഹത്തെ സമീപിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്,” ബീഹാര്‍ പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ലോക് സഭാതെരഞ്ഞെടുപ്പിലെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ ആയിരുന്നു സിദ്ദു. മുസ്‌ലിങ്ങള്‍ കൂട്ടത്തോടെ വോട്ട് ചെയ്യണമെന്നും അങ്ങനെ ചെയ്താല്‍ മോദിയെ പരാജയപ്പെടുത്താമെന്നുമായിരുന്നു സിദ്ദു പറഞ്ഞത്.
”എനിക്ക് മുസ്‌ലിം സഹോദരന്‍മാര്‍ക്കൊരു മുന്നറിയിപ്പ് നല്‍കാനുണ്ട്. കുറച്ച് പേര്‍ ചേര്‍ന്ന് നിങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ഉവൈസിയെ പോലുള്ളവരെ അതിനായിട്ട് ഉപയോഗിക്കുന്നുണ്ട്.. നിങ്ങള്‍ ഒന്നിച്ച് വോട്ടു ചെയ്താല്‍ മോദിയെ പുറത്താക്കാന്‍ സാധിക്കും,” സിദ്ദുവിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ബീഹാറിലെ കാത്തിഹാറില്‍ പ്രചാരണം നടത്തവേയാണ് സിദ്ദുവിന്റെ വിവാദ പ്രസ്താവന നടത്തിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ