| Monday, 4th November 2024, 10:48 am

യമുനയുടെ പുനരുജ്ജീവനം; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന് ആരംഭം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യമുന നദി വൃത്തിയാക്കുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന് ആരംഭം. ദല്‍ഹി-എന്‍.സി.ആര്‍, ബ്രജ് മേഖലകളിലൂടെ കടന്നുപോകുന്ന യമുനയുടെ ഭാഗങ്ങള്‍ വൃത്തിയാക്കാനാണ് നീക്കം.

നവംബര്‍ മൂന്ന് മുതലാണ് ക്യാമ്പയിന് ആരംഭം കുറിച്ചത്. ഐ.ടി.ഒയിലെ ഛാത്ത് ഘട്ടിന് സമീപത്ത് നിന്നാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പയിന്റെ ഭാഗമാണ്.

യമുനയെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

യമുന സന്‍സദ് കണ്‍വീനറായ രവിശങ്കര്‍ തിവാരിയാണ് ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്. യമുനയെ നദിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രാദേശിക കമ്മ്യൂണിറ്റികള്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍, പരിസ്ഥിതി സംഘടനകള്‍ എന്നിവരുമായി കൂടിയാലോചനകള്‍ നടത്തുമെന്ന് രവിശങ്കര്‍ തിവാരി അറിയിച്ചു.

യമുനയിലെ മലീനീകരണം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ദല്‍ഹി-എന്‍.സി.ആര്‍, ബ്രജ് മേഖലകളിലെ ജനങ്ങളെ സ്ഥിതിഗതികള്‍ പറഞ്ഞ് മനസിലാക്കിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യമുന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് മലിനീകരണവും കൈയേറ്റവുമാണെന്നും തിവാരി ചൂണ്ടിക്കാട്ടി.

ജനുവരി ഒന്ന് വരെ നഗരങ്ങളിള്‍ പടക്കം പൊട്ടിക്കുന്നതും നടത്തുന്നതും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു.

അന്തരീക്ഷത്തിലെ മലിനീകരണം യമുനയെ സാരമായി ബാധിക്കുന്നുണ്ടെന്നും തിവാരിയും പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ദല്‍ഹിയിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്നും രവിശങ്കര്‍ അറിയിച്ചു.

അതേസമയം യമുന നദിയിലെ മലിനീകരണം കുറയ്ക്കാന്‍ കെമിക്കല്‍ ഡിഫോമറുകള്‍ ഉപയോഗിക്കാന്‍ അധികാരികളില്‍ സമ്മര്‍ദം ഉണ്ടായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കാളിന്ദി കുഞ്ചിലെ യമുനയില്‍ വിഷപ്പത ഉയര്‍ന്ന് പൊങ്ങിയതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ യമുന നദിയിലെ മലിനീകരണത്തിന് ആം ആദ്മി പാര്‍ട്ടിയാണ് ഉത്തരവാദിയെന്നാണ് ബി.ജെ.പി നേതാവ് ഷെഹ്സാദ് പൂനവല്ല വിമര്‍ശിച്ചത്. ദല്‍ഹിയെ ഗ്യാസ് ചേമ്പറാക്കി മാറ്റിയതിന് ഉത്തരവാദി അരവിന്ദ് കെജ്‌രിവാളാണെന്നും ഷെഹ്സാദ് പൂനവല്ല പറഞ്ഞിരുന്നു.

Content Highlight: A year-long camp to clean the Yamuna River begins

We use cookies to give you the best possible experience. Learn more