| Monday, 20th November 2023, 5:09 pm

റോബിന്‍, സാമാന്യബുദ്ധി തൊട്ടുതീണ്ടാത്ത പ്രചരണങ്ങളും പിന്നിലെ രാഷ്ട്രീയലക്ഷ്യങ്ങളും

Swathi George

റോബിന്‍ എന്ന ബസ്സ് എന്തോ മഹത്തായ സ്വാതന്ത്ര്യസമരം നടത്തുകയാണ് എന്നാണ് ചിലര്‍ പറയുന്നത്. ഗിരീഷ് എന്നാണ് പേര് എന്ന് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കുന്ന ഒരാള്‍ താന്‍ അതിന്റെ ഉടമയാണെന്ന് കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു, മാധ്യമങ്ങള്‍ അത് ശരിയാണോ എന്ന് അന്വേഷിക്കാതെ ആ കള്ളം തന്നെ ആവര്‍ത്തിക്കുന്നു.

ഒരു രൂപ പോലും അടയ്ക്കാതെ കോടതിയില്‍ പോയി പിടിച്ചിട്ട വാഹനം ഇറക്കിയെന്ന് അയാള്‍ കള്ളം പറയുന്നു, മാധ്യമങ്ങള്‍ അത് തന്നെ ആവര്‍ത്തിക്കുന്നു. നിരവധി കള്ളങ്ങളും നിയമത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളും ഉപയോഗിച്ച് അദ്ദേഹവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ലോബിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വാസ്തവമാണോ എന്നൊന്നും അന്വേഷിക്കാതെ, അതെങ്ങനെ പൊതുജനത്തെ ബാധിക്കുമെന്നതും അതിന്റെ ഉദ്ദേശശുദ്ധിയെന്തെന്നുമൊന്നും അന്വേഷിക്കാതെ മാധ്യമങ്ങള്‍ അത് ആഘോഷിക്കുന്നു, ജനങ്ങള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

സാമാന്യബുദ്ധി തൊട്ടുതീണ്ടാത്ത ഈ പ്രചരണങ്ങളുടെ വ്യാപ്തിയില്‍ നിന്നും മനസ്സിലാക്കേണ്ടത് ഇതിനു രാഷ്ട്രീയലക്ഷ്യങ്ങളും ഉണ്ടാകാം എന്നതാണ്. എന്തുതന്നെയായാലും സാധാരണക്കാരുടെ സഞ്ചാരത്തിനുള്ള അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള പൊതുഗതാഗതസംവിധാനത്തെ തകര്‍ക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തുകൊണ്ടുള്ള നിയമലംഘനം അല്പമെങ്കിലും നേരു ബാക്കിയുള്ള ഒരു നിയമവ്യവസ്ഥയും കയ്യുംകെട്ടി നോക്കിനില്‍ക്കില്ല. പൊതുഗതാഗത സംവിധാനത്തിന്റെ ആണിക്കല്ലായ സ്റ്റേജ് കാര്യേജ് സംവിധാനത്തെ ബാധിക്കുന്ന ഒരു വിഷയത്തെ സംബന്ധിച്ച് സുപ്രീം കോടതി തന്നെ പല ആവര്‍ത്തി പറഞ്ഞുറപ്പിച്ച ഒരു നിയമത്തെക്കുറിച്ചാണ് ഇക്കൂട്ടര്‍ തെറ്റിധാരണ പരത്തുന്നത്.

റോബിന്‍ എന്ന ബസ്സിന്റെ ഉടമ ആരാധകശല്യം ഏറ്റുവാങ്ങുന്ന ഗിരീഷ് എന്ന വ്യക്തിയല്ല. ആ ബസ്സിനുള്ള ‘All India Tourist Permit’ എന്ന പെര്‍മിറ്റും ആ വ്യക്തിയുടെ പേരിലുള്ളതല്ല. ടൂറിസ്റ്റ് പെര്‍മിറ്റ് ഏതെങ്കിലും വിധത്തില്‍ കൈമാറ്റം ചെയ്യാവുന്നതോ, വാടകയ്ക്ക് നല്‍കാവുന്നതോ അല്ല.

ഈ വ്യക്തിയും മാധ്യമങ്ങളും അവകാശപ്പെടുന്നതുപോലെ ഇദ്ദേഹമാണ് അതിന്റെ ഉടമയും പെര്‍മിറ്റ് ഹോള്‍ഡറുമെങ്കില്‍ നിയമപ്രകാരമായ അനുമതിയില്ലാതെ അത് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കില്‍ ആ കാരണത്താല്‍ പെര്‍മിറ്റ് റദ്ദായിക്കഴിഞ്ഞു. അതിനര്‍ത്ഥം ബസ്സുമായി ഏതെങ്കിലും തരത്തില്‍ നിയമപരമായി ബന്ധമുള്ള ആളല്ല ഇതെന്നാണ്. ”സംരഭകന്” ഇത് അറിയാത്തതല്ല എങ്കിലും കള്ളം ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്, മാധ്യമങ്ങള്‍ അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

പെര്‍മിറ്റ് വ്യവസ്ഥ ലംഘിച്ചതിന് ഒരുതവണ എം.വി.ഡി കസ്റ്റഡിയിലെടുത്ത വാഹനം ഒരു കാശുമടയ്ക്കാതെ പുറത്തിറക്കിയെന്നാണ് ടിയാന്‍ അവകാശപ്പെടുന്നത്. മേല്‍കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ അതറിയിക്കാതെ കീഴ്‌കോടതിയെ സമീപിച്ച് ഒരുലക്ഷം രൂപ കെട്ടിവച്ചുകൊണ്ടാണ്, എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്നു കൂടിയുള്ള വ്യവസ്ഥയിലാണ് വാഹനം വിട്ടുകിട്ടിയത് എന്നത് ഇയാള്‍ മറച്ചുപിടിക്കുന്നു, നിജസ്ഥിതി അന്വേഷിക്കാതെയും പറയാതെയും മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കുന്നു.

കോണ്‍ട്രാക്റ്റ് കാര്യേജായി രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് മുന്‍കൂര്‍ ബുക്കിങ്ങുകള്‍ ഉണ്ട് എന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ നിന്നും, മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്കായി ട്രിപ്പ് നടത്തുന്നതിനായി മുന്‍പ് ചുമത്തിയതും പിന്നീട് ചുമത്തുന്നതുമായ പിഴകള്‍ അടച്ചുകൊണ്ട് ഓടാം എന്നുള്ള ഇടക്കാലവിധി സമ്പാദിച്ചുകൊണ്ടുള്ള വാഹനം ഇത് പാലിക്കാതെ നടത്തിയത് നിയമലംഘനം മാത്രമല്ല, കോടതിയലക്ഷ്യം കൂടിയാണ് എന്നതെങ്കിലും മാധ്യമങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടോ?

തമിഴ്നാട് എം.വി.ഡി വാഹനം കസ്റ്റഡിയിലെടുത്തപ്പോള്‍ വാഹനത്തില്‍ വഴിയില്‍ നിന്ന് ആള്‍ കയറിയിട്ടില്ലെന്നും ഇറങ്ങിയിട്ടില്ലായെന്നുമെല്ലാം സമര്‍ത്ഥിക്കാന്‍ ഈ ‘സ്വാതന്ത്ര്യസമരനായകന്‍’ ശ്രമിക്കുന്നത് കണ്ടു. അങ്ങനെ ചെയ്യാന്‍ പുതിയ ടൂറിസ്റ്റ് ചട്ടം അനുവദിക്കുമെന്നും അതിന് തല്പരകക്ഷികളായ കേരള എം.വി.ഡി തടസ്സം നില്‍ക്കുന്നുവെന്നും കഴിഞ്ഞ ദിവസം വരെ പ്രസംഗിച്ചുകൊണ്ടേയിരുന്ന ആള്‍ ഇപ്പോഴെന്താ ഇങ്ങനെ പറയുന്നത് എന്ന് മാധ്യമങ്ങള്‍ ചോദിച്ചോ?

പല സ്ഥലങ്ങളില്‍ ഇറങ്ങാനുള്ളവരെ സ്റ്റാര്‍ട്ടിങ്ങ് പോയിന്റില്‍ നിന്ന് കയറ്റിയിരുന്നുവെന്നും മുന്‍കൂര്‍ ബുക്ക് ചെയ്യാത്തവരെയും ട്രിപ്പില്‍ കയറ്റിയിരുന്നുവെന്നതും അത് സ്റ്റേജ് കാര്യേജ് ഓപ്പറേഷനാണെന്നും ഇടക്കാല വിധിയുടെ ലംഘനമാണെന്നും മനസ്സിലാക്കിയിരുന്നോ? മുന്‍കൂര്‍ കരാറിലേര്‍പ്പെട്ടെ യാത്രക്കാരല്ലാത്ത ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകരെയും വഹിച്ച് നടത്തിയ ട്രിപ്പ് സ്റ്റേജ് കാര്യേജ് ഓപ്പറേഷനും നിയമവിരുദ്ധവും കോടതിയലക്ഷ്യവുമായിരുന്നുവെന്നത് മനസ്സിലാക്കിയിരുന്നോ?

നവംബര്‍ 16-ആം തീയതി മുന്‍കൂട്ടി അനൗണ്‍സ് ചെയ്ത പ്രകാരം ട്രിപ്പ് നടത്തിയെന്നും എം.വി.ഡിയെ കബളിപ്പിച്ചുകൊണ്ട് മറ്റൊരു വാഹനത്തിലാണ് അത് ചെയ്തതെന്നും ഇദ്ദേഹം വീരപാണ്ഡ്യകട്ടബൊമ്മനായിരുന്നു. അത് ശരിയാണോ എന്നന്വേഷിക്കാതെ അതും മാധ്യമങ്ങള്‍ ആഘോഷിച്ചു. അതിലയാള്‍ ഉറച്ചുനില്‍ക്കുന്നു എങ്കില്‍, അനുമതിയില്ലാതെ മറ്റൊരു വാഹനം അന്നത്തെ ട്രിപ്പിന് ഉപയോഗിച്ചതിന്റെ പേരില്‍ ആ വാഹനത്തിനുള്ള പെര്‍മിറ്റ് റദ്ദാക്കാവുന്നതാണ്.

അതിന്റെ ഉടമയ്ക്കും വാഹനത്തിനും ഡ്രൈവര്‍ക്കും എതിരെ പെര്‍മിറ്റ് ലംഘനത്തിന് കേസുണ്ടാകും, കോടതി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. യാത്രക്കാരുടെ സുരക്ഷയെത്തന്നെ ബാധിക്കാവുന്ന അത്തരം കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏതുമില്ലാത്ത ഒരു മേഖലയല്ല ടൂറിസ്റ്റ് പെര്‍മിറ്റിന്റേതും.

ടൂറിസ്റ്റ് പെര്‍മിറ്റ് സംബന്ധിച്ച് 2023 മേയ് മാസം നിലവില്‍ വന്ന കേന്ദ്രഗവണ്മെന്റിന്റെ പുതുക്കിയ ചട്ടം [All India Tourist Vehicles (Permit) Rules, 2023] പ്രകാരം തങ്ങള്‍ക്ക് ഇപ്പോള്‍ നടത്തുന്ന വിധം ട്രിപ്പ് നടത്താമെന്നാണ് ഇവരുടെ വാദം. അത് വാസ്തവമാണോ? ഈ വാദത്തിന് ഉപോദ്ബലകമായി ഇവര്‍ പറയുന്നത് കേന്ദ്രമോട്ടോര്‍ വാഹന ചട്ടത്തിലെ 82 മുതല്‍ 85അ വരെയുള്ള ചട്ടങ്ങള്‍ പുതുക്കിയ ചട്ടം ഒഴിവാക്കിയിട്ടുണ്ടെന്നും ആയതിനാല്‍ അതിനൊപ്പമുള്ള ടൂറിസ്റ്റ് വാഹനം സ്റ്റേജ് കാര്യേജ് ഓപ്പറേഷന്‍ നടത്തരുത് എന്നുള്ള ചട്ടവും ഒഴിവായി എന്നുമാണ്.

ഇത് തന്ത്രപരമാണ്, ഒരല്പം ശ്രദ്ധയോടെ നോക്കിക്കാണേണ്ടുന്ന ഒന്ന്. വാസ്തവത്തില്‍ അത് കുറേ ചട്ടങ്ങളുടെ കൂട്ടമായ ഒരു ഒഴിവാക്കലാണ്, അതിലൊന്ന് മാത്രമാണ് സ്റ്റേജ് കാര്യേജ് ഓപ്പറേഷന്‍ നടത്തരുത് എന്നുള്ളത്. ഒരു ടൂറിസ്റ്റ് വാഹനവും സ്റ്റേജ് കാര്യേജ് പ്രവര്‍ത്തനം നടത്താന്‍ പാടില്ലായെന്നുള്ളത് പ്രത്യേകമായി പറയേണ്ടുന്ന ഒരു കാര്യമേയല്ല. അത് ഈ ചട്ടങ്ങളെല്ലാം ഉരുവം കൊള്ളുന്ന, മാതൃനിയമമായ (Mother Act), കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.

ആ നിയമത്തിന്റെ വ്യാപ്തിയില്‍ ആ നിയമം പറയുന്ന അര്‍ത്ഥങ്ങള്‍ പ്രകാരമാണ് ടൂറിസ്റ്റ് വാഹനം എന്നതിന്റെ നിര്‍വചനമെന്നു തന്നെ പുതുക്കിയ ചട്ടവും പറയുന്നു. വാസ്തവത്തില്‍ ലളിതമായ ഇക്കാര്യം ആ നിയമങ്ങളും ചട്ടങ്ങളും പരിചയമില്ലാത്തവരെ സംബന്ധിച്ച് സങ്കീര്‍ണ്ണമായിരിക്കാം. ലളിതമായി മറ്റൊരു രീതിയില്‍ പറയാം. ടൂറിസ്റ്റ് വാഹനങ്ങളെ സംബന്ധിച്ച് പുതുക്കിയ ചട്ടം വരുന്നതിനു മുന്‍പുള്ള ചട്ടത്തില്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് പ്രവര്‍ത്തനം നടത്തരുത് എന്ന ചട്ടം ഉണ്ടായിരുന്നുവല്ലോ.

അത് പ്രത്യേകം എടുത്ത് പറഞ്ഞില്ലായിരുന്നു എന്ന സ്ഥിതിയായിരുന്നുവെങ്കില്‍ കൂടി നിയമം അത് അനുശാസിക്കുന്നുണ്ട്. പുതുക്കിയ നിയമത്തില്‍ അത് പറയുന്നില്ലെങ്കിലും നിയമം അത് അനുശാസിക്കുന്നു, അതായത്, ചട്ടത്തില്‍ (Rule) പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ടൂറിസ്റ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് പ്രവര്‍ത്തനം നടത്തരുത് എന്ന് നിയമം (Act) അനുശാസിക്കുന്നുണ്ട് എന്നര്‍ത്ഥം.

സ്റ്റേജ് കാര്യേജ് എന്നാല്‍ അത്തരത്തില്‍ പെര്‍മിറ്റുള്ള ഒരു വാഹനത്തില്‍ അതിനായി അനുവദിച്ചിട്ടുള്ള റൂട്ടിലും സമയത്തും ആ റൂട്ടിലെ ഏത് ഭാഗത്തു നിന്നും ആളെ കയറ്റുവാനും ഏത് ഭാഗത്തും ആളെ ഇറക്കുവാനും അവരില്‍ നിന്നും അതനുസരിച്ചുള്ള വെവ്വേറെ നിരക്കില്‍ പണം ഈടാക്കാനും അനുവദിക്കുന്ന പെര്‍മിറ്റാണ്.

നാം സാധാരണ പ്രൈവറ്റ് ബസ്സുകളെന്നും ലൈന്‍ ബസ്സുകളെന്നുമെല്ലാം വിളിക്കുന്നവയും കെ.എസ്.ആര്‍.ടി.സിയുമെല്ലാം ആ വിധത്തിലുള്ളതാണ്. ഇത് യാത്രക്കാര്‍ക്ക് വലിയ അവകാശങ്ങള്‍ നല്‍കുന്ന, സ്റ്റേറ്റിന്റെ വലിയ നിയന്ത്രണത്തിലുള്ള ഒരു വ്യവസ്ഥയാണ്. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍, സമയക്ലിപ്തത, സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമെല്ലാമുള്ള അവകാശങ്ങള്‍, വിദൂരവും ഒറ്റപ്പെട്ട് നില്‍ക്കുന്നതുമായ പ്രദേശങ്ങളിലേയ്ക്കുള്ള ഉറപ്പായ സര്‍വ്വീസുകള്‍, കണ്ടക്ടര്‍, സഹായി എന്നിങ്ങനെയുള്ള തൊഴില്‍ വിഭാഗങ്ങള്‍, നിയന്ത്രണങ്ങള്‍, അവകാശങ്ങള്‍ എന്നിവയുള്‍പ്പടെ പലതും ഉള്‍ച്ചേരുന്ന ഒരു വ്യവസ്ഥ.

യാത്ര ചെയ്തുവന്നിരുന്ന ഒരു ബസ് അടുത്ത ദിവസം വന്നില്ലെങ്കിലോ, സമയം പാലിച്ചില്ലെങ്കിലോ, ഒരു ട്രിപ്പ് കാന്‍സല്‍ ചെയ്‌തെങ്കിലോ, സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെങ്കിലോ, കണ്‍സഷന്‍ തന്നില്ലെങ്കിലോ, അംഗീകരിച്ച നിരക്കില്‍ കൂടുതല്‍ ആവശ്യപ്പെട്ടാലോ ഒക്കെ പിഴയും പെര്‍മിറ്റ്/ ലൈസന്‍സ് റദ്ദാക്കലുമെല്ലാം ശിക്ഷകളായുള്ള, യാത്രക്കാരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന, പണമുണ്ടെന്ന് കരുതി ഏതൊരാള്‍ക്കും തന്നിഷ്ടപ്രകാരം ഇടപെടാന്‍ കഴിയാത്ത ഒരു മേഖലയാണത്.

ഭൂരിപക്ഷവും സാധാരണക്കാരായ ഒരു സമൂഹത്തിന്റെ യാത്രാമാര്‍ഗ്ഗവ്യവസ്ഥയുടെ ആണിക്കല്ലാണ് സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് വ്യവസ്ഥ. എന്നാല്‍ കോണ്‍ട്രാക്റ്റ് കാര്യേജ് എന്നത് അതില്‍ യാത്ര ചെയ്യുന്നവരും അല്ലെങ്കില്‍ യാത്ര സംഘടിപ്പിക്കുന്ന ആളും വാഹനത്തിന്റെ ആളും തമ്മില്‍ ഏര്‍പ്പെടുന്ന ഒരു കരാര്‍ പ്രകാരമുള്ളതാണ്.

അതിനുള്ള നിരക്കിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നുമില്ല, സമയത്തിന്റെ കാര്യത്തിലുമതെ. കരാര്‍ പറയുന്ന പ്രകാരമുള്ള നിയന്ത്രണങ്ങള്‍ മാത്രം. ആ കരാറിനു ശേഷം അതിലെ വ്യവസ്ഥകള്‍ മറ്റൊരു ദിവസം പാലിക്കപ്പെടണമെന്നേയില്ല. ഒരു ടൂറിസ്റ്റ് വാഹനമെന്നാല്‍ ഒരു കോണ്‍ട്രാക്റ്റ് കാര്യേജ് ആണെന്നും കോണ്‍ട്രാക്റ്റ് കാര്യേജിന്റെ വ്യവസ്ഥകള്‍ അതിനും ബാധകമാണെന്നും നിയമം പറയുന്നു.

കോണ്‍ട്രാക്റ്റ് കാര്യേജ് എന്നതിന് നിയമപ്രകാരം അതിലുള്ള ആളുകള്‍ക്കെല്ലാം ഒരു കോണ്‍ട്രാക്റ്റ്, ഒരൊറ്റ കരാര്‍ എന്നുള്ളതാണ് വ്യവസ്ഥ. ആ ഒരൊറ്റ കരാര്‍ എന്നതുകൊണ്ട് നിയമം ഉദ്ദേശിക്കുന്നത് യാത്രക്കാര്‍ക്കെല്ലാം സമാനസ്വഭാവമുള്ള ആവശ്യം (”common purpose’) ആണെന്ന് പലതവണ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

വിവാഹയാത്ര, വിനോദ, തീര്‍ത്ഥാടന, പഠനയാത്രകള്‍ പോലുള്ളവയാണത്. പൊതുവായ ആവശ്യം മാത്രമല്ല, കോണ്‍ട്രാക്റ്റില്‍ മുന്‍കൂര്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയല്ലാതെ ഒരാളെയും സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ വാഹനത്തില്‍ കയറ്റുകയോ യാത്രാമദ്ധ്യേ വാഹനത്തില്‍ കയറ്റുകയോ ചെയ്യരുതെന്ന് നിയമം അനുശാസിക്കുന്നു.

ഇതില്‍ ഏതെങ്കിലും ഒന്ന് ശരിയല്ലാതെ വന്നാല്‍ അത് ഒരു സ്റ്റേജ് കാര്യേജ് പ്രവര്‍ത്തനമായി മാറും. പൊതുഗതാഗതവ്യവസ്ഥയെ അത് വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കും. അങ്ങനെ വന്നാല്‍ ടൂറിസ്റ്റ് / കോണ്‍ട്രാക്റ്റ് കാര്യേജ് പെര്‍മിറ്റ് നേടുന്ന ഏത് പണക്കാരനും തന്നിഷ്ടം പ്രകാരം ട്രിപ്പുകള്‍ നടത്താം. നിലവില്‍ സര്‍വ്വീസുകളുള്ള റൂട്ടില്‍ തന്ത്രപരമായി പ്രവര്‍ത്തിച്ച് സ്റ്റേജ് കാര്യേജ് മേഖലയെ അത്തരത്തിലുള്ളവര്‍ തകര്‍ക്കും.

എപ്പോള്‍ വേണമെങ്കിലും ഒരു റൂട്ടില്‍ ഓടിച്ചു വന്നിരുന്ന വാഹനം പിന്‍വലിക്കാം, തന്നിഷ്ടപ്രകാരം നിരക്ക് നിശ്ചയിക്കാം, സ്റ്റോപ്പുകളില്‍ നിര്‍ത്താം നിര്‍ത്താതിരിക്കാം, യാത്രക്കാരെ കയറ്റാം കയറ്റാതിരിക്കാം, വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ കൊടുക്കേണ്ടതേയില്ല, സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമൊന്നും സീറ്റ് മാറ്റിവയ്‌ക്കേണ്ടതില്ല, അസമയത്ത് നിര്‍ത്തേണ്ടതില്ല.

സ്റ്റേജ് കാര്യേജ് വ്യവസ്ഥ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന യാത്രക്കാരെ, സാധാരണക്കാരെ, അവിടെനിന്നും മാറ്റി, പണക്കാരെയും മുതലാളിമാരെയും അവിടെ പ്രതിഷ്ഠിക്കുന്ന ഒരു സംവിധാനമാണത്. പണാധിപത്യം നിശ്ചയിക്കുന്ന ഒരു പൊതുഗതാഗതസംവിധാനം. എന്നാല്‍ തല്‍ക്കാലം നിയമം അത് അനുവദിക്കുന്നില്ല.

അതിനാല്‍ Common Sense is not so common എന്നുള്ളത് കണക്കിലെടുത്ത് രോഷാകുലരായ റോബിന്‍ ആരാധകരും മാധ്യമങ്ങളും കൂടി ശ്രമിച്ച് നിയമനിര്‍മ്മാണസഭയെക്കൊണ്ട് ഈ നിയമങ്ങള്‍ മാറ്റി എഴുതിക്കാന്‍ ശ്രമിക്കേണ്ടതാണ്. അതുവരെ പക്ഷെ ഇങ്ങനെയാണ് കാര്യങ്ങള്‍.

അതുകൊണ്ടൊക്കെത്തന്നെ പലതവണ ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടായിട്ടുള്ളപ്പോഴൊക്കെയും സ്റ്റേജ് കാര്യേജ് സംവിധാനവും കോണ്‍ട്രാക്റ്റ് കാര്യേജ് സംവിധാനവും തമ്മിലുള്ള വ്യതിരിക്തത ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ഇല്ലാതെയാക്കുമെന്നും അത് ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ലായെന്നും രാജ്യത്തെ പരമോന്നത കോടതി State Of Andhra Pradesh & Others vs B.Noorulla Khan പോലെയുള്ള നിരവധി കേസുകളില്‍ നിസ്തര്‍ക്കമായി പ്രസ്താവിച്ചിട്ടുള്ളതാണ്, അതിനു വിരുദ്ധമായ ചട്ടങ്ങള്‍ അസാധുവാക്കിയിട്ടുള്ളതാണ്, ഹൈക്കോടതികളെയുള്‍പ്പടെ തിരുത്തിയിട്ടുള്ളതാണ്.

പെര്‍മിറ്റ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഒരു വാഹനം, അതും നിരവധി മനുഷ്യരെ കയറ്റുന്ന ബസ്സ് പോലെയൊന്ന് ഓടി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏതുവിധമാകുമെന്നത് ആ കമ്പനികളുടെ വ്യവസ്ഥകള്‍ പരിശോധിച്ചാലേ പറയാന്‍ കഴിയൂ. വ്യവസ്ഥയില്ലാത്തെ ഇക്കൂട്ടരുടെ സങ്കല്പലോകത്ത് ഇന്‍ഷുറന്‍സില്ലാതെ ചായകുടിക്കാന്‍ പോകുന്ന യാത്രക്കാരുടെ സുരക്ഷയും തുലാസില്‍ തന്നെ.

പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനം ഒരു സുരക്ഷാപ്രശ്‌നം കൂടിയാണ്. അതിനു പിഴയുണ്ടാകും, കേസുകളുണ്ടാകും. ഡെസ്റ്റിനേഷന്‍ പോയിന്റിലെത്തുന്ന വാഹനം നിയമങ്ങളും കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടിയ ഇടക്കാല ഉത്തരവിലെ വ്യവസ്ഥകളും ലംഘിച്ചാല്‍, കോടതി പറഞ്ഞ പ്രകാരം മുന്‍പ് ചുമത്തിയ പിഴകള്‍ അടയ്ക്കാത്ത സാഹചര്യത്തില്‍ വിശേഷിച്ചും, കസ്റ്റഡിയിലെടുക്കാം, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാം, പെര്‍മിറ്റ് റദ്ദാക്കാം നിരവധി ലംഘനങ്ങള്‍ക്കുള്ള കേസുകള്‍ അതിന്റെ ആളുകള്‍ക്കെതിരെയും പിന്തുണക്കാര്‍ക്കെതിരെയുമെല്ലാം എടുക്കാം.

അതിന് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ വിളിച്ചുപറഞ്ഞാലേ കഴിയൂ എന്നൊക്കെ തോന്നുന്നത് ആ പറയുന്നയാള്‍ അത് പറയുന്ന നിമിഷത്തേക്കെങ്കിലും താനാണ് ലോകത്തിന്റെ കേന്ദ്രസ്ഥാനത്ത് എന്ന് വിചാരിക്കുന്നതുകൊണ്ടാണ്.

പേനിനെ കൊല്ലാന്‍ ചുറ്റികയുടെ ആവശ്യമില്ല. ഈ വിഷയത്തില്‍ ശബരിമലയുള്‍പ്പടെ കലര്‍ത്തി വര്‍ഗ്ഗീയവിദ്വേഷം പരത്തുന്ന അയാള്‍ കേരളത്തിന്റെ സ്വാസ്ഥ്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയശക്തികളുടെകൂടി പ്രതിനിധിയാണെന്നു വേണം അനുമാനിക്കാന്‍.

ഇന്റര്‍നെറ്റില്‍ അല്പമൊന്ന് പരതിയാല്‍ അറിയാന്‍ കഴിയുന്ന, നിയമസംബന്ധിയായ ഇക്കാര്യങ്ങളെക്കുറിച്ച് അല്പമെങ്കിലും ഒന്ന് പഠിക്കാന്‍ ശ്രമിക്കാതെ, നേര് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കാതെ, മൊബൈല്‍ ക്യാമറയും മൈക്കും പിടിക്കാന്‍ അറിയുന്നവരെല്ലാം മാധ്യമപ്രവര്‍ത്തകരാകുന്ന ഇക്കാലത്ത് അവരെല്ലാം കൂടി റോബിനെന്ന ബസ്സിന്റെ സ്വയം പ്രഖ്യാപിത മുതലാളിയുടെ നേരെ മൈക്കും ക്യാമറയും നീട്ടുന്നു, മുതലാളീ മുതലാളീ എന്ന് വിളിക്കുന്നു.

അദ്ദേഹം എന്തോ എന്തോ എന്ന് വിളി കേള്‍ക്കുന്നു. എന്നിട്ട്, നിശ്ചയമായും ആ മനുഷ്യനും പിന്നിലുള്ള ലോബിക്കും ഇത് സംബന്ധിച്ചുള്ള നിയമങ്ങളും ചട്ടങ്ങളും അവ നിലനിര്‍ത്താനായി സുപ്രീം കോടതിയുടെ പലയാവര്‍ത്തി അടിവരയിട്ടു പറഞ്ഞ നിരീക്ഷണങ്ങളും അറിയാമെങ്കിലും കോടതി പിന്തുണച്ചു, കോടതി ഇടപെട്ടുകൊണ്ടിരിക്കുന്നു, സര്‍ക്കാര്‍ ചതിച്ചു, മന്ത്രി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പക പോക്കുന്നു എം.വി.ഡി വേട്ടയാടുന്നു, മുഖ്യമന്ത്രി തമിഴ്നാട് സര്‍ക്കാരിനെക്കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുന്നു, സംരംഭകരെ തകര്‍ക്കുന്നു എന്നെല്ലാമുള്ള കള്ളങ്ങളും ടൂറിസ്റ്റ് ചട്ടങ്ങളെക്കുറിച്ചുള്ള ദുര്‍വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കുന്നു.

അതുകേട്ട് ആലോചനയില്ലാതെ ആവേശഭരിതരും ആക്രോശഭരിതരുമാകുന്ന വലിയൊരുകൂട്ടം ജനങ്ങള്‍ തങ്ങളെ ഇട്ടുമൂടാനാണ് ഇക്കൂട്ടര്‍ ഇത് കുഴിച്ചിരിക്കുന്നതെന്നറിയാതെ ആ കുഴിയിലേയ്ക്ക് എടുത്ത് ചാടുന്നു, നൃത്തം വയ്ക്കുന്നു. റോബിനെ തൊട്ടാല്‍ പൊള്ളുമെന്നും പെന്‍ഷന്‍ വാങ്ങിപ്പിക്കില്ലായെന്നുമെല്ലാം ധീരോദാത്തനായകരാകുന്നു.

ബഹുഭൂരിപക്ഷം നിയമങ്ങളും അവയുടെ ആത്മാവിലും ആദര്‍ശത്തിലും സാധാരണക്കാര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടിയുള്ളതാണെന്നത് മറന്നുപോകുന്നു, പണക്കാര്‍ക്ക് അത്തരം നിയമങ്ങളുടെ ആവശ്യം തന്നെയില്ലെന്നത് മറന്നുപോകുന്നു, നിയമവിരുദ്ധമായ ആക്രോശങ്ങള്‍ നിയമവിരുദ്ധമാണെന്നും ശിക്ഷാര്‍ഹവുമാണെന്നത് മറന്നുപോകുന്നു, എങ്കിലും നിയമം പക ഇച്ഛിക്കുന്നില്ലായെന്നത് മറന്നുപോകുന്നു, ഗാന്ധിയുടെ പ്രസിദ്ധമായ ആ ടാലിസ്മാന്‍ ഇപ്പോഴുമുണ്ടെന്നത് മറന്നുപോകുന്നു.

ഇതെല്ലാം ഓര്‍മ്മയുള്ളവരുണ്ടെന്നത് മറന്നുപോകുന്നു. എങ്കിലും റോബിനേ, ചന്ദ്രികേ, നിങ്ങള്‍ കാണും സങ്കല്പലോകമല്ലീയുലകം.

Content Highlight: A Writeup about  ROBIN Bus Controversy

Swathi George

We use cookies to give you the best possible experience. Learn more