പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിക്കുകയാണ് ഷറഫുദ്ദീന്‍, നിത്യാ മേനോന്‍, രണ്‍ജി പണിക്കര്‍, അശോകന്‍, മാല പാര്‍വതി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ മാസ്റ്റര്‍പീസ്. കുടുംബപശ്ചാത്തലത്തില്‍ കഥ പറയുന്ന സീരീസ് നാല് എപ്പിസോഡുകളിലായിട്ടാണ് പുറത്തിറക്കിയിരുന്നത്.
സീരീസിലെ ഓരോ കഥാപാത്രത്തെ കൊണ്ടും കൃത്യമായി രാഷ്ട്രീയം പറയിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. റിയ(നിത്യ മേനോന്‍), ബിനോയ് (ഷറഫുദ്ദീന്‍) എന്നിവരുടെ ദാമ്പത്യ ജീവിതത്തിലൂടെയാണ് സീരീസിന്റെ കഥ ആരംഭിക്കുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന ചില്ലറ പൊരുത്തേക്കേടുകള്‍ പരിഹരിക്കാനെന്ന പേരില്‍ എത്തി വിഷയം വഷളാക്കുന്ന ഇരുവരുടേയും വീട്ടുകാരിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.
സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഇവര്‍ക്കിടയില്‍ എത്തി അവര്‍ പോലും ആഗ്രഹിക്കാത്ത ഉപദേശങ്ങള്‍ നല്‍കി ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നം വഷളാക്കുന്ന ബന്ധുക്കളിലൂടെ, ഇന്നത്തെ കാലത്ത് പല കുടുംബങ്ങളിലും സംഭവിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെ തുറന്നുകാണിക്കുകയാണ് സീരീസ്.
ഒപ്പം ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ചില അന്ധവിശ്വാസങ്ങളെയെല്ലാം കണക്കിന് പരിഹസിക്കുന്നുമുണ്ട് സംവിധായകന്‍. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ് കൃപാസനവുമായി ബന്ധപ്പെട്ട് വരുന്ന രംഗങ്ങള്‍.
അടുത്തകാലത്തായി മലയാളികള്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷമായിരുന്നു കൃപാസനം. ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രവും അവര്‍ പ്രസിദ്ധീകരിക്കുന്ന പത്രവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു.
ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥന വഴിയും പത്രം ഉപയോഗിക്കുന്നതുവഴിയും വിശ്വാസികളുടെ രോഗങ്ങളും ജീവിതത്തിലെ സകല പ്രശ്‌നങ്ങളും മാറിയെന്ന് അവകാശപ്പെട്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശാസ്ത്രത്തിന് നിരക്കാത്ത ഇത്തരം അവകാശവാദങ്ങള്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു കൃപാസനം ട്രോളുകളില് നിറഞ്ഞത്.
മാസ്റ്റര്‍പീസില്‍ മരുമകള്‍ ഗര്‍ഭിണിയാകാനായി ആനിയമ്മയെന്ന കഥാപാത്രം മകന്‍ ബിനോയിക്ക് ചില ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്.
കൊളുത്തുമല ധ്യാനകേന്ദ്രത്തില്‍ ഒരു അത്ഭുത അച്ചന്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പെണ്ണിന്റെ അടിവയറ്റില്‍ കുരിശുവരച്ച് പ്രാര്‍ത്ഥിച്ചാല്‍ സന്താനഭാഗ്യം ഉറപ്പാണെന്നുമാണ് ആനിയമ്മ പറയുന്നത്.
അത്ഭുത അച്ചന്‍ കുരിശ് വരച്ച് വെള്ളപേപ്പറില്‍ എഴുതിത്തരുന്ന പ്രാര്‍ത്ഥന ചമ്മന്തിയരച്ച് പത്ത് ദിവസം കഞ്ഞിവെച്ചുകുടിച്ചാല്‍ കുഞ്ഞുണ്ടാകാന്‍ അത് മതിയെന്നുമാണ് ആനിയമ്മ മകനെ ഉപദേശിക്കുന്നത്.
മരുമകളേയും കൊണ്ട് അവിടെ വരെയൊന്ന് പോകണമെന്നും നമുക്ക് കാര്യം നടന്നാല്‍ മതി, സഭയൊന്നും നോക്കേണ്ടെന്നുമുള്ള ഒറ്റ ഡയലോഗില്‍ ചില ഇരട്ടത്താപ്പുകളെ കൂടി തുറന്നുകാണിക്കുയാണ് മാസ്റ്റര്‍പീസ്. ഇത്തരം അന്ധവിശ്വാസങ്ങള്‍ സഭയുടേയോ മതത്തിന്റേയോ അതിര്‍വരമ്പുകള്‍ ഇല്ലാതെ തന്നെ സ്വീകരിക്കപ്പെടുന്നതും ഇവിടെ കാണാം.
മരുമകള്‍ അതിന് തയ്യാറായില്ലെങ്കില്‍ ഈ ബന്ധം തന്നെ അവസാനിപ്പിക്കണമെന്നും എല്ലാത്തിനും പറ്റുന്ന ഒരാളെ നമ്മുടെ സഭയിലെ അച്ചന്‍ തന്നെ കണ്ടുപിടിച്ച് തരുമെന്നും പറയുന്ന അമ്മയുടെ ഉപദേശം കേള്‍ക്കാന്‍ പക്ഷേ മകന്‍ ബിനോയ് തയ്യാറാകുന്നില്ല. തന്റെ ഉപദേശം മകന്‍ കേള്‍ക്കാത്തതില്‍ ആനിയമ്മയും അസ്വസ്ഥയാണ്.
കൃപാസനം ധ്യാനകേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങുന്ന ബുള്ളറ്റിനാണ് കൃപാസനം പത്രം. ചേര്‍ത്തല സ്വദേശിയായ പെണ്‍കുട്ടിക്ക് ദീര്‍ഘകാലമായി കൃപാസനം പത്രം അരച്ചു ചേര്‍ത്ത മാവ് കൊണ്ട് ദോശയുണ്ടാക്കി നല്‍കി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവമായിരുന്നു ആദ്യ വിവാദം. ദീര്‍ഘകാലമായി വിവാഹം നടക്കാത്തതിനാല്‍ മകള്‍ക്ക് കൃപാസനം പത്രം രഹസ്യമായി അരച്ച് ഭക്ഷണത്തില്‍ ചേര്‍ത്തു നല്‍കുകയായിരുന്നു അമ്മ.
ഇതിന് പിന്നാലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒരു അധ്യാപിക കുട്ടികള്‍ക്ക് മികച്ച മാര്‍ക്ക് കിട്ടാനായി കൃപാസനംപത്രം തലണിയയ്ക്കടിയില്‍ വെച്ച് കിടക്കാന്‍ നിര്‍ദേശിച്ചതും വിവാദമായിരുന്നു.
കൃപാസനത്തിലെ പ്രാര്‍ത്ഥന വഴി പരീക്ഷ പാസായവര്‍, സര്‍ക്കാര്‍ ജോലി ലഭിച്ചവര്‍, വിദേശജോലി നേടിയവര്‍, കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടവര്‍ എന്നിങ്ങനെ പേരും സ്ഥലവും ഫോട്ടോയും വെളിപ്പെടുത്തിയുള്ള പല വീഡിയോകളും ഇതിനിടെ പുറത്തുവന്നിരുന്നു.
കൃപാസനം വിവാദമാകുകയും സ്ഥാപനം പ്രതിക്കൂട്ടില്‍ വരികയും ചെയ്തതോടെ വിഷയത്തില്‍ വിശദീകരണവുമായി കൃപാസനത്തില്‍ എഡിറ്റോറിയല്‍ എഴുതുന്ന ഫാ. വി.പി ജോസഫ് രംഗത്തെത്തിയിരുന്നു. പത്രം ഭക്ഷിക്കാനോ രോഗചികിത്സയ്ക്ക് ഔഷധമായോ ഉപയോഗിക്കാന്‍ കൃപാസനം നിര്‍ദേശിച്ചിട്ടില്ലെന്നും ഇപ്രകാരം ചെയ്യുന്നതിന് കൃപാസനത്തിന് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു ധ്യാനകേന്ദ്രത്തിന്റെ ന്യായീകരണം.
Content Highlight: a write up about Master Piece webseries and Kripasanam