ഇത് സൂചനയാണ്, പഴയതുപോലെ കഥകള്‍ തുടരില്ലെന്ന്
Opinion
ഇത് സൂചനയാണ്, പഴയതുപോലെ കഥകള്‍ തുടരില്ലെന്ന്
മിനി വിശ്വനാഥന്‍
Thursday, 10th November 2022, 4:26 pm

ജയയ്ക്ക് രണ്ടാമത്തേതോ മൂന്നാമത്തേതോ ആയ അടി കിട്ടിക്കഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്തിന് സിനിമ ബോറടിച്ചു. ഇതെന്തൊരു സിനിമയാണെന്നും റിയലിസ്റ്റിക്കല്ലെന്നും പരാതി പറഞ്ഞു കൊണ്ട് സീറ്റില്‍ ചാരിയിരുന്നു കണ്ണുകളടച്ചു.

സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ ‘നിനക്ക് അരവിന്ദനെ ഓര്‍മ്മയുണ്ടോ എന്ന് ഞാനവനോട് ചോദിച്ചു. സീതയുടെ മുഖത്തെ പൊള്ളല്‍പ്പാടുകള്‍ ഓര്‍ത്തതു കൊണ്ടാവണം അവന്‍ വീണ്ടും സ്‌ക്രീനിലേക്ക് ശ്രദ്ധിച്ചു തുടങ്ങി. അരവിന്ദനേക്കാളേറെ അവന് സീതയെ മറക്കാന്‍ പറ്റില്ലെന്ന് എനിക്കറിയാം.

മുഖത്തടിക്കുന്നതിന് പകരം അരവിന്ദന്‍ സീതയുടെ മുഖത്ത് ചൂട് ചായ പാറ്റിയൊഴിക്കാറാണ് പതിവ്. പറയുന്നത് കേട്ടാലും, കേട്ടില്ലെങ്കിലും അരവിന്ദന് ദേഷ്യം വരും. ഉത്തരം പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അവന് ദേഷ്യം തന്നെയാണ്. രുചിയായി വെച്ചാല്‍ ചിലവ് കൂടുമെന്ന പരാതി, രുചിയില്ലെങ്കില്‍ വളര്‍ത്തു ദോഷമെന്ന പരിഭവം.

ഇതൊക്കെയാണ് ഒരു മദ്ധ്യവര്‍ഗ പെണ്‍കുട്ടിയുടെ ജീവിതമെന്ന ആശ്വാസവുമായി സ്വന്തം വീട്ടുകാരും, ഭര്‍ത്താവില്‍ നിന്ന് ഒരടികിട്ടുന്നതൊക്കെ സാധാരണയല്ലേ എന്നും, അടി കൊള്ളാന്‍ കാരണങ്ങളുണ്ടാവുമെന്നും ബന്ധുക്കളും ചുറ്റും കൂടിയപ്പോള്‍ സീതയും മടുത്തു.

അരവിന്ദന്‍ എന്നും എവിടെയും ശരിയായും സ്‌നേഹമുള്ളവനായും ആഘോഷിക്കപ്പെട്ടപ്പോള്‍, കേള്‍ക്കാനാരുമില്ലാതായപ്പോഴാവണം ഒരു സന്ധ്യക്ക് സീത സ്വന്തം ശരീരത്തെ മണ്ണെണ്ണക്കുപ്പിക്കും തീപ്പെട്ടിക്കൊള്ളിക്കും വിട്ടു കൊടുത്തത്. പാതി പൊള്ളി വെന്ത അവളോട് നീ എന്തിനിതു ചെയ്തു എന്ന് ചോദിച്ചപ്പോള്‍, പിന്നെ ഞാനെന്ത് ചെയ്യണമായിരുന്നു എന്ന നിസ്സംഗതയോടെ കണ്ണുകളടച്ചു.

ആര്‍ക്കുമാര്‍ക്കും ബാധ്യതയാവാതെ പോയതിനു ശേഷം അവള് നല്ലവളായിരുന്നെന്നും, അരവിന്ദന് അവളെ ഒരുപാട് ഇഷ്ടമായിരുന്നെന്നും, നന്നായി തേങ്ങയരച്ച മീന്‍ കറി ഉണ്ടാക്കുമെന്നുമുള്ള വാഴ്തു പാട്ടുകള്‍ തെക്കെ പറമ്പില്‍ പ്രതിദ്ധ്വനിച്ചു.

അവന്റെ രണ്ടാം ഭാര്യക്ക് പാത്രം കഴുകുന്ന ലിക്വിഡും സോപ്പുപൊടിയും അലര്‍ജിയാണെന്നും കൂടാത്തതിന് അവളൊരു ശ്വാസംമുട്ടല്‍കാരിയുമാണെന്നും എന്റെ മോന്റെ വിധിയെന്നും പറഞ്ഞ് അരവിന്ദന്റെ അമ്മ സീതയുടെ മാലയിട്ട പടത്തിന് നേരെയിരുന്ന് പതം പറഞ്ഞ് കരയുന്നതിന് അവനും സാക്ഷിയായിരുന്നല്ലോ !

പെണ്‍മക്കള്‍ക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നതെന്ന് പായ്യാരം പറയാറുള്ള കുറെ അമ്മമാരെ എനിക്കറിയാം. വീട്ടിലെ പെണ്‍കുട്ടികള്‍ കല്യാണം കഴിഞ്ഞു പോവുന്നത് വരെ ഉഷ്ണ സഞ്ചാരമാണവര്‍ക്ക്. പഠിപ്പിക്കുന്നതു പോലും വിവാഹ മാര്‍ക്കറ്റില്‍ മുന്‍തൂക്കം കിട്ടാനാണ്. പണം ചേര്‍ത്തു വെക്കുന്നതും ചിലവാക്കുന്നതും വിവാഹദിവസത്തിന്റെ ആര്‍ഭാടത്തിന് വേണ്ടിത്തന്നെ. അതിനുശേഷമുള്ള ജീവിതം, അത് വിധിയുടെയും ഭാഗ്യത്തിന്റെയും കണക്കിലേക്ക് മാറ്റിയെഴുതും.

കുട്ടികളെ എഞ്ചിനീയറിങ്ങിന് ചേര്‍ത്തിരുന്നെങ്കില്‍ ഡിമാന്റ് കൂടുമായിരുന്നു എന്ന് എന്നോട് വളരെ കാര്യമായി ഒരാള്‍ പറഞ്ഞിരുന്നു. ‘എന്ത് ഡിമാന്റ്’ എന്ന എന്റെ ചോദ്യം മക്കളെക്കുറിച്ച് വേവലില്ലാത്ത ഒരമ്മയുടെ അഹങ്കാരമായി അവര്‍ വ്യാഖ്യാനിച്ചു. ‘കല്യാണപ്രായമായ ഒരു മോളുണ്ടെന്ന് ഓര്‍മ്മിക്കാതെ നീയിങ്ങനെ ചിരിച്ച് കളിച്ച് ഫേസ്ബുക്കില്‍ പായ്യാരങ്ങള്‍ എഴുതി നടന്നോ’ എന്ന് ആധി കൂട്ടുന്ന ചിലരും എന്നെക്കാളേറെ എന്റെ മക്കളെ സ്‌നേഹിക്കുന്നവരാണത്രെ !

പെണ്‍കുട്ടികളുടെ പഠിപ്പും ജോലിയുമെല്ലാം കല്യാണമെന്ന മഹാസംഭവത്തിന് ചുറ്റിപ്പറ്റിയുള്ള അഡ്ജസ്റ്റുമെന്റുകളാണ്. എത്രയൊക്കെ ഡിഗ്രികള്‍ ഉണ്ടെങ്കിലും അടുക്കളപണിയറിയില്ലെങ്കില്‍ കാര്യം തീര്‍ന്നു. സാമ്പാറിന്റെയും മീന്‍കറിയുടെയും പാകത്തിലൊതുങ്ങി വളഞ്ഞ് സൂത്രവാക്യങ്ങളുണ്ടാക്കേണ്ടവളാണ് ഭാര്യ എന്ന സങ്കല്പത്തിന് ഇന്നും വല്യ വ്യത്യാസമില്ല.

ജയ ജയ ജയ ഹേയില്‍ അവള്‍ കയറി വന്ന് വിളക്ക് വെക്കുന്നതു തന്നെ ചില്ല് പൊട്ടിയ ഒരു ടീപ്പോയ്ക്ക് മേലാണ്. ഇച്ചിരി ദേഷ്യമുണ്ടെങ്കിലും അവന്‍ ഒരു പാവമാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന അമ്മയെ സംബന്ധിച്ച് ഭാര്യാ ഭര്‍ത്തൃ ബന്ധം ഇങ്ങനെയൊക്കെ തന്നെയാണ്. അവരനുഭവിച്ചതില്‍ കൂടുതലൊന്നും മകന്റെ ഭാര്യ അനുഭവിക്കാനില്ലെന്നും അവര്‍ക്കറിയാം.

ആണ്‍പാകങ്ങളും ഇഷ്ടങ്ങളും മാത്രം വെന്തിരുന്ന ഒരടുക്കളയിലായിരുന്നു ഞാനും കല്യാണം കഴിഞ്ഞെത്തിയത്. കാലം കൊണ്ട് അവിടത്തെ പെണ്‍ നാവുകളൊക്കെ ആണ്‍രുചികളാല്‍ പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു. ഭര്‍ത്തൃവീട്ടിലെ എനിക്ക് പരിചയമില്ലത്ത കോംബിനേഷനുകളിലെ പ്രാതലിന് മുന്നില്‍ ഞാന്‍ കണ്ണ് നിറച്ചപ്പോള്‍ അവനിതാണ് ഇഷ്ടമെന്ന് അവിടത്തെ വല്യമ്മ ശാസനാസ്വരത്തില്‍ പിറുപിറുത്തു.

ദോശക്ക് മുകളില്‍ വിതറാന്‍ പഞ്ചസാരപ്പാത്രത്തിലേക്ക് ഞാന്‍ കൈ നീട്ടിയപ്പോള്‍ അവര്‍ കണ്ണ് മിഴിച്ച് എന്നെ ശാസനയോടെ നോക്കി. അഡ്ജസ്റ്റുമെന്റുകളുടെ ആദ്യപാഠം പഠിക്കാത്ത പുതിയ പെണ്ണിനെ അവര്‍ വളര്‍ത്തു ദോഷത്തിന്റെ കള്ളിയില്‍ ചേര്‍ത്ത് നിര്‍ത്തി.
കല്യാണം കഴിയുന്നതോടെ പെണ്‍കുട്ടികളെ അഡ്ജസ്റ്റുമെന്റുകള്‍ വരിഞ്ഞു മുറുക്കും. വീടു മുതല്‍ തൊഴിലിടങ്ങള്‍ വരെ.

ഉടുപ്പിലും നടപ്പിലും രൂപത്തിലും ഭാവത്തിലും ഇഷ്ടങ്ങളിലും അനിഷ്ടങ്ങളിലും അഡ്ജസ്റ്റ് ചെയ്യുന്നതാണ് ജീവിതം. ഈ അഡ്ജസ്റ്റ്‌മെന്റുകള്‍ പെണ്‍ വശത്ത് നിന്നാണെന്ന് മാത്രം. (അത് നിഷ്‌കര്‍ഷിക്കുന്നത് മിക്കവാറും മുതിര്‍ന്ന സ്ത്രീകളാണെന്നതാണ് മറ്റൊരു സങ്കടം).

രാജേഷ് കോടതി മുറിയില്‍ പറയുന്നത് പോലെ അവള്‍ക്ക് ഞാന്‍ വേണ്ടത്ര സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടല്ലോ എന്നതും മറ്റൊരു ചിരിവരാ തമാശയാണ്. അവന്റെ ഇഷ്ടങ്ങള്‍ക്കു ചുറ്റും കെട്ടിയിട്ട പശുക്കളെപ്പോലെ സ്വാതന്ത്ര്യപ്പുല്ലു തിന്നുന്ന സ്ത്രീകള്‍ കുറച്ചൊന്നുമല്ല എന്ന് നമുക്കറിയാം.

യു ട്യൂബ് നോക്കി ആ ഒരു വീടിന്റെ അന്തരീക്ഷത്തില്‍ ഇത്രയും പെര്‍ഫെക്ടായി കരാട്ടെ പഠിക്കുക എന്നത് പ്രായോഗികമല്ല എന്നിരിക്കെ ആ രംഗങ്ങള്‍ കണ്ട് എനിക്ക് കൈയടിക്കാന്‍ തോന്നിയില്ല. ( കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്ത് സിനിമയിലേക്ക് പൂര്‍ണ്ണമായും ഇഴുകിക്കഴിഞ്ഞിരുന്നു.) നെഞ്ചില്‍ കനം കൂടിയതും ആ രംഗം മുതലാണ്.

ശബ്ദമുയര്‍ത്തിത്തുടങ്ങുമ്പോള്‍, പ്രതികരിച്ച് തുടങ്ങുമ്പോള്‍ ഫോണുകള്‍ തകര്‍ക്കപ്പെടാം, അവള്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കപ്പെട്ടു തുടങ്ങും. കുറ്റങ്ങളുടെ, പരാതികളുടെ, ശാസനകളുടെ വിരല്‍ ചൂണ്ടലുകള്‍ക്കിടക്ക് പ്രതികരിക്കാനാവാതെ കരിഞ്ഞുണങ്ങിപ്പോവുന്ന പെണ്‍ജീവിതങ്ങളാണ് അധികം.

പ്രശ്‌നങ്ങള്‍ വീട്ടുകാര്‍ തിരിച്ചറിയുന്ന പെണ്‍കുട്ടികളുടെ അഭയം വിവാഹമോചനം തന്നെയാണ്. പക്ഷേ എത്രമാത്രം ചോദ്യങ്ങള്‍ നേരിടേണം അവര്‍ ! എത്രയൊക്കെ ഉത്തരങ്ങള്‍ പറയേണ്ടിവരും ! എല്ലാ കടമ്പകളും കടന്നാലും ഔദ്യോഗികമായി രേഖകള്‍ കൈയില്‍ വരാന്‍ അഞ്ചാറ് വര്‍ഷങ്ങള്‍ എങ്കിലും എടുക്കും.

വിവാഹ മോചിതയായാല്‍ പിന്നെ പ്രശ്‌നങ്ങള്‍ ചുറ്റുപാടുമുള്ളവര്‍ക്കാണ്. വിവാഹ മോചിതയാണെങ്കിലും തന്റെ കുഞ്ഞിന്റെ അമ്മയുടെ പിന്നാലെ പെരുമാറ്റചട്ടവുമായി നടക്കുന്ന ഒരു മുന്‍ഭര്‍ത്താവിനെ അടുത്തിടെയാണ് പരിചയപ്പെട്ടത്. തന്റെ കുട്ടിയുടെ അമ്മയുടെ ഷാളില്ലാത്ത ചുരിദാര്‍ ഉറക്കം കെടുത്തുന്നുവെന്ന പരാതിയെ ശരി വെക്കാനും ജനങ്ങളുണ്ട്.

ജയ ജയ ജയ ഹേ ഒരു മികച്ച സിനിമയാവുന്നത് അത് പറഞ്ഞു നിര്‍ത്തുന്ന മുന്നറിയിപ്പു കൊണ്ടാണ്. ആണ്‍മക്കളെ വളര്‍ത്തി വലുതാക്കുന്ന അമ്മമാര്‍ക്കുള്ള മുന്നറിയിപ്പാണത്. പഴയതു പോലെ കഥകള്‍ തുടരില്ല എന്ന സൂചന വല്യ ഒരു കാര്യമാണ്.

സിനിമയല്ല ജീവിതം എന്ന് തിരിച്ചറിയുമ്പോഴും സമാധാനമുണ്ട്. സിനിമയില്‍ തുടങ്ങിയല്ലോ! അത് ജീവിതത്തിലും ആവാം. ഈ സിനിമ കണ്ട് ഞാന്‍ കരയുകയോ ചിരിക്കുകയോ ചെയ്യാത്തതിന് കാരണവും ഇതാണ്.

തുല്യ വ്യക്തിത്വങ്ങളുള്ള രണ്ട് സുഹൃത്തുക്കള്‍ എന്ന സങ്കല്പം സിനിമക്കപ്പുറം ജീവിതത്തിലും ഉണ്ടാവട്ടെ ! അടികൊള്ളുന്ന ജയയും അടി കൊള്ളുന്ന രാജേഷും ഇല്ലാതാവട്ടെ !

Content Highlight: A write up on  jaya jaya jaya jaya he movie by mini viswanathan

 

മിനി വിശ്വനാഥന്‍
എഴുത്തുകാരി