|

അപകടരഹിതമായി ഗൂഗിള്‍മാപ് ഉപയോഗിക്കാന്‍ എന്തുചെയ്യണം

ഷഫീക് റഹ്‌മാന്‍

ഇന്ന് മനുഷ്യ ജീവിതത്തില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് നാവിഗേഷന്‍ ആപ്പ്‌സ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന നാവിഗേഷന്‍ ആപ്പാണ് ഗൂഗിള്‍മാപ്പ്. ഔദ്യോഗികമായ കണക്കുപ്രകാരം ലോകത്തു ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പത്ത് ആപ്പുകളില്‍ ഗൂഗിള്‍ മാപ് ഉണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതിന്റെ ജനപ്രീതി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. എങ്ങോട്ടു പോകാനും ഗൂഗിള്‍ മാപ്സ് തിരയുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

നാം ഈ വഴി എടുക്കേണ്ട, അവിടെ ട്രാഫിക് ബ്ലോക്ക് ഉണ്ട് എന്നിപ്പോള്‍ പറഞ്ഞുതരുന്നത് ഗൂഗിള്‍ മാപ് ആണ്. സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതങ്ങളുടെ ഒരു സംസ്ഥാന സമ്മേളനം ആണ് ഗൂഗിള്‍ മാപ്സില്‍. ബാച്ച് പ്രോസസ്സിംഗ്, മാപ് സ്പാഷിയല്‍ റെന്‍ഡറിങ്, വര്‍ക്ക് ഫ്‌ളോമാനേജ്മന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ നന്നായി സമ്മേളിച്ചിരിക്കുന്നു.

നിങ്ങള്‍ ഗൂഗിള്‍ മാപ്സില്‍ ഒരു ലക്ഷ്യസ്ഥാനം നല്‍കുമ്പോള്‍, ഡ്രൈവിംഗ്, സൈക്ലിംഗ് അല്ലെങ്കില്‍ നടത്തം പോലുള്ള വ്യത്യസ്ത യാത്രാ മോഡുകള്‍ ഉപയോഗിച്ച് എങ്ങനെ പോകാം എന്ന് കാണിച്ചുതരുന്നു. ചിലപ്പോള്‍, ഗൂഗിള്‍ നിങ്ങള്‍ക്ക് കാണിക്കുന്ന ഗതാഗത ഓപ്ഷനുകള്‍ പ്രസക്തവും ഉപയോഗപ്രദവുമായ വിവരങ്ങള്‍ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഘടകങ്ങളുടെ സംയോജനമനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ഈ ഘടകങ്ങളില്‍ ദൈര്‍ഘ്യം, ദൂരം, വില, നിങ്ങളുടെ പരിഗണന എന്നിവയാണ് പ്രധാന ഘടകങ്ങള്‍ .

മാപ് ഡാറ്റ വരുമ്പോള്‍ താഴെ പറയുന്ന ഓപ്ഷനുകള്‍ ലഭ്യമാണ്.

ഇതില്‍ എല്ലാ രാജ്യങ്ങളിലും എല്ലാ ഓപ്ഷന്‍സും ലഭ്യമല്ല. ഇന്ത്യയില്‍ ഞാന്‍ നോക്കിയ പല ഇടങ്ങളിലും ‘ ഹൈവേ ഓപ്ഷന്‍ ‘ കാണിക്കുന്നുണ്ടെങ്കിലും ‘ഹൈ വേ ‘ ഇല്ലാതെ കൊടുത്താല്‍ ഉള്ളതാണ് കാണിക്കുന്നത്. ഉദാഹരണമായി ആലുവയില്‍ നിന്നും തൃശ്ശൂരിലേക്ക് മാപ് കൊടുത്താല്‍ ഹൈവേ ഉള്ള റൂട്ട് മാത്രമാണ് കാണിക്കുന്നത്. അതേസമയം ‘ടോള്‍ ഓപ്ഷന്‍ ‘ വളരെ കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ട്. ആലുവയില്‍ നിന്നും തൃശ്ശൂരിലേക്ക് പാലിയേക്കല്‍ ടോള്‍ ഇല്ലാതെയും നമുക്ക് മാപ് ഡാറ്റ കിട്ടും.

ഗൂഗിള്‍ മാപ് ഡാറ്റ ഒരോ സെക്കന്റിലും അപ്‌ഡേറ്റ് ചെയ്യുന്നു. ഇന്ത്യയില്‍ കേന്ദ്ര സംസ്ഥാന ഗവണ്മെന്റിന്റെ റോഡ് മാപ് ഡാറ്റ ആണ് ഇതിന്റെ അടിസ്ഥാന സ്രോതസ്സ്. ആദ്യകാലങ്ങളില്‍ ഇത് മാന്വല്‍ അപ്ലോഡ് ആയിരുന്നെങ്കില്‍ ഇപ്പോളത് ഓട്ടോമേറ്റഡ് എ.ഐ അസ്സിസ്റ്റഡ് അല്‌ഗോരിതംസ് ആണ് ചെയ്യുന്നത്.

നമ്മുടെ ഫോണിന്റെ ലൊക്കേഷന്‍ ഡാറ്റ ആണ് ഇതിനു പ്രധാനമായും ഉപയോഗിക്കുന്നത്. നമ്മുടെ ഹൈവേ വികസനത്തിനിലുള്ള ഓരോ റൂട്ട് നാം അറിയുന്നതിനു മുന്‍പ് ഗൂഗിള്‍ അറിയുന്നത് ഇതുകൊണ്ടാണ്. അതേസമയം നിങ്ങള്‍ക്ക് പുതുതായി എന്തെങ്കിലും റൂട്ട് മാറ്റ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അത് സബ്മിറ്റ് ചെയ്യാവുന്നതാണ്. ഗൂഗിള്‍ മാപ് വര്‍ക്ക്ഫ്‌ളോ പ്രകാരം അത് സ്വീകരിച്ചു കഴിഞ്ഞാല്‍ അത് ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകും.

ഗൂഗിള്‍ മാപ്പ് ഡാറ്റ എത്രമാത്രം കൃത്യമാണ് ?

മാപ് ഡാറ്റയുടെ കാര്യത്തില്‍ നിതാന്തമായ ജാഗ്രത നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. പ്രത്യേകിച്ച് പരിചയമില്ലാത്ത സ്ഥലങ്ങളില്‍ പോകുമ്പോള്‍. ഈ വഴികള്‍ അന്ധമായി പിന്തുടരുന്നത് അസൗകര്യം മാത്രമല്ല, സുരക്ഷാ അപകടങ്ങളും ഉണ്ടാക്കും. അവിടെയുള്ള അടുത്തുള്ള സ്ഥലങ്ങളെ കുറിച്ചു വ്യക്തമായ അവബോധം മാപ് ഡാറ്റ ഉപയോഗിച്ച് തന്നെ ഉണ്ടാക്കണം. പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഒരിക്കലും ഷോര്‍ട്‌സ്ട് റൂട്ട് തിരഞ്ഞെടുക്കരുത്. പ്രത്യേകിച്ച് കാറില്‍ പോകുമ്പോള്‍.

നിങ്ങള്‍ക്ക് അത് ചെറിയ റോഡ് ആയി തോന്നുകയാണെങ്കില്‍ ‘ഗൂഗിള്‍ ‘ പറഞ്ഞാലും അതിലൂടെ പോകരുത്. പിന്നെ ഗൂഗിള്‍ മാപ്പില്‍ അധികമാരും ഉപയോഗിക്കാത്ത ഒരു ഫീച്ചര്‍ ഉണ്ട്. ഈ ഫീച്ചര്‍ ആണ് ഒരു ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ചു റൂട്ട് നിര്‍വചിക്കാന്‍ കളമൊരുക്കുന്നത്. ‘Add Destinations ‘ ഫീച്ചര്‍. ഇത് പ്രകാരം നിങ്ങള്‍ക്ക് ഇഷ്ടമുള്ള റൂട്ട് സെറ്റ് ചെയ്തു പോകാന്‍ കഴിയും. പക്ഷെ രണ്ടു സ്ഥലങ്ങളുടെ ഇടയിലുള്ള സ്ഥലങ്ങള്‍ നമ്മള്‍ തന്നെ കൊടുക്കണം. ഇങ്ങനെ കൊടുക്കന്നത് മൂലം നമ്മള്‍ കൊടുക്കുന്ന റൂട്ടിലേക്കു മാപ് ഡാറ്റ കൊണ്ടുവരാവുന്നതാണ് .

മോശം കാലാവസ്ഥയുള്ള സമയത്തു ജി.പി.എസ് സിഗ്നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ട്. സിഗ്നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തേ തന്നെ റൂട്ട് സേവ് ചെയ്യാം.

ഗൂഗിള്‍ മാപ്പ് നല്ലവണ്ണം അപ്‌ഡേറ്റ് ചെയ്തിട്ടുള്ള അമേരിക്കയില്‍ പോലും തെറ്റായ മാപ് ഡാറ്റ മൂലമുള്ള അപകടങ്ങള്‍ വിരളമല്ല. ഈ അടുത്ത ദിവസം (21 സെപ്റ്റംബര്‍ 2023 -ല്‍) നോര്‍ത്ത് കാരോളിനയില്‍ മധ്യ വയസ്‌കനായ ഫിലിപ്പ് മരണപ്പെട്ടു. അദ്ദേഹത്തിനെ മുറിഞ്ഞ പാലത്തിലേക്ക് ഗൂഗിള്‍ മാപ്പ് വഴിതിരിച്ചു വിടുകയായിരുന്നു. 2020 മുതല്‍ പ്രദേശവാസികള്‍ ഇത് ഗൂഗിളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഗൂഗിള്‍ തെറ്റായ വിവരമാണ് നല്‍കിയത്. ഞെട്ടിപ്പിക്കുന്ന കാര്യം, അപകടം നടന്ന സ്ഥലമായ ഹിക്കറിയിലെ താമസക്കാരന്‍ പോലും 2020 മുതല്‍ പാലത്തിന്റെ തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ ഗൂഗിള്‍ മാപ്സിന്റെ ‘Suggest an Edit’ ഫീച്ചര്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിരുന്നു. നിര്‍ദ്ദേശിച്ച മാറ്റം അവലോകനത്തിലാണെന്ന് ഗൂഗിളില്‍ നിന്ന് ഇമെയില്‍ സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടും, മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ നടപടിയുണ്ടായില്ല.

Image Source : Daily mail : collapsed bridge, Hickory, North Carolina

ഫിലിപ്പിന്റെ ഭാര്യ ഗൂഗിളിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്. ഫിലിപ്പ് പാക്സണിന്റെ അകാല മരണത്തിന് മാസങ്ങള്‍ക്ക് ശേഷം, തകര്‍ന്ന പാലത്തെ ഒരു പ്രായോഗിക പാതയായി ഗൂഗിള്‍ മാപ്സ് ചിത്രീകരിക്കുന്നത് തുടരുന്നു എന്നതാണ് കൂടുതല്‍ സങ്കടകരമായ വസ്തുത. നാവിഗേഷന്‍ ആപ്പ് ദാതാക്കള്‍ ശുപാര്‍ശ ചെയ്യുന്ന റൂട്ടുകളുടെ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഈ വെളിപ്പെടുത്തല്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

പറഞ്ഞുവരുന്നത് ഗൂഗിള്‍ മാപ് ഡാറ്റ ഒരു ടൂള്‍ എന്നതിന്റെ അപ്പുറം 100 ശതമാനം കൃത്യത ഉണ്ട് എന്നത് ഉറപ്പു വരുത്താന്‍ കഴിയില്ല എന്നാണ് ഈ സംഭവങ്ങള്‍ കാണിച്ചു തരുന്നത്. ചിലപ്പോള്‍ ഇത് സംഭവിക്കുന്നത് 1 സെക്കന്റ് നേരത്തേക്കാവാം. അടുത്ത ഗൂഗിള്‍ മാപ് അപ്‌ഡേറ്റില്‍ അത് ശരിയാവുകയും ചെയ്യാം. എന്തായാലും ഒരു ടൂള്‍ എന്ന നിലയില്‍ അസൂയാവഹമായ പുരോഗതി ആണ് ഗൂഗിള്‍ മാപ്‌സിനു ഉണ്ടായിട്ടുള്ളത്. ഇതില്‍ മനുഷ്യ വിവേചനധികാരം പ്രതിഫലിപ്പിക്കുക എന്നതാണ് പ്രധാനം.

Content Highlight: A Writeup on Google Map

ഷഫീക് റഹ്‌മാന്‍

കഴിഞ്ഞ 2 പതിറ്റാണ്ടായി IT മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. Artificial Intelligence Enthusiast ആണ്. ഇപ്പോള്‍ AI അധിഷ്ഠിതമായി സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്യുന്ന കമ്പനിയുടെ സഹസ്ഥാപകന്‍ ആണ്.