കൊല്ലം: കൊല്ലം രാമന്‍കുളങ്ങരയില്‍ കിണറിടിഞ്ഞ് അപകടത്തില്‍പ്പെട്ട തൊഴിലാളിയെ രക്ഷിപ്പെടുത്തി. കിണറിന് കുഴിയെടുക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. കല്ലുംപുറം സ്വദേശി വിനോദിനെയാണ് രക്ഷപ്പെടുത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് വിനോദിനെ പുറത്തെത്തിച്ചത്. ഇയാളെ ഇപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
നാല് പേര്‍ ചേര്‍ന്നായിരുന്നു രാവിലെ മുതല്‍ കിണറിന്റെ ആഴം കൂട്ടുന്ന പണിയില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതിനിടെയായിരുന്നു മണ്ണ് ഇടിഞ്ഞ് വീണ് വിനോദ് കിണറില്‍ അകപ്പെട്ടത്. വിനോദിന്റെ തല മണ്ണിന് മുകളിലായിരുന്നു ഉണ്ടായിരുന്നത്. ഫയര്‍ ഫോഴ്‌സും പൊലീസും കൂടി ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് വിനോദിനെ രക്ഷപ്പെടുത്തിയത്. മണ്ണ് മാറ്റി വിനോദിനെ കയര്‍ കൊണ്ട് കെട്ടിവലിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.