| Saturday, 12th September 2020, 5:19 pm

ഒരു കാമുകി ഒരു കാമുകനോടും പറയാന്‍ പാടില്ലാത്ത ഒരു വാക്കുണ്ട്, എന്താണെന്നോ?

താഹ മാടായി

ഒരു യുവതിയുടെ ആത്മഹത്യ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കോവിഡ് കാലത്ത് നടന്ന എണ്ണമറ്റ ആത്മഹത്യകളില്‍ ഒന്നായി അതിനെ എഴുതിച്ചേര്‍ക്കാന്‍ വിസമ്മതിക്കുന്നത്, പട്ടിണി, തൊഴില്‍ നഷ്ടം, ഒന്നുമില്ലായ്മ സൃഷ്ടിക്കുന്ന ഭാവിയെക്കുറിച്ചുള്ള അത്ഭുതകരമായ നിരാശ, ദുഃഖം – ഒക്കയാണ് പല ആത്മഹത്യകളുടെയും കാരണം. എന്നാല്‍, വേറിട്ട ഒരു തലം ഈ ആത്മഹത്യയിലുണ്ട്. പ്രണയത്തിന്റെ നഷ്ടമാണ് ഇവിടെയുള്ളത്.

ആത്മഹത്യയുടെ ആദികാരണങ്ങളില്‍ പ്രധാനപ്പെട്ടത് പ്രണയനഷ്ടം തന്നെയാണ്. ‘കരളില്‍ പിടിക്കുന്ന പ്രണയം’ (പ്രണയം ഒരു കരള്‍ രോഗമാണ് എന്ന്, മാര്‍ക്കേസ് ) അത്ഭുതകരമായ ആനന്ദത്തോടൊപ്പം, ജീവന്‍ കവരുന്ന ആത്മനാശത്തിന്റെ ഉറവിടം കൂടിയുള്ള ഒന്നാണ്. ‘മധുരമായ അപാരത, – എന്ന ആശയം ഉള്‍ച്ചേര്‍ന്നതു കൊണ്ടാണ് ബഷീര്‍ പ്രേമലേഖനത്തിലെ പ്രണയ ദമ്പതികള്‍ക്ക് പിറക്കാനിരിക്കുന്ന കുട്ടിക്ക് ‘ആകാശ മിഠായി’ എന്നു പേരിടുന്നത്.

പ്രണയം മധുരമാണ്, അനന്തതയുമാണ്. ഒരു കടലമണിക്ക് മിഠായിയോടു പ്രണയം തോന്നി, അവ തമ്മില്‍ ഒട്ടിച്ചേര്‍ന്ന് ‘കടല മുട്ടായി’ യായി എന്ന കുഞ്ഞു കഥ ഓര്‍മ വരുന്നു. അത്രയും രസം നിറഞ്ഞ ഒരു പാരസ്പര്യമാണത്. ഒട്ടിച്ചേര്‍ന്ന് വളരുന്ന സസ്യങ്ങളെ പോലെ ജൈവികമായ ഉണര്‍വ്വ്. എന്നാല്‍, ഒരു സെന്‍ കഥ വേറൊരു തലത്തില്‍ നമ്മില്‍ ചിരിയുണര്‍ത്തേണ്ടതാണ്.

ഒരാള്‍ക്ക് ഒരു പെണ്‍കുട്ടിയോടു പ്രണയം. അത് തീവ്രമായിരുന്നു. എല്ലാ ദിവസവും ഈ മനുഷ്യന്‍ ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി പ്രണയം വെളിപ്പെടുത്തും. ഈ ഭൂമിയില്‍ ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്നത് നിന്നെയാണ്, നീയില്ലാതെ ഒരു ജീവിതമില്ല! ‘അയാള്‍ അനുരാഗവിവശനായി പറയുമായിരുന്നു. എന്നാല്‍, ഒടുവില്‍, അവള്‍ അതിന് മറുപടി നല്‍കി.

അടുക്കളയില്‍ നിന്ന് കറിയിലിടാന്‍ വെച്ച കടുക് മണികള്‍ എടുത്തു കൊണ്ടു വന്ന് അവള്‍ അയാളോടു പറഞ്ഞു: ‘ഈ കടുകില്ലാതെ എനിക്ക് നല്ല കറിവെക്കാനാവില്ല. ഈ കടുകിനോളം സ്‌നേഹം മറ്റൊന്നിനോടുമില്ല. കടുക് ഒരു സ്ത്രീയേയും ചതിക്കില്ല.’

ആ കാമുകന് ബോധോദയമുണ്ടായി. കടുകുമണിയുടെ വിമോചനം.

പ്രണയം, അടിസ്ഥാനപരമായി, പാരസ്പര്യം തന്നെയാണ്. എന്നാല്‍, മനുഷ്യര്‍ ‘ചതിക്കുന്ന മൃഗങ്ങള്‍ ‘ ആയതിനാല്‍, ഏതു വിശുദ്ധപാരസ്പര്യത്തിനിടയിലേക്കും ചതി കടന്നു വരാം.’ സ്‌നേഹിച്ചു ചതിക്കപ്പെട്ടല്ലൊ’ എന്ന വികാരമാണ് പലരെയും മരണത്തിലേക്ക് തള്ളിവിടുന്നത്.

ഒരിക്കല്‍ ഈ ലേഖകന്‍ കേട്ട അത്ഭുതകരമായ ഒരു പ്രണയ കഥയുണ്ട്. ഒരു സ്‌കൂള്‍ ടീച്ചര്‍ക്ക്, സ്‌കൂളിനടുത്തുള്ള ബാര്‍ബറുമായി പ്രണയമായി. ടീച്ചര്‍ ഉന്നത ജാതി ശ്രേണിയിലാണ്. ബാര്‍ബറുമായുമായുള്ള പ്രണയം, ടീച്ചറുടെ കുടുംബം എതിര്‍ത്തു. ഇടവേളകളിലും ഉച്ചനേരങ്ങളിലും പ്രണയത്തിന്റെ കുഞ്ഞു ലിഖിതങ്ങള്‍ ക്ലാസ് മുറിയിലെ കുട്ടികള്‍ വഴി ബാര്‍ബറിനെത്തിച്ചു, ടീച്ചര്‍.

വിശുദ്ധവും മതേതരവുമായ ഉജ്ജ്വലമായ ആ പ്രണയം, ബാര്‍ബറിന് അര്‍ബുദം വന്ന് അവിചാരിതമായ മരണത്തില്‍ അവസാനിക്കേണ്ടതായിരുന്നു. പക്ഷെ, പ്രണയം അവിടെ അവസാനിച്ചില്ല. ടീച്ചര്‍ ആ ബാര്‍ബറുടെ വീട്ടില്‍ പോവുകയും തന്റെ കാമുകന്‍ ധരിച്ച അനാകര്‍ഷകമായ ചെയിനുള്ള വാച്ച് അയാളുടെ കുടുംബത്തില്‍ നിന്നു വാങ്ങുകയും, അത് ധരിച്ച്, തുടര്‍ന്നുള്ള കാലം ജീവിക്കുകയും ചെയ്തു ! വലിയ ചെയ്‌നും ഡയലുമുള്ള ആ, ‘പുരുഷ വാച്ച്’ ധരിച്ചു നടക്കുന്ന ടീച്ചര്‍, പ്രണയത്തെ ‘കരള്‍ രോഗമായി ‘സ്വീകരിച്ചവരില്‍ പെടുന്നു.

ഈ കഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നോടു പറഞ്ഞത്, ആ ടീച്ചറുടെ പ്രണയ ലേഖനങ്ങള്‍ ബാര്‍ബര്‍ക്ക് ‘ഒളിച്ചു കൈ മാറിയ ‘ടീച്ചറുടെ ശിഷ്യന്‍’ തന്നെയായിരുന്നു!

ഇടുക്കിയിലെ വട്ടവടയില്‍ ബാര്‍ബര്‍ നേരിടുന്ന സാമൂഹ്യ ഭ്രഷ്ടുകളുടെ വാര്‍ത്തകള്‍ വായിച്ചപ്പോള്‍, ബാര്‍ബറായ കാമുകന്റെ വാച്ച് ധരിച്ചു ജീവിച്ച ആ വിശുദ്ധയെ ഓര്‍മ വന്നു. നാനാതരം ഭ്രഷ്ടുകളുടെ ലോകത്തു നിന്നുള്ള വിമോചനമാണ്, പ്രണയം.

പ്രണയം ഇത്രയും തീവ്രമാകുമ്പോള്‍ തന്നെ അത് സ്വന്തം ജീവനോളം വലുതായി കാണേണ്ടതില്ല. ‘നീയെന്റെ ജീവനാ’ണ് എന്ന് ഒരു കാമുകി / കാമുകന്‍ തന്റെ പ്രണയഭാജനത്തോടു പറയുമ്പോള്‍, ‘സ്വന്തം പ്രാണനോടു ‘ള്ള പ്രണയം അവസാനിക്കുന്നു. പ്രാണന്‍ ബാക്കിയുണ്ടെങ്കില്‍, പ്രണയമിനിയുമുണ്ടാകും.

ചതിക്കുന്ന മൃഗങ്ങള്‍ക്ക് വേണ്ടി എന്തിനാണ് സ്വന്തം പ്രാണന്‍ വെടിയുന്നത്? മനോഹരമായ പാട്ടുകളും സിനിമകളും രുചികളും ഉള്ള ഈ ലോകം എന്തിനാണ് ഇത്ര വേഗം വിട്ടു പോകുന്നത്? ശരീരം അനുഭൂതികളുടെ പ്രപഞ്ചമാണ്. പ്രാണന്‍ നല്‍കുന്ന, മാംസം നല്‍കുന്ന അനുഭൂതികള്‍. ചതിക്കപ്പെട്ടു എന്ന തോന്നലുണ്ടെങ്കില്‍, പ്രണയമാണ് ചതിച്ചത്. പ്രാണനല്ല.

താഹ മാടായി എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഒരു സ്ത്രീ / കാമുകി ഒരിക്കലും ഒരു പുരുഷനോടും പറയാന്‍ പാടില്ലാത്ത ഒരു വാക്കുണ്ട്:
‘നീ എന്റെ പ്രാണനാണ് ‘ എന്നതാണത്. ഇതെന്നോട് പറഞ്ഞത്, മലയോര യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ഒരു എണ്‍പതുകാരി അമ്മൂമയാണ്. അവര്‍ അവരുടെ ജീവിതത്തില്‍ ചുരുങ്ങിയത്, ആറ് പ്രണയത്തിലൂടെയെങ്കിലും കടന്നു പോയിരുന്നു. ‘എനിക്കെന്റ പ്രാണനാണ് വല്ത് മോനെ. അതോണ്ട് ഞാനെല്ലാരെയും പ്രണയിച്ചു. എന്നെ ചതിച്ചവരെ ഞാന്‍ വെറുപ്പോടെ ഉപേക്ഷിച്ചു. പ്രാണനലല്ലോ എന്നെ ചതിച്ചത്. അതോണ്ട് പ്രാണന്‍ വെടിഞ്ഞില്ല’.

ദീര്‍ഘമായ അനുഭൂതികളിലൂടെ കടന്നു പോയ ഒരു സ്ത്രീയുടെ മുഖത്തു കാണാവുന്ന ഉജ്വലമായ വെളിച്ചം ആ അമ്മൂമയുടെ മുഖത്ത് അപ്പോള്‍ കണ്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താഹ മാടായി

എഴുത്തുകാരന്‍

Latest Stories

We use cookies to give you the best possible experience. Learn more