| Saturday, 20th July 2019, 12:06 pm

ഓര്‍മ്മകളില്‍ ഓളം തല്ലുന്ന ദാല്‍ തടാകം, ഒപ്പം ടുലിപ്സ് പൂക്കളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദാല്‍ തടാകം. . . അഥവാ, ശ്രീനഗറിന്റെ രത്നം. മഞ്ഞുകാലത്ത് ഐസുകട്ടകളാകുന്ന ദാല്‍ തടാകം വാര്‍ത്തകളില്‍ ഇടം പിടിയ്ക്കാറുണ്ട്. തണുത്ത കശ്മീരിലെ ഏറ്റവും സുഖകരമായ ഒരിടമാണ് ദാല്‍ തടാകം. ഫ്ളോട്ടിംഗ് മാര്‍ക്കറ്റുകളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. കൊതുമ്പു വള്ളങ്ങളില്‍ ഓളങ്ങള്‍ക്ക് മുകളില്‍ നിന്നും വിലപേശി പച്ചക്കറി വാങ്ങുന്ന അനുഭവം ഓര്‍ത്തു നോക്കൂ. . .

അതാണ് ദാല്‍ മാര്‍ക്കറ്റിലെ കാഴ്ച. കശ്മീരിലെ രണ്ടാമത്തെ വലിയ തടാകമാണ് ദാല്‍ തടാകം. ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ വേനല്‍ക്കാല പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമാണിവിടം. 26 ചതുരശ്ര കിലോമീറ്ററാണ് തടകത്തിന്റെ വ്യാപ്തി. ബ്രിട്ടീഷ് സ്വാധീനത്തിന്റെ ബാക്കി പത്രമെന്നോണം വിക്ടോറിയന്‍ നിര്‍മ്മാണരീതിയിലുള്ളതാ് ഇവിടുത്തെ ബോട്ടുകള്‍.

ഹൗസ് ബോട്ടിംഗ് , ഷികാര യാത്രകള്‍ ആസ്വദിക്കുന്നതിന് വേണ്ടിയാണ് സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. ഹിമാലയന്‍ മലനിരകള്‍ക്ക് താഴെ തടാകമിങ്ങനെ രാജകുമാരിയുടെ പ്രതാപത്തോടെ നിലയുറപ്പിച്ചിരിക്കുന്നു. കശ്മീര്‍ യാത്രികര്‍ക്ക് ഇവിടം വളരെ നന്നായി ആസ്വദിക്കാവുന്ന ഒരിടമാണ്.

നീന്തല്‍, തുഴച്ചില്‍ തുടങ്ങിയ ജലവിനോദങ്ങള്‍ ആസ്വദിക്കാന്‍ ദാല്‍ തടാകത്തില്‍ സൗകര്യമുണ്ട്. യാത്രികരെ കൊണ്ടു വരുന്നതിനായി ഓരോ ഹൗസ് ബോട്ടിനും ശികാരകളുണ്ട്. ആളുകളെയും ഒപ്പം ലഗേജും കയറ്റി തുഴച്ചില്‍ വിദഗ്ധര്‍ നീങ്ങുന്ന കാഴ്ചയുണ്ട്. . . അതിഗംഭീരമാണ് ആ കാഴ്ചകാണാന്‍.

ഹൗസ് ബോട്ടുകളില്‍ താമസിച്ച് ഈ തടാകത്തെയും ഇവിടുത്തെ ജനങ്ങളെയും അടുത്തറിയാനുള്ള സൗകര്യമുണ്ട്. തടാകം മൊത്തം കറങ്ങി വരാന്‍ ആറു മണിക്കൂര്‍ സമയമെടുക്കും. വളരെ സ്വാദിഷ്ടമായ ഭക്ഷണമാണ് ഇവിടെ നിന്നും ലഭിക്കുക. ഏറെ ആരോഗ്യകരമായ ബസുമതി റൈസും വെജിറ്റബില്‍ കറിയും പിന്നീടൊരിക്കലും നാം മറക്കില്ല.

ദാല്‍ തടാകത്തിന്റെ കരയിലാണ് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ടുലിപ്സ് ഗാര്‍ഡന്‍. ചിനാര്‍, ദേവദാരു മരങ്ങളാല്‍ ചുറ്റപ്പെട്ട ദാല്‍ തടാകത്തിന്റെ പുറം കാഴ്ചകള്‍ക്ക് നിറം പകരുന്നത് ഈ ടുലിപ്സ് പുഷ്പങ്ങളാണ്. മാര്‍ച്ച മാസം പകുതി ആകുമ്പോഴേയ്ക്കും ടുലിപ്സ് പാടങ്ങള്‍ പൂത്തുലയും. അതു കാണാന്‍ നിരവധിപ്പേരാണ് ഇങ്ങോട്ടെത്തുന്നത്. ഏപ്രിലില്‍ ടുലിപ്സ് ഫെസ്റ്റിവലും നടത്തുന്നുണ്ട്.

ജനങ്ങളുടെ ആതിഥ്യ മര്യാദയാണ് യാത്രയേ വളരെയധികം ആസ്വാദ്യകരമാക്കുന്നത്. ബീഹാറികളും ഉത്തര പൂര്‍വ്വാഞ്ചല്‍ സ്വദേശികളും ഇവിടുത്തെ കച്ചവടക്കാരാണ്. മഞ്ഞുകാലത്താണെങ്കില്‍ തടാകത്തിലെ വെള്ളം മുഴുവന്‍ മഞ്ഞുകട്ടകളായി തീരുന്നതിനാല്‍ ഐസ് വിനോദങ്ങളാണ് കൂടുതല്‍. സ്‌കേറ്റിംഗിന് വേണ്ടി വിദേശത്തു നിന്നും ടൂറിസ്റ്റുകള്‍ കൂട്ടമായി എത്താറുണ്ട്. ഡല്‍ഹിയില്‍ നിന്നും റോഡ് മാര്‍ഗ്ഗമോ ആകാശ മാര്‍ഗ്ഗമോ ഇവിടെ എത്താം.

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ദാല്‍ തടാകം ഐസ് മൂടി കിടക്കുന്നതിനാല്‍ ശികാരകളില്‍ സഫാരി ചെയ്യാന്‍ സാധിക്കില്ല.

Latest Stories

We use cookies to give you the best possible experience. Learn more