മണിപ്പൂരില്‍ സ്‌കൂളിന് മുന്നില്‍ ഒരു സ്ത്രീയെ വെടിവെച്ച് കൊന്നു
national news
മണിപ്പൂരില്‍ സ്‌കൂളിന് മുന്നില്‍ ഒരു സ്ത്രീയെ വെടിവെച്ച് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th July 2023, 5:49 pm

ഇംഫാല്‍: മണിപ്പൂരില്‍ സ്‌കൂളിന് മുന്നില്‍ വെച്ച് ഒരു സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടു. ശിശു നികേതന്‍ സ്‌കൂളിന് മുന്നില്‍ വെച്ചാണ് വെടിവെപ്പ് നടന്നത്. എന്നാല്‍ അക്രമകാരികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട സ്ത്രീയാരാണെന്നും വ്യക്തമായിട്ടില്ല.

ഇംഫാലില്‍ രണ്ട് ദിവസം മുമ്പാണ് സ്‌കൂള്‍ തുറന്നത്. അതിന് ശേഷമുണ്ടായ ഈ അക്രമത്തില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരാണ്. മപാവോ, അവങ് സെക്മയി എന്നീ മേഖലകളില്‍ നിന്നുള്ള സായുധ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സുരക്ഷാ സേന തടഞ്ഞിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നതെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (ഐ.ആര്‍.ബി) ഉദ്യോഗസ്ഥന്റെ വീടിനും മറ്റൊരു സംഘം തീയിട്ടു. പൊലീസിന്റെ ആയുധപ്പുരയില്‍ നിന്ന് തോക്കുകള്‍ കൊള്ളയടിക്കുന്നത് തടയാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ വീടിന് തീയിട്ടത്.

മണിപ്പൂരില്‍ മാരകമായ ഏറ്റുമുട്ടലില്‍ 27കാരനായ റൊണാള്‍ഡോയും കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഇംഫാലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഈ സംഘര്‍ഷത്തില്‍ 10 പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സംഭവങ്ങളെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചത് ജൂലൈ 10 വരെ നീട്ടുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് മൂന്നിനായിരുന്നു ആദ്യമായി മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെക്കുന്നത്.

രണ്ട് മാസം മുന്‍പ് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 130ലധികം പേരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആയിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണുള്ളത്.

മണിപ്പൂരിലെ സ്ഥിതിഗതികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അക്രമം തടയാനായി സ്വീകരിച്ച നടപടികള്‍, വീട് നഷ്ടപ്പെട്ടവര്‍ക്കായി ഒരുക്കിയ പുനരധിവാസ ക്യാമ്പുകള്‍, സേനാ വിന്യാസം എന്നിവയെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മണിപ്പൂര്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

മണിപ്പൂരിലെ സ്ഥിതിഗതികള്‍ പതിയെ മെച്ചപ്പെട്ടുവരികയാണെന്നാണ് കേന്ദ്രത്തിനും മണിപ്പൂര്‍ സര്‍ക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. മണിപ്പൂര്‍ പൊലീസിന് പുറമേ മണിപ്പൂര്‍ റൈഫിള്‍സ്, മണിപ്പൂര്‍ കമാന്‍ഡോസ് തുടങ്ങിയവരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

CONTENT HIGHLIGHTS: A woman was shot dead in front of a school in Manipur