ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചതായി റിപ്പോര്‍ട്ട്. മാളില്‍ ജീവനക്കാരിയായിരുന്ന മഹാലക്ഷ്മി (29)യാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുണ്ട്.
അടച്ചിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് മരണവിവരം പുറത്തറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്.
മല്ലേശ്വരം പൈപ്പ് ലൈന്‍ റോഡിന് സമീപത്തുള്ള വീട്ടിലാണ് കൊലപാതകം നടന്നിരിക്കുന്നത്. പ്ലാസ്റ്റിക്ക് ബാഗുകളിലാക്കിയാണ് യുവതിയുടെ ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ എത്തിയ യുവതിയാണ് മഹാലക്ഷ്മി.
രണ്ടാഴ്ചയായി ഇവരെ പുറത്തുകണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നോ കൊലയിലേക്ക് നയിച്ച കാരണം എന്താണെന്നോ എന്നതില്‍ വ്യക്തതയില്ല. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം പുറത്തറിയുന്നത്. ദല്‍ഹിയില്‍ നടന്ന ശ്രദ്ധ തല്‍വാക്കര്‍ കൊലപാതകത്തിന് സമാനമായ സംഭവമാണ് ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Content Highlight: A woman was killed and kept in a fridge in Bengaluru