മുംബൈ: സ്ത്രീ പുരുഷനോടൊപ്പം ഹോട്ടലില്‍ മുറിയെടുക്കുന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. യുവതി മുറിയില്‍ പ്രവേശിച്ചാലും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് ഭരത്.പി. ദേശ്പാണ്ഡെ വ്യക്തമാക്കി.
2021ല്‍ ബലാത്സംഗക്കേസ് റദ്ദാക്കിയ വിചാരണക്കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ഉത്തരവിട്ടത്.
2020 മാര്‍ച്ചില്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത് പ്രതി യുവതിയെ പ്രതി ഹോട്ടലിലെത്തിച്ചെന്നാണ് കേസ്. സംഭവം നടന്ന ഉടന്‍ തന്നെ യുവതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. മുറിയില്‍ കയറിയതിന് ശേഷം പ്രതി ഭീഷണിപ്പെടുത്തിയതായും ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു യുവതി പരാതി നല്‍കിയത്.
ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത പ്രതി കുളിമുറിയില്‍ കയറിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസില്‍ അറിയിക്കുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ വിചാരണക്കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു. യുവതി പ്രതിക്കൊപ്പം മുറിയെടുക്കുകയും ലൈംഗികബന്ധത്തിന് സമ്മതം മൂളുകയും ചെയ്തുവെന്ന് വിചാരണക്കോടതി വാദിച്ചിരുന്നു. എന്നാല്‍ വിചാരണക്കോടതിയുടെ അനുമാനം തെറ്റാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്.
സ്ത്രീ ഉടനടി പൊലീസിനെ വിളിച്ച് പരാതി നല്‍കിയതും മറ്റ് നടപടികളും സമ്മതത്തോടെയല്ല ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് വെളിപ്പെടുത്തുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Content Highlight: A woman sharing a hotel room with a man cannot be regarded as consent to sexual intercourse: Bombay High Court