|

കിണറ്റിൽ വീണ കാട്ടുപന്നിയെ കറിവെച്ചുകഴിച്ചു; യുവാക്കൾ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളയം: കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കൾ. സംഭവത്തിൽ കോഴിക്കോട് വളയത്ത് അഞ്ച് യുവാക്കളെ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. രണ്ട് വീടുകളിൽ നിന്ന് ഇറച്ചിയും വനംവകുപ്പ് പിടികൂടി. കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.

വനം വകുപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയാണ് പരിശോധന നടത്തിയത്. വനത്തിനോട് ചേർന്നുള്ള പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നിയെയാണ് ഇവർ പിടികൂടി കറിവെച്ചത്.

ഞായറാഴ്ച്ച രാവിലെയാണ് വളയത്തെ വീട്ട് കിണറ്റിൽ കാട്ടുപന്നി വീണത്. നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് നൽകിയത്. സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 60 കിലോയിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി 20 ലധികം പേർക്ക് വീതിച്ചതായി കണ്ടെത്തിയത്.

എലിക്കുന്നുമ്മൽ ബിനു (43), തറോ കണ്ടിയിൽ അമൽ ( 22 ), എലിക്കുന്നുമ്മൽ റീനു (42 ), എലിക്കുന്നുമ്മൽ ജിഷ്ണു (21), എലിക്കുന്നുമ്മൽ അഷ്വിൻ (23) എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ ഉള്ളത്.

Content Highlight: A wild boar that fell into a well was cooked and eaten; Youth arrested

Video Stories