| Monday, 10th July 2023, 11:18 pm

ഭാര്യ ഭര്‍ത്താവിന് കീഴ്‌പ്പെട്ടവളല്ല; സാമ്പത്തിക വിവരങ്ങളും പങ്കുവെക്കേണ്ടതില്ല: ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭര്‍ത്താവിന്റെ അനുബന്ധമല്ല ഭാര്യയെന്നും ഭാര്യയുടെ വ്യക്തിത്വം ഭര്‍ത്താവിന്റെ വ്യക്തിത്വവുമായി കൂട്ടിച്ചേര്‍ക്കരുതെന്നും ദല്‍ഹി ഹൈക്കോടതി. സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാനും സാമ്പത്തികമായി സ്വതന്ത്രമാകാനും അവര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

ഭാര്യ ഭര്‍ത്താവിന് കീഴ്‌പ്പെട്ടവളല്ലെന്നും അവരുടെ എല്ലാ സാമ്പത്തിക വിവരങ്ങളും പങ്കുവെക്കേണ്ടതില്ലെന്നും ജസ്റ്റിസ് നജ്മി വാസിരി പറഞ്ഞു.

‘ഭാര്യ ഭര്‍ത്താവിന്റെ അനുബന്ധമല്ല. അവരുടെ വ്യക്തിത്വം ഭര്‍ത്താവിന്റെ വ്യക്തിത്വവുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ല. നിയമത്തിന് മുന്നില്‍ അവര്‍ക്ക് സ്വന്തം വ്യക്തിത്വമുണ്ട്. അവര്‍ക്ക് സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവകാശമുണ്ട്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാമ്പത്തികമായി സ്വതന്ത്രയാകാനും അവര്‍ക്ക് അവകാശമുണ്ട്,’ കോടതി പറഞ്ഞു.

വാടകക്കാരനെ കുടിയൊഴിപ്പിക്കാനുള്ള ഹരജി തള്ളിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഭൂവുടമ നല്‍കിയ കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. വിവാഹിതരായ രണ്ട് പെണ്‍മക്കളും തൊഴില്‍ രഹിതരാണെന്നും അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി വാടകകെട്ടിടം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഭൂവുടമ കീഴ്‌ക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം ഭൂവുടമയുടെ ഭാര്യ ഒരു ഹോട്ടല്‍ നടത്തുന്നുണ്ടെന്നും ആ വിവരം രേഖപ്പെടുത്തിയിട്ടില്ലെന്നും രണ്ട് പെണ്‍മക്കളും ദാമ്പത്യ ജീവിതത്തില്‍ നല്ല നിലയിലാണെന്നുമുള്ള നിരവധി കാരണങ്ങള്‍ നിരത്തി കീഴ്‌ക്കോടതി ഹരജി തള്ളുകയായിരുന്നു.

എന്നാല്‍ ആഡംബര ജീവിതമോ പണക്കാരന്റെ ഭാര്യ എന്ന് അറിയപ്പെടുന്നതോ അല്ല സ്ത്രീകളുടെ ജീവിതലക്ഷ്യമെന്ന് വാസിരി പറഞ്ഞു.

‘ ഒരു വ്യക്തി അവളുടെയോ അവന്റെയോ സ്വന്തം ബിസിനസോ പ്രൊഫഷണല്‍ ആക്ടിവിറ്റിയോ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ആത്മാഭിമാനം ഉള്ളവരാകും. സാധാരണയായി ഒരു മകള്‍ക്ക്, അവളുടെ വിവാഹജീവിതത്തിലെ അവസ്ഥ മാറ്റിവെച്ചാല്‍ തന്നെ ഭര്‍തൃവീട് എപ്പോഴും വൈകാരികവും മാനസികവും ശാരീരികവുമായ സങ്കേതങ്ങളാണ്. എത്ര ദൂരെയാണെങ്കിലും അവള്‍ക്ക് സ്വതന്ത്രമായി പോകാന്‍ പറ്റുന്നത് അവളുടെ മാതാപിതാക്കളുടെയടുത്താണ്.

ആശ്രിതര്‍ക്ക് വേണ്ടി വാടകക്കാരനെ കുടിയൊഴിപ്പിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. സാമ്പത്തികാവശ്യത്തിനും താമസിക്കാനുമുള്ള ഇടമെന്ന രീതിയില്‍ വിവാഹിതരായ പെണ്‍മക്കളെ ആശ്രിതരായി പരിഗണിക്കാം,’ കോടതി നിരീക്ഷിച്ചു.

CONTENT HIGHLIGHTS: A wife is not subject to her husband; Financial information not to be shared: Delhi High Court

We use cookies to give you the best possible experience. Learn more