|

പ്രധാനമന്ത്രിയുടെ പേരിലുള്ള വാട്സ്ആപ്പ് കത്തിനെതിരെ പരാതി; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വാട്സ്ആപ്പ് ഉപയോക്താക്കളിലേക്ക് എത്തുന്ന കത്തിനെതിരെ വ്യാപക പരാതി.

ഇതുസംബന്ധിച്ച് ഛത്തീസ്ഗഡ് സ്വദേശി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക സംവിധാനങ്ങള്‍ പാര്‍ട്ടിക്കായി പ്രധാനമന്ത്രി ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് നരേന്ദ്ര മോദിയും ബി.ജെ.പിയും നടത്തുന്നതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

വികസിത് ഭാരത് സങ്കല്‍പ്പ് എന്ന വാട്സ്ആപ്പ് അക്കൗണ്ടില്‍ നിന്നാണ് മോദിയുടെ പേരിലുള്ള കത്ത് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ നേട്ടങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരിലേക്കും ഇതുസംബന്ധിച്ച സന്ദേശങ്ങള്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാന്‍ ഭാരത്, മാതൃ വന്ദന യോജന തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പരാമര്‍ശം നടത്തുകയും സര്‍ക്കാര്‍ സംരംഭങ്ങളെ കുറിച്ച് പൗരന്മാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടുകയും ചെയ്യുന്ന മോദിയുടെ കത്തിനെതിരെ കോണ്‍ഗ്രസ് മെറ്റയില്‍ പരാതിപ്പെട്ടിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളെ പ്രചരണത്തിനായുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ‘വാട്ട്സ്ആപ്പിന്റെ പ്രഖ്യാപിത നയം രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് പ്ലാറ്റ്ഫോമിനെ ഉപയോഗിക്കുന്നത് നിരോധിക്കുന്നു. നയമതാണെങ്കില്‍ ബി.ജെ.പിക്ക് ഇതിന് എങ്ങനെ കഴിയുന്നു. അതോ ബി.ജെ.പിക്കായി മെറ്റ പ്രത്യേക നയം രൂപീകരിച്ചിട്ടുണ്ടോ?,’ എന്ന് കോണ്‍ഗ്രസ് ചോദിച്ചു.

വിഷയത്തില്‍ നരേന്ദ്ര മോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വികസിത് ഭാരത് സങ്കല്‍പ്പ് എന്ന അക്കൗണ്ട് പൊതു സര്‍ക്കാര്‍ സേവനം എന്ന് സ്വയം വിശേഷിപ്പിക്കുണ്ട്. ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ വിലാസവും വെബ്സൈറ്റും അക്കൗണ്ടിന്റെ ബയോയില്‍ പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

Content Highlight: A widespread complaint against the letter reaching WhatsApp users in the name of Narendra Modi