ന്യൂദല്‍ഹി: ആള്‍ക്കൂട്ടക്കൊലപാതക കേസിലെ പ്രതികളെ മാലയിട്ട് ആദരിച്ച സംഭവത്തില്‍ ഒടുവില്‍ കേന്ദ്രമന്ത്രിയുടെ മാപ്പ്. പശുക്കടത്തുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടക്കൊലയിലെ പ്രതികളായ എട്ടു ഗോസംരക്ഷകരെ മാലയിട്ടു സ്വീകരിച്ചതിന് ദിവസങ്ങള്‍ക്കു ശേഷമാണ് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
രാംഗഢ് ആള്‍ക്കൂട്ടക്കൊലയില്‍ ജാമ്യം ലഭിച്ച പ്രതികളെ മാലയിട്ടു സ്വീകരിച്ചതിന്റെ പേരില്‍ വലിയ തോതിലുള്ള വിമര്‍ശനം അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മാപ്പു പറയുന്നെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്.
“നിയമം അതിന്റേതായ മാര്‍ഗം സ്വീകരിക്കട്ടെ. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും നിരപരാധികള്‍ സ്വതന്ത്രരാകുകയും ചെയ്യും. രാംഗഢ് ആള്‍ക്കൂട്ടക്കൊലപാതകത്തിലെ പ്രതികള്‍ക്ക് മാലയിടുന്നതു വഴി ഞാന്‍ അത്തരത്തിലുള്ള എന്തെങ്കിലും അതിക്രമത്തിന് പിന്തുണ നല്‍കുന്നയാളാണെന്ന സൂചനയുണ്ടായിട്ടുണ്ടെങ്കില്‍, അതില്‍ ഞാന്‍ ഖേദിക്കുന്നു.” സിന്‍ഹ പറഞ്ഞു.
Also Read: രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: കോടിയേരി
കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നായിരുന്നു ബീഫ് കടത്തിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഢില്‍ വെച്ച് അലിമുദ്ദീന്‍ അന്‍സാരിയെന്നയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
12 പ്രതികളാണുണ്ടായിരുന്ന കേസിലെ എട്ട് പേര്‍ക്ക് ജാമ്യം ലഭിക്കുകയും ഇവര്‍ക്ക് സ്ഥലത്തെ ബി.ജെ.പി. നേതൃത്വം സ്വീകരണം നല്‍കുകയുമായിരുന്നു. ജയന്ത് സിന്‍ഹ പ്രതികള്‍ക്ക് ഹാരമണിയിക്കുന്നതിന്റെയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം വലിയ വിവാദത്തിന് വഴിതുറക്കുകയായിരുന്നു.