ഫ്രഞ്ച് ഒന്നാം ഡിവിഷൻ ലീഗായ ലീഗ് വണ്ണിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ് ജി.
മികച്ച സ്‌ക്വാഡ് ഡെപ്ത്ത് കൈവശമുണ്ടായിട്ടും ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്ത ക്ലബ്ബിനെതിരെ ആരാധകരും ഫുട്ബോൾ വിദഗ്ധരും രംഗത്തുണ്ട്.
ബാഴ്സലോണയിൽ നിന്നും പി.എസ്.ജിയിലേക്കെത്തിയ ഇതിഹാസ താരം ലയണൽ മെസിയുടെ കരാർ വരുന്ന ജൂണിലാണ് അവസാനിക്കുന്നത്. ഇതിനകം ക്ലബ്ബുമായി കരാർ പുതുക്കിയില്ലെങ്കിൽ ഫ്രീ ഏജന്റായി മാറുന്ന താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകൾ രംഗത്തുണ്ട്.
എന്നാൽ മെസിയെ പി.എസ്.ജിയിലേക്കെത്തിക്കാനുള്ള തീരുമാനം ഒട്ടും നല്ലതല്ലായിരുന്നെന്നും ക്ലബ്ബിൽ മെസി വെറും വേസ്റ്റായിരുന്നെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ പി.എസ്.ജി മധ്യനിര താരമായ മത്തേയൂ ബോഡ്മെർ.
മെസിയുടെ പി.എസ്.ജിയിലേക്കുള്ള വരവിനെ പരാജയം എന്ന് വിശേപ്പിച്ച ബോഡ്മെർ, മെസിയിൽ നിന്നും തങ്ങൾ പ്രതീക്ഷിച്ചത് ക്ലബ്ബിന് കിട്ടിയില്ലെന്നും അഭിപ്രായപ്പെട്ടു.
നീണ്ട 21 വർഷത്തെ ബന്ധം അവസാനിപ്പിച്ചായിരുന്നു മെസി ബാഴ്സയിൽ നിന്നും പി.എസ്.ജിയിലേക്ക് ചേക്കേറിയത്. ക്ലബ്ബിനുള്ളിലെ സാമ്പത്തിക പ്രതിസന്ധികളും ബാഴ്സ മാനേജ്മെന്റുമായുള്ള തർക്കങ്ങളുമാണ് മെസിയെ ബാഴ്സലോണയിൽ നിന്നും പാരീസിലേക്കെത്തിച്ചത്.
“മെസി പി.എസ്.ജിയിൽ ഒരു വേസ്റ്റായിരുന്നു. പി.എസ്.ജിയിൽ ഞങ്ങൾ ആരാധകർ പ്ലെയേഴ്സിനോട് എപ്പോഴും ടഫ് ആയിരിക്കും. മെസിയെ കൂക്കി വിളിക്കാൻ മാത്രം ധൈര്യമുള്ള ആരാധകർ പി.എസ്.ജിക്കുണ്ട്.
ഞങ്ങൾ മെസിയിൽ നിന്നും വളരെയേറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് ഞങ്ങൾക്ക് കിട്ടിയില്ല. മെസിയും ആരാധകരും തമ്മിലുള്ള ബന്ധം വളരെ മോശമാണെന്നത് നാണം കെടുത്തുന്ന ഒരു സംഗതിയാണ്,’ മത്തേയൂ ബോഡ്മർ പറഞ്ഞു.
പി.എസ്.ജിക്കായി ഈ സീസണിൽ 33 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും 17 അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം ലീഗ് വണ്ണിൽ നിലവിൽ 29 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി. എസ്.ജിയുടെ സ്ഥാനം.
ഏപ്രിൽ ഒമ്പതിന് നൈസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:A waste Mathieu Bodmer said about messi’s psg transfer