കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഫറൂഖില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനായി ഒരുക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്കുള്ള വഴി മതില്‍ കെട്ടി തടസപ്പെടുത്താന്‍ ശ്രമം.ഷെല്‍ട്ടര്‍ ഹോമിനായി തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയക്ക് നല്‍കിയ ട്രാന്‍സ്‌മെന്‍ കിരണ്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്.
ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തെ എല്ലാ അര്‍ത്ഥത്തിലും പൊതുസമൂഹത്തില്‍ സ്വാഭാവിക പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മഴവില്ല് പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ ട്രാര്‍സ്‌ജെന്റര്‍ ഷെല്‍ട്ടര്‍ ഹോം പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോടിന് പുറമെ തിരുവനന്തപുരത്തും എറണാകുളത്തും പദ്ധതി നടപ്പിലാക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഷെല്‍ട്ടര്‍ ഹോം ഒരുക്കുന്നതിനായി കിരണ്‍ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം സാമൂഹിക നീതി വകുപ്പിന് കൈമാറുകയായിരുന്നു. ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപണികളും വന്‍ തുക ചെലവഴിച്ച് കിരണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവിടുത്തേക്കുള്ള വഴി തടസപ്പെടുത്തി ഒരു വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന തരത്തില്‍ തന്റെ സഹോദരന്‍ മതില്‍ കെട്ടിയെന്ന് കിരണ്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഷെല്‍ട്ടര്‍ ഹോം തുടങ്ങുന്നതില്‍ സഹോദരന് മുന്‍പേ എതിര്‍പ്പുണ്ടായിരുന്നെങ്കിലും എന്നാല്‍ ഇപ്പോള്‍ കമ്മ്യൂണിറ്റിയിലെ തന്നെ ചിലര്‍ സഹോദരനെ തെറ്റിദ്ധരിപ്പിച്ച് ഇവിടെ മതില്‍ കെട്ടാന്‍ പ്രേരിപ്പിക്കുകയായിരുന്നെന്നും കിരണ്‍ ആരോപിച്ചു.
‘ട്രാന്‍സ്‌ജെന്റര്‍ ഷെല്‍ട്ടര്‍ഹോമിനായി ഞാന്‍ എന്റെ വീട് സാമൂഹിക നീതി വകുപ്പിന് കൈമാറിയിരുന്നു. വാടകക്കാണ് കെട്ടിടം നല്‍കിയത്. സഹോദരനും വീട്ടുകാരും ഇതില്‍ ആദ്യമേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് എന്റെ പേരിലുള്ള ഭൂമിയാണ്. ഞാന്‍ എന്റെ സുഹൃത്തിന്റെ കയ്യില്‍ നിന്നും വാങ്ങിയതാണ്. അതിന്റെ ഡോക്യുമെന്റ്‌സ് എന്റെ കൈവശമുണ്ട്. പക്ഷെ ട്രാന്‍സ്‌ജെന്റര്‍ ഷെല്‍ട്ടര്‍ ഹോം ഇവിടെ തുടങ്ങരുത് എന്ന ഉദ്യേശത്തില്‍ കമ്മ്യൂണിറ്റിയിലെ തന്നെ ചിലര്‍ ഇവിടെ അസാന്മാര്‍ഗിക പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ചേട്ടനെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും മതില്‍കെട്ടാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. പത്താം തിയ്യതിയാണ് മതില്‍ കെട്ടിയത്. ആദ്യം ചെറിയ മതില്‍ ആയിരുന്നു. ഒരു ചെറിയ ടൂവീലറിനൊക്കെ പോകാന്‍ കഴിയുന്ന തരത്തിലായിരുന്നു. എന്നാല്‍ പിന്നീട് അത് മാറ്റി പണിയുകയും ഇപ്പോള്‍ ഒരാള്‍ക്ക് മാത്രം പോകാന്‍ കഴിയുന്ന തരത്തിലേക്ക് മാറ്റുകയും ചെയ്തുവെന്നും’ കിരണ്‍ പറയുന്നു.
അതേസമയം വീട് ഹോംസ്റ്റേ സൗകര്യം ഒരുക്കുന്നതിനായി വിട്ടുകൊടുക്കാമെന്ന് പറഞ്ഞശേഷം സാമൂഹ്യ നീതിവകുപ്പില്‍ നിന്നും ആളുകള്‍ വന്ന് വീട് സന്ദര്‍ശിക്കുകയും ചെറിയ അറ്റകുറ്റ പണികള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു വലിയ തുക മുടക്കി അതൊക്കെ പരിഹരിച്ച് കെട്ടിടം ഹോംസ്റ്റേ തുടങ്ങുന്നതിനായി സജ്ജമാക്കിയെന്നും കിരണ്‍ പറയുന്നു.
മതില്‍ കെട്ടി സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്തിയെന്ന് പൊലീസില്‍ അറിയിച്ചിരുന്നെങ്കിലും അവര്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് പറഞ്ഞതെന്നും കിരണ്‍ പറയുന്നു.
പദ്ധതിയുടെ നിയന്ത്രണവും മോണിറ്ററിങ്ങും സാമൂഹിക നീതി വകുപ്പിനാണ്. ഭൂമി സംബന്ധിച്ച പ്രശ്‌നമായതിനാല്‍ കാര്യം റവന്യൂവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ആ ഭൂമി അളന്നുനോക്കി കാര്യങ്ങള്‍ പരാതിക്കാരന് അനുകൂലമാണെങ്കില്‍ മതില്‍ പൊളിച്ച് മാറ്റാനുള്ള നീക്കങ്ങള്‍ നടത്തുമെന്നും ജീല്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ പറഞ്ഞു.
‘വിഷയം റവന്യൂ വകുപ്പാണ് കൈകാര്യം ചെയ്യേണ്ടത്. ഞങ്ങള്‍ ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ഭൂമി വിഷയമായതില്‍ പൊലീസ് ഇടപെടില്ല. അതേസമയം ഇവരുടെ ജീവനും സുരക്ഷയും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊലീസിനും കത്ത് നല്‍കിയിട്ടുണ്ട്. റവന്യൂ വകുപ്പ് ഭൂമി അളന്നുനോക്കി കാര്യങ്ങള്‍ പരാതിക്കാരന് അനുകൂലമാണെങ്കില്‍ മതില്‍ പൊളിച്ച് മാറ്റാനുള്ള നീക്കങ്ങളുമായി മുന്നോട്ട പോകും’ ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ പറഞ്ഞു.
25 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുന്ന തരത്തില്‍മുഴുവനായും സൗജന്യമായാണ് ഹോം സ്റ്റേ ഒരുക്കുന്നത്.
വീട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും, ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയിലും സര്‍ജറി ചെയ്ത് കെയര്‍ ആവശ്യമുള്ളവര്‍ക്കും ഉള്‍പ്പെടെയാണ് ഇവിടെ താമസ സൗകര്യം. താമസ സൗകര്യം ഒരുങ്ങുന്നതോടൊപ്പം ഏഴ് ട്രാന്‍സ് വിമണ്‍സിന് ഇവിടെ തൊഴിലും നല്‍കും. ഒരു മാനേജര്‍, രണ്ട് കെയര്‍ടേക്കര്‍മാര്‍, ഒരു കൗണ്‍സിലര്‍, ഒരു സെക്യൂരിറ്റി ഗാര്‍ഡ്, പാചകക്കാരനും ക്ലീനിംഗ് സ്റ്റാഫും ഇവിടെ ഉണ്ടായിരിക്കും. ഒപ്പം
കുടുംബശ്രീ ഉള്‍പ്പെടെയുള്ള കൂട്ടായ്മകളുമായി സഹകരിച്ച് ഈ വീട്ടില്‍ ട്രാന്‍സ് വിമണിനായി പരിശീലന ക്ലാസുകള്‍ നടത്താനും ആലോചനയുണ്ട്.
നിരന്തരമായ ആവശ്യങ്ങളുടെ ഫലമായാണ് ഇത്തരമൊരു ഷെല്‍ട്ടര്‍ ഹോം ഒരുങ്ങുന്നതെന്നും എന്നാല്‍ ഇത് കോഴിക്കോട് നഗരപരിധിയില്‍ തന്നെ വേണമെന്നാണ് ആഗ്രഹമെന്നും ട്രാന്‍സ്ജെന്റര്‍ ആക്റ്റിവിസ്റ്റ് സിസിലി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.