മുംബൈ: തന്റെ കരിയറില്‍ വഴിത്തിരിവായത് ചെന്നൈയിലെ ഒരു ഹോട്ടല്‍ വെയ്റ്ററുടെ ഉപദേശമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മൂബൈയില്‍ “സച്ചിന്‍ ബൈ സ്പാര്‍ട്ടന്‍” എന്ന തന്റെ പുതിയ സ്ഥാപനത്തില്‍ കായിക ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും ശേഖരം പുറത്തിറക്കി സംസാരിക്കവേയാണ് സച്ചിന്‍ വെയ്റ്റര്‍ തന്റെ രക്ഷകനായ കഥ പറഞ്ഞത്.
Also read ജാര്‍ഖണ്ഡില്‍ ദൈവപ്രീതിക്കായി യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
തുറന്ന മനസ്സുണ്ടെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞ സച്ചിന്‍ പലരുടെയും നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുവാനുള്ള തുറന്ന മനസ്സാണ് നമുക്കാവശ്യമെന്നും കൂട്ടിച്ചേര്‍ത്തു.
“ചെന്നൈയില്‍ ഒരു ഹോട്ടലില്‍ ഇരിക്കുകയായിരുന്ന തന്റെയടുത്ത് ഒരു വെയ്റ്റര്‍ വന്നു. നിങ്ങള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ ഒരു കാര്യം പറയട്ടേ എന്നു ചോദിച്ചായിരുന്നു അദ്ദേഹം തുടങ്ങിയത്. പറഞ്ഞോ എന്നു സമ്മതിച്ചപ്പോള്‍ തനിക്ക് അയാള്‍ നല്‍കിയത് വിലപ്പെട്ട ഉപദേശമായിരുന്നു”താരം പറഞ്ഞു.
തന്റെ എല്‍ബോ ഗാര്‍ഡാണ് തന്റെ ബാറ്റിംഗിനു തടസ്സമെന്നാണ് അയാള്‍ തന്നോട് പറഞ്ഞത്. കുറച്ച് കാലത്തിനു ശേഷം ബോള്‍ എല്‍ബോ ഗാര്‍ഡില്‍ അടിച്ചപ്പോള്‍ എനിക്ക് വേദനിച്ചു അന്നാണ് ഇത് ബാറ്റ്ംഗിനു തടസ്സമാണെന്ന് എനിക്കും ബോധ്യമായത്. ആ വെയിറ്ററുടെ നിഗമനം പൂര്‍ണ്ണമായും ശരിയായിരുന്നെന്ന് അന്ന് തനിക്ക് മനസ്സിലായി സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
പിന്നീട് താന്‍ തന്റെ എല്‍ബോ ഗാര്‍ഡ് മാറ്റുകയായിരുന്നു. ഫൈബര്‍ കുഷ്യന്‍ ഉപയോഗിച്ച് കൊണ്ടുള്ള ഒന്ന് താന്‍ നിര്‍മ്മിക്കുകയായിരുന്നു. നേട്ടങ്ങളിലേക്ക് താന്‍ കുതിച്ചത് ഇതിന്റെ പിന്‍ബലത്തിലായിരുന്നെന്നും സച്ചിന്‍ വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് പാന്‍വാലയ്ക്ക് മുതല്‍ സി.ഇ.ഒകള്‍ക്ക് വരെ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും അത് സ്വീകരിക്കാനുള്ള മനസ്സാണ് നമുക്ക് വേണ്ടതെന്നും സച്ചിന്‍ പറഞ്ഞു.