ദുരന്തത്തിന്റെ തോത് ഇതില്‍ കാണാം; ഇയാന്‍ ചുഴലിക്കാറ്റിനിടെ ഫ്‌ളോറിഡയില്‍ നിന്നൊരു വൈറല്‍ ചിത്രം
World News
ദുരന്തത്തിന്റെ തോത് ഇതില്‍ കാണാം; ഇയാന്‍ ചുഴലിക്കാറ്റിനിടെ ഫ്‌ളോറിഡയില്‍ നിന്നൊരു വൈറല്‍ ചിത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th October 2022, 11:26 pm

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇതുവരെ വീശിയടിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായ ഇയാന്‍ ഫ്‌ളോറിഡയിലുടനീളം നാശം വിതക്കുകയാണ്. ചുഴലിക്കാറ്റിനെതുടര്‍ന്ന് 100ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

കൊടുങ്കാറ്റ് സൃഷ്ടിച്ച നാശത്തിന്റെ തോത് തുറന്നുകാണിക്കുന്ന ദൃശ്യങ്ങളാണ് ഫ്‌ളോറിഡയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍, ചുഴലിക്കാറ്റ് നാശംവിതച്ച സ്ഥലത്ത് നിന്നുള്ള ഒരു ചിത്രം ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഒരു വീടിന്റെ ജനാലക്ക് പുറത്ത് ജലനിരപ്പ് വലിയ ഉയരത്തിലെത്തുന്നത് കാണിക്കുന്ന ഫോട്ടോയാണ് ഇത്തരത്തില്‍ ശ്രദ്ധനേടുന്നത്. ഫ്‌ളോറിഡയിലെ നേപ്പിള്‍സ് നഗരത്തില്‍ നിന്നുള്ളതാണ് ഈ ചിത്രം.

‘ഞങ്ങള്‍ ഫ്‌ളോറിഡയിലെ നേപ്പിള്‍സിലെ കടല്‍ത്തീരത്താണ് താമസിക്കുന്നത്. ഇയാന്‍ ചുഴലിക്കാറ്റിനിടയിലും  ഞങ്ങള്‍ വീട്ടിലായിരുന്നു കഴിഞ്ഞത്. ഞങ്ങളുടെ അനുഭവത്തില്‍ നിന്ന് ശ്രദ്ധേയമായ ഒരു ഫോട്ടോ പങ്കുവെക്കാമെന്ന് വിചാരിച്ചു,’ എന്ന് എഴുതിയാണ് ഡിക്‌സി വാട്ട്ലി എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമ ഈ ചിത്രം പങ്കുവെച്ചത്.

അതേസമയം, ചുഴലിക്കുമുമ്പ് ഒഴിഞ്ഞുപോകണമെന്ന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പലരും അവരുടെ വീടുകള്‍ വിട്ടുപോകുവാന്‍ തയ്യാറാകാതിരുന്നത് കൂടുതല്‍ അപകടം വരുത്തിവെച്ചതായും അധികൃതര്‍ പറഞ്ഞു. ചുഴലിയുടെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിനും ആശ്വാസം പകരുന്നതിനും 85,000 എമര്‍ജന്‍സി ജീവനക്കാരെയാണ് ഫ്‌ളോറിഡയില്‍ വിന്യസിച്ചിട്ടുള്ളത്.