തിരുവനന്തപുരം: കെ.ടി ജലീലിന്റെ രാജിയില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച ഒരു സമീപനമാണ് ജലീലില്‍ നിന്നും ഉണ്ടായതെന്നും തീര്‍ച്ചയായും ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
അദ്ദേഹം പൊതുജീവിതത്തിന്റെ മാന്യതകള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച നേതാവാണ്. ലോകായുക്ത വിധി വന്ന പശ്ചാത്തലത്തില്‍ അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണ്.
അദ്ദേഹം തെറ്റ് ചെയ്തു എന്ന് ഞങ്ങള്‍ അംഗീകരിച്ചിട്ടില്ല. യു.ഡി.എഫില്‍ നിന്ന് ഒരു വ്യത്യാസം എല്‍.ഡി.എഫിന് എപ്പോഴുമുണ്ടാകും. പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കോടതിയില്‍ നിന്നും പരാമര്‍ശമുണ്ടായിരുന്നു. എന്നിട്ട് അദ്ദേഹം രാജിവെച്ചില്ലല്ലോ. കെ. ബാബുവിന് എതിരായി വിജിലന്‍സ് കോടതിയില്‍ നിന്നും പരാമര്‍ശം വന്നതാണ്. എന്നാല്‍ അദ്ദേഹം കൊടുത്ത രാജിക്കത്ത് പോക്കറ്റിലിട്ട് നടക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. അങ്ങനെയൊരു നിലപാട് എല്‍.ഡി.എഫ് സ്വീകരിച്ചിട്ടില്ല. കെ.ടി ജലീലും സ്വീകരിച്ചിട്ടില്ല, എ. വിജയരാഘവന്‍ പറഞ്ഞു.
ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണോ രാജിയെന്ന ചോദ്യത്തിന് ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നായിരുന്നു വിജയരാഘവന്റെ മറുപടി.
അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനമാണ് എടുത്തത്. അദ്ദേഹത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ അഭിപ്രായമാണ് ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമപ്രവര്‍ത്തകരുടെ വ്യാഖ്യാനങ്ങളില്‍ പ്രതികരിക്കാനില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
രാജി പാര്‍ട്ടി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് അദ്ദേഹം രാജിവെച്ചല്ലോ അതല്ലേ പ്രധാനപ്പെട്ട കാര്യമെന്നും ബാക്കിയെല്ലാം ഉപഘടകങ്ങള്‍ മാത്രമാണെന്നുമായിരുന്നു എ. വിജയരാഘവന്റെ മറുപടി.
നിയമവിഷയത്തില്‍ മന്ത്രി ഉചിതമായ തീരുമാനം എടുത്തിരിക്കുന്നു. മറ്റ് വിഷയങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയതാത്പര്യത്തിന്റെ ഭാഗമാണെന്നും വിജയരാഘവന്‍ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് കെ.ടി ജലീല്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറുകയായിരുന്നു. ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമുള്ള ലോകായുക്തയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് രാജി.
ജലീല്‍ സ്വജന പക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്ത പറഞ്ഞിരുന്നു. ജലീലിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ലോകായുക്ത ഉത്തരവില്‍ വിശദീകരിക്കുന്നത്.
ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ലോകായുക്തയുടെ വിധി. മന്ത്രിയുടെ ബന്ധുവായ കെ. ടി അദീപിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തുവെന്നാണ് പരാതി.
വി.കെ മുഹമ്മദ് ഷാഫി എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക