തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലും തമ്മിലുള്ള ബന്ധം അന്വേഷണത്തിലൂടെ പുറത്തുവരണമെന്ന് സി.പി.ഐ.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍.
സുധാകരന്‍ മോന്‍സന്‍ മാവുങ്കലിന് കീഴില്‍ ചികിത്സ തേടിയത് ശാസ്ത്ര ബോധമില്ലാത്തതിനാലാണെന്നും വിജയരാഘവന്‍ പറഞ്ഞു.
തട്ടിപ്പ് കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവന്ന കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇതിന് പിന്നിലുള്ള കുറ്റകരമായ കാര്യങ്ങളെല്ലാം പുറത്തുവരട്ടെ.
നടന്നത് സൂപ്പര്‍ തട്ടിപ്പാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതാണ് പ്രധാനം. പൊലീസ് മുന്‍കൈ എടുത്ത് അക്കാര്യം പരിശോധിക്കുന്നുമുണ്ട്, വിജയരാഘവന്‍ പറഞ്ഞു.
മിനിമം അറിവുള്ള ആര്‍ക്കും മനസിലാകുന്ന തട്ടിപ്പാണ് നടന്നതെന്നും ഇത് മനസിലാക്കാനുള്ള സാമാന്യ വിവേകം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണമെന്നും സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു.
ഡോ. മോന്‍സന്‍ ത്വക്ക് രോഗ വിദഗ്ധന്‍ ആണെന്ന് ആര് പറഞ്ഞു. സുധാകരന്റെ ന്യായം സാമാന്യ യുക്തിക്ക് ചേരുന്നതല്ല. ആര്‍ഭാടത്തില്‍ പോയി മയങ്ങരുത്. തട്ടിപ്പ് തിരിച്ചറിയാനുള്ള ബുദ്ധി വേണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു.
തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സനെ ഇന്നലെ മൂന്നു മണിക്കൂറാണ് ചോദ്യം ചെയ്തത്. രക്തസമ്മര്‍ദ്ദം കൂടിയതിനാല്‍ ചോദ്യം ചെയ്യല്‍ ഒമ്പത് മണിയോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു.
മോന്‍സന്‍ മാവുങ്കലിനെ മൂന്നു ദിവസത്തേക്കാണ് കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പിനായി മോന്‍സനെ ഇന്ന് ചേര്‍ത്തലയിലെ വീട്ടില്‍ കൊണ്ടുപോയെക്കും. സാമ്പത്തിക തട്ടിപ്പില്‍ പരാതിക്കാരായവരുടെ മൊഴി രേഖപ്പെടുത്താന്‍ ഓഫീസില്‍ എത്തി ച്ചേരണമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.