തിരുവനന്തപുരം: മുന്നാക്ക സംവരണത്തില്‍ ആക്ഷേപം ഉന്നയിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നരാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ. വിജയരാഘവന്‍. വര്‍ഗീയ ഏകോപനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് കേരളത്തില്‍ ഇതിന് മുന്‍കൈ എടുത്തിരിക്കുന്നതെന്നും അദ്ദേഹം മാധ്യമം ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
സംവരണ വിഷയത്തില്‍ തര്‍ക്കമുണ്ടാക്കി ഇടതുപക്ഷത്തിന് എതിരായി പുതിയ ചേരിതിരിവ് സൃഷ്ടിക്കാനാവുമോ എന്ന് ശ്രമിക്കുന്നവരുടെ സൃഗാലബുദ്ധിയാണ് അത്. പരമാവധി സംവരണത്തിന്റെ ആനുകൂല്യം കിട്ടി ജീവിത നിലവാരം മെച്ചപ്പെടുത്തിയവരാണ് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങള്‍. ആ ജനവിഭാഗങ്ങളില്‍ നല്ല ബഹുജന പിന്തുണയുടെ പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എമ്മിന്റെ പിന്നില്‍ വലിയ ശക്തിയായി നിന്നവരാണ് ഈഴവവാദി പിന്നാക്ക ജാതി വിഭാഗങ്ങളും ദളിതരും. ഇപ്പോള്‍ എസ്.എന്‍.ഡി.പി പിന്നാക്ക സംവരണത്തിനെതിരെ പരസ്യമായി രംഗത്തു വന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഈ പറഞ്ഞ എല്ലാ ജനവിഭാഗങ്ങള്‍ക്കും സംവരണം ലഭിക്കാന്‍ മുന്‍കൈ എടുത്തത് സി.പി.ഐ.എമ്മാണെന്നും മുസ്‌ലീങ്ങള്‍ക്ക് ജനസംഖ്യാനുപാതിക സംവരണം ആദ്യം നടപ്പാക്കിയത് കേരളത്തിലാണെന്നുമായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. അതിനാല്‍ സംവരണത്തിലെ സി.പി.ഐ.എം നിലപാടിനെ കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാതി അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കുന്ന പാര്‍ട്ടിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി. എല്ലാ ജാതിയിലും മതത്തിലും പാവപ്പെട്ടവരുണ്ട്. ജാതികള്‍ തമ്മിലുള്ള സംഘര്‍ഷമല്ല നമ്മുടെ നാട്ടില്‍ നടക്കുന്നത്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം അതില്‍ വേറെയാണ്. അവര്‍ സഹസ്രാബ്ദങ്ങളുടെ അടിച്ചമര്‍ത്തലിന് വിധേയരായവരാണ്. അവര്‍ക്കുള്ള സംവരണം അഭംഗുരം തുടരണം. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ച അളവില്‍ വിട്ടുവീഴ്ചയില്ലാതെ തുടരേണ്ടതാണ്. പട്ടികജാതി/പട്ടികവര്‍ഗം ഒഴികെ ബാക്കി എല്ലാ വിഭാഗങ്ങളിലും സമ്പന്നരും ദരിദ്രരുമുണ്ട്. ഈ ദരിദ്ര ജനവിഭാഗങ്ങളുടെ യോജിപ്പാണ് ഞങ്ങള്‍ നടത്തുന്നത്.
സംവരണത്തിലൂടെ ജോലി ലഭിക്കുന്ന ആളുകള്‍ക്ക് ഇന്ന് കോണ്‍ഗ്രസും ബി.ജെ.പിയും നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളിലൂടെ സംവരണത്തിന്റെ അളവ് എത്ര ചുരുങ്ങിപ്പോയി? അടച്ചുപൂട്ടുന്ന ഓരോ പൊതുമേഖലാ സ്ഥാപനവും സംവരണ തൊഴില്‍ അവസരമല്ലേ നഷ്ടപ്പെടുത്തുന്നത്? സംവരണം വഴി ജോലി ലഭിക്കുന്നതിന്റെ അളവ് വലിയ തോതില്‍ കുറഞ്ഞു.
റെയില്‍വേ പോലുള്ള സ്ഥാപനങ്ങളില്‍ റിക്രൂട്ട്‌മെന്റ് നിശ്ചലമായി. റിക്രൂട്ട്‌മെന്റ് ഇല്ലെങ്കില്‍ സംവരണം ലഭിക്കുമോ? അതല്ലേ മൗലിക വിഷയം. ഈ സാമ്പത്തിക നയത്തിന് എതിരായി സമരം രൂപപ്പെട്ടു വരേണ്ടതല്ലേ? സംവരണം എന്നൊരു വിഷയത്തെ മാത്രം വെച്ചുകൊണ്ടല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.
ഇതിനോടൊപ്പം തന്നെ സംവരണേതര വിഭാഗത്തിലെ വളരെ പാവപ്പെട്ടവര്‍ക്കും സംവരണം കൊടുക്കണം. അവരിലെ സാമ്പത്തിക ക്രമിലെയര്‍ പരിശോധിച്ച് അതിദരിദ്രര്‍ക്ക് കിട്ടുമെന്ന് ഉറപ്പാക്കുന്ന വിധത്തിലാവണം സംവരണം നടപ്പാക്കേണ്ടത്. ദരിദ്ര ജനവിഭാഗങ്ങളുടെ ആകെ കൂട്ടായ്മയെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ സംവരണത്തിന്റെ പേരില്‍ തര്‍ക്കം ഉണ്ടാക്കുക എന്നത് മത-ജാതി വര്‍ഗീയതയുടെ ഒരു രാഷ്ട്രീയ ശൈലിയാണ്. അതിനോട് സി.പി.ഐ.എമ്മിന് യോജിക്കാന്‍ പറ്റില്ലെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: A Vijayaraghavan On Economic reservation