തിരുവനന്തപുരം: കരാറുകാരുമായി എം.എല്‍.എമാര്‍ കാണാന്‍ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ പിന്തുണച്ച് സി.പി.ഐ.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍. ശുപാര്‍ശകള്‍ ഇല്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
മന്ത്രി വ്യക്തമാക്കിയത് പൊതു നിലപാടാണെന്നും ഇത്തരം കാര്യങ്ങളില്‍ പൊതുനിര്‍ദേശങ്ങള്‍ സി.പി.ഐ.എം നല്‍കാറുണ്ടെന്നും ആ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിലപാടാണ് മന്ത്രി വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
‘നല്ല നിലയില്‍ തന്നെയാണ് സര്‍ക്കാരും മന്ത്രിമാരും പ്രവര്‍ത്തിച്ചുവരുന്നത്. മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ മങ്ങല്‍ ഏല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സംബന്ധിച്ച് വ്യക്തമായ സമീപനം സി.പി.ഐഎമ്മിനുണ്ട്. ശുപാര്‍ശകള്‍ ഇല്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്,’ വിജയരാഘവന്‍ പറഞ്ഞു.
അതേസമയം, സി.പി.ഐ.എം നിയമസഭാകക്ഷിയോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും കരാറുകാരുമായി എം.എല്‍.എമാര്‍ വരരുതെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരാറുകാരുമായി എം.എല്‍.എമാര്‍ കാണാന്‍ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയോട് എ.എന്‍ ഷംസീര്‍ എം.എല്‍.എ, സുമേഷ് എം.എല്‍.എ, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ വിമര്‍ശനം ഉന്നയിച്ചതായും മന്ത്രി ഖേദം പ്രകടിപ്പിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.
CONTENT HIGHLIGHTS: A. Vijayaraghavan has come out in support of Minister Mohammad RiyaS’s statement that MLAs should not meet with contractors