തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് പിന്നാലെ എന്‍.എസ്.എസിനെതിരെ വീണ്ടും സി.പി.ഐ.എം. തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സ്വീകരിച്ച നിലപാടിനൊപ്പം സമുദായംഗങ്ങള്‍ ഉണ്ടാകില്ലെന്നും ഇത് വോട്ടെണ്ണിക്കഴിയുമ്പോള്‍ മനസിലാകുമെന്നുമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്.
ദേശാഭിമാനി പത്രത്തില്‍ എഴുതിയ ‘ സമുദായ സംഘടനകളും ജനവിധിയും’ എന്ന ലേഖനത്തിലാണ് എ. വിജയരാഘവന്റെ വിമര്‍ശനം.
‘സമദൂരം എന്ന നയം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിന്റെ കൂടെ പോകാന്‍ എന്‍.എസ്.എസിന് കഴിയില്ല. കാരണം സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും ഇത് അനുവദിക്കില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായര്‍ എടുത്ത നിലപാടിനൊപ്പം നായര്‍ സമുദായം ഉണ്ടാകില്ലെന്ന് വ്യക്തമായി പറഞ്ഞത്.
ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എന്‍.എസ്.എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകള്‍ തിരുത്തിക്കുന്ന സമീപനമായിരിക്കും ആ സമുദായത്തില്‍ നിന്ന് ഉണ്ടാവുക എന്നത് ഉറപ്പാണ്,’ ലേഖനത്തില്‍ വിശദീകരിക്കുന്നു.
ഒരു ജാതി-മത സംഘടനയുടെയും അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നും അതുതന്നെയായിരിക്കും നിലപാടെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു.
ആര്‍.എസ്.എസ് അജണ്ട പ്രകാരം തീവ്ര വര്‍ഗീയ നിലപാടുമായി കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളുടെ ഐക്യം തകര്‍ക്കുന്ന ഈ നയവും കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തിക നയവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. വര്‍ഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്‌കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എന്‍.എസ്.എസിനെപോലുള്ള സമുദായ സംഘടനകള്‍ നോക്കുന്നില്ല.
ആര്‍.എസ്.എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവല്‍ക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാന്‍ സമുദായ സംഘടനകള്‍ ശ്രമിക്കുന്നത്, അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താത്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരന്‍ നായരെപ്പോലുള്ള നേതാക്കള്‍ മനസിലാക്കണമെന്നും എ. വിജയരാഘവന്‍ ലേഖനത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: A Vijayaraghavan criticizes NSS in Deshabhimani article