| Sunday, 21st July 2019, 12:04 pm

യൂണിവേഴ്സിറ്റി കോളേജിലേത് വെറും അടിപിടി; കെ.എസ്.യുവിന്റെ സമരപരിപാടികളില്‍ പങ്കെടുക്കുന്നത് മീന്‍ കച്ചവടക്കാരും വക്കീലന്‍മാരുമെന്ന് എ. വിജയരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവം വെറും അടിപിടി മാത്രമെന്ന് സി.പി.ഐ.എം സംസ്ഥാനകമ്മിറ്റിയംഗം എ. വിജയരാഘവന്‍.

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് വെറും അടിപിടി മാത്രമാണ്. അടിപിടി ഉണ്ടാക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നെ എന്തിനാണ് സമരമെന്നും വിജയരാഘവന്‍ ചോദിച്ചു.

ഇടത് അനുകൂല വിദ്യാഭ്യാസ സംഘടനയായ കെ.എസ്.ടി.എയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.യുവിന്റെ സമരപരിപാടികളില്‍ പങ്കെടുക്കുന്നത് കുറച്ച് മീന്‍ കച്ചവടക്കാരും വക്കീലന്‍മാരും ആണ്. സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന് പ്രതിഷേധിച്ചത് ഒരു വക്കീലാണ്. അവര്‍ എങ്ങനെ കെ.എസ്.യുവിന്റെ സമരത്തിനെത്തി? 30 വയസും 600 മാസവും പ്രായമുള്ള ഉമ്മന്‍ ചാണ്ടിയാണ് കെ.എസ്.യു സമരം നയിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

ഇടതുപ്രസ്ഥാനങ്ങള്‍ക്കെതിരെ നുണപ്രചരിപ്പിക്കുന്നവരെ പരസ്യവിചാരണ ചെയ്ത് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിനേയും ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയേയും കുറിച്ചുള്ള വിജരാഘവന്റെ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more